പാലക്കാട് : മുന്‍ മഹാരാഷ്ട്രാഗവര്‍ണറും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ. ശങ്കരനാരായണന്‍ പാലക്കാട് നഗരസഭയിലെ ശേഖരീപുരം വാര്‍ഡിലാണ് സമ്മതിദാനാവകാശം രേഖപ്പെടുത്തിയത്. രാവിലെ പത്തുമണിയോടെ എ.ജെ.ബി.എല്‍.പി. സ്‌കൂളിലെ ബൂത്തിലെത്തി അദ്ദേഹം വോട്ടുചെയ്തു. മുന്‍ മന്ത്രിയും സി.പി.എം. നേതാവുമായ ടി. ശിവദാസമേനോന്‍ പറക്കുന്നം ഗവ. എല്‍.പി. സ്‌കൂളില്‍ വോട്ടുചെയ്തു.
മഹാകവി അക്കിത്തം ഇത്തവണ സമ്മതിദാനാവകാശം ഉപയോഗിച്ചില്ല. ശരീരസുഖമില്ലാത്തതിനാലാണ് അദ്ദേഹം വോട്ടുചെയ്യാന്‍ പോവാതിരുന്നതെന്ന് മകന്‍ അക്കിത്തം നാരായണന്‍ പറഞ്ഞു.
സി.പി.എം. കേന്ദ്രകമ്മിറ്റിയംഗം എ.കെ. ബാലന്‍ എം.എല്‍.എ. പാലക്കാട് പറക്കുന്നം ഗവ. എല്‍.പി. സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തി. ഭാര്യ ആരോഗ്യവകുപ്പ് റിട്ട. ഡയറക്ടര്‍ ഡോ. ജമീലാബാലനും ഒപ്പമുണ്ടായിരുന്നു.
മുന്‍ എം.പി.യും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ വി.എസ്. വിജയരാഘവന്‍ എരിമയൂര്‍ മിഷന്‍സ്‌കൂളിലെ ബൂത്തില്‍ കുടുംബസമേതമെത്തി വോട്ട് ചെയ്തു. സി.പി.എം. ജില്ലാ സെക്രട്ടറി സി.കെ. രാജേന്ദ്രന്‍ കിഴക്കഞ്ചേരി മമ്പാട് സി.എ.യു.പി. സ്‌കൂളിലും മുന്‍മന്ത്രി വി.സി. കബിര്‍ വടക്കഞ്ചേരി ചെറുപുഷ്പം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും വോട്ട് രേഖപ്പെടുത്തി.
മുന്‍മന്ത്രിയും സി.പി.െഎ. നേതാവുമായ കെ.ഇ. ഇസ്മയില്‍ കിഴക്കഞ്ചേരി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വോട്ട് ചെയ്തു. ഡി.സി.സി. പ്രസിഡന്റ് സി.വി. ബാലചന്ദ്രന്‍ ചാലിശ്ശേരി പഞ്ചായത്തിലെ വില്ലേജോഫീസ് ബൂത്തിലാണ് വോട്ടുചെയ്തത്.
സംവിധായകന്‍ അനില്‍രാധാകൃഷ്ണമേനോന്‍ ഒറ്റപ്പാലം ഈസ്റ്റ് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ബൂത്തില്‍ കുടുംബസമേതമെത്തി വോട്ട് ചെയ്തു. സംവിധായകന്‍ ലാല്‍ ജോസ് വിദേശത്തായതിനാല്‍ ഇത്തവണ സമ്മതിദാനാവകാശം വിനിയോഗിക്കാനായില്ല. എം. ഹംസ എം.എല്‍.എ. പടിഞ്ഞാര്‍ക്കര എല്‍.പി. സ്‌കൂളിലാണ് വോട്ട് രേഖപ്പെടുത്തിയത്. സി.പി. മുഹമ്മദ് എം.എല്‍.എ. കരിങ്ങനാട് ഓറിയന്റല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും ഷാഫി പറമ്പില്‍ എം.എല്‍.എ. പോക്കുപ്പടി ഓങ്ങല്ലൂരിലെ സാമൂഹികാരോഗ്യ കേന്ദ്രത്തിലും വോട്ട് ചെയ്തു.
ആലത്തൂര്‍ എംഎല്‍.എ. എം. ചന്ദ്രന്‍ കപ്പൂര്‍പഞ്ചായത്തിലെ വെള്ളാളൂര്‍ എം.എം.എ.ജെ.ബി.സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തി. വി. ചെന്താമരാക്ഷന്‍ എം.എല്‍.എ. ആലത്തൂര്‍ നാലാംവാര്‍ഡിലെ ഗുരുകുലം ഹൈസ്‌കൂളിലാണ് വോട്ടുചെയ്തത്. തൃത്താല എം.എല്‍.എ. വി.ടി. ബല്‍റാമും കുടുംബവും പട്ടിത്തറ പഞ്ചായത്തിലെ ഒതളൂര്‍ അങ്കണവാടിയിലും കോങ്ങാട് എം.എല്‍.എ. കെ.വി. വിജയദാസും കുടുംബവും കാക്കത്തോട് ജി.ഡബ്ല്യു.എല്‍.പി.സ്‌കൂളിലും വോട്ട് രേഖപ്പെടുത്തി. മണ്ണാര്‍ക്കാട് എം.എല്‍.എ. എന്‍. ഷംസുദ്ദീന്‍ വോട്ട് ചെയ്തത് തിരൂര്‍ പാച്ചാത്തിരി എല്‍.പി. സ്‌കൂളിലാണ്. കെ. അച്യുതന്‍ എം.എല്‍.എ. തത്തമംഗലം ആറാംപാടം അങ്കണവാടിയില്‍ വോട്ട് രേഖപ്പെടുത്തി.
ബി.ജെ.പി. ജില്ലാ പ്രസിഡന്റും പാലക്കാട് നഗരസഭ 18-ാം വാര്‍ഡ് സ്ഥാനാര്‍ഥിയുമായ സി. കൃഷ്ണകുമാര്‍ അയ്യപ്പുരം 15-ാം വാര്‍ഡിലെ കല്പാത്തി എല്‍.പി. സ്‌കൂളില്‍ വോട്ട് ചെയ്തു. ബി.ജെ. പി. ദേശീയ നിര്‍വാഹകസമിതിയംഗവും 46-ാം വാര്‍ഡ് സ്ഥാനാര്‍ഥിയുമായ എന്‍. ശിവരാജന്‍ ആര്‍.ബി. കൂടം സ്‌കൂളിലാണ് വോട്ട് ചെയ്തത്.