ഷൊറണൂര്‍: അവസാനനിമിഷം ഓടിക്കിതച്ചെത്തിയെങ്കിലും വോട്ടുചെയ്യാനാവാതെ മടങ്ങി. വോട്ടര്‍ എത്തിയത് അറിയാതെ പ്രിസൈഡിങ് ഓഫീസര്‍ കണ്‍ട്രോള്‍ യൂണിറ്റ് നിര്‍ത്തിയിരുന്നു. വൈകീട്ട് അഞ്ചിന് പോലീസ് ഗെയ്റ്റ് അടയ്ക്കുന്നതിന് മുന്‍പായാണ് ഭര്‍ത്താവിനോടൊപ്പം വീട്ടമ്മ വോട്ടിടാനെത്തിയത്.
സ്‌കൂള്‍വളപ്പില്‍ക്കയറി ഇവര്‍ ബൂത്തിലെത്തുമ്പോഴേക്കും കണ്‍ട്രോള്‍ യൂണിറ്റ് നിര്‍ത്തലാക്കിയിരുന്നു. വിവരമറിഞ്ഞ് റിട്ടേണിങ് ഓഫീസറും പോലീസും സ്ഥലത്തെത്തി. എന്നാല്‍, ബൂത്ത് ഏജന്റുമാരുടെ അനുവാദത്തോടെയാണ് കണ്‍ട്രോള്‍ യൂണിറ്റ് അടച്ചതെന്നായിരുന്നു പ്രിസൈഡിങ് ഓഫീസറുടെ വിശദീകരണം. അതോടെ, സമ്മതിദാനാവകാശം ഉപയോഗിക്കാനാവാതെ മടങ്ങേണ്ടിവന്നു.
പത്താംവാര്‍ഡിലെ ഒരു വോട്ടറുടെ തിരിച്ചറിയല്‍കാര്‍ഡ് സ്വീകാര്യമല്ലെന്ന് ബൂത്ത് ഏജന്റ് ചൂണ്ടിക്കാട്ടിയത് വാക്കേറ്റത്തിന് കാരണമായി. പ്രിസൈഡിങ് ഓഫീസര്‍ ഇടപെട്ട് പ്രശ്‌നം പരിഹരിച്ചാണ് വോട്ടെടുപ്പ് തുടര്‍ന്നത്.