പാലക്കാട്: കല്യാണം കഴിക്കുന്നതിന്റെപേരില്‍ വോട്ട് കളയാന്‍ തയ്യാറായിരുന്നില്ല ഇവരൊന്നും. സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ കതിര്‍മണ്ഡപത്തില്‍നിന്ന് നേരെ പോളിങ് ബൂത്തില്‍ നവദമ്പതിമാരെത്തിയ കാഴ്ച ഇക്കുറിയും തിരഞ്ഞെടുപ്പിലുണ്ടായി.
അതുല്യ ചന്ദ്രന്‍ കതിര്‍മണ്ഡപത്തില്‍നിന്ന് എത്തിയത് ചെറിയച്ഛന് വോട്ടുചെയ്യാനാണ്. പെരുവെമ്പ് പഞ്ചായത്തിലെ കിഴക്കേത്തറ 10-ാംവാര്‍ഡ് സ്ഥാനാര്‍ഥിയായ പ്രേംകുമാറിന്റെ ജ്യേഷ്ഠന്റെ മകളാണ് അതുല്യ. പെരുവെമ്പ് സി.എ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് രാവിലെതന്നെ അതുല്യ വോട്ടുചെയ്യാനെത്തിയത്. വരന്‍ നിഥിന്റെ ബൂത്ത് കൊടുവായൂരാണ്. എന്നാലും അതുല്യയ്ക്കുകൂട്ടായി നിഥിന്‍ ഒപ്പമുണ്ടായിരുന്നു. ചന്ദ്രകലാധരന്റെയും ജയശ്രീയുടെയും മകളാണ് അതുല്യ. രാമദാസിന്റെയും രത്‌നകുമാരിയുടെയും മകനാണ് നിഥിന്‍.
പൂമാലയണിഞ്ഞ് നവവധുവിന്റെ കൈപിടിച്ച് വോട്ടുചെയ്യാന്‍ വരനെത്തിയത് മരുതറോഡിലാണ്. കല്ലേപ്പുള്ളി സ്വദേശിയായ അനില്‍കുമാറാണ് കതിര്‍മണ്ഡപത്തില്‍നിന്ന് മരുതറോഡ് പഞ്ചായത്തിലെ ഓട്ടൂര്‍ത്തറ അങ്കണവാടിയില്‍ വോട്ടുചെയ്യാനെത്തിയത്. ഉച്ചയ്ക്കുശേഷം തിരക്കുകുറഞ്ഞ സമയമായതിനാല്‍ അധികസമയം ക്യൂവില്‍നിന്ന് വിയര്‍ക്കേണ്ടിവന്നില്ല നവവരന്. പട്ടിക്കര സ്വദേശിയായ വിദ്യയാണ് വധു. കല്യാണത്തിരക്കിലായതിനാല്‍ വിദ്യയ്ക്ക് വോട്ടുചെയ്യാന്‍ സാധിച്ചില്ല.
വ്യാഴാഴ്ച വിവാഹിതരായ ഐശ്വര്യയും മണികണ്ഠനും തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ മറന്നില്ല. വിവാഹത്തിനുശേഷം ഐശ്വര്യ പോയത് പിരായിരി ഗ്രാമപ്പഞ്ചായത്ത് പത്താംവാര്‍ഡിലെ ബൂത്തായ പിരായിരി എല്‍.പി. സ്‌കൂളിലാണ്. ഐശ്വര്യ വോട്ടുചെയ്‌തെന്നുറപ്പുവരുത്തിയശേഷം വരന്‍ മണികണ്ഠന്‍ അകത്തേത്തറ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വോട്ടുചെയ്തു.
അഞ്ചുമൂര്‍ത്തിമംഗലം വേണാട്ടുകളപറമ്പ് രാജേഷും പോളിങ് ബൂത്തിലെത്തിയത് കതിര്‍മണ്ഡപത്തില്‍നിന്നാണ്. പഴനിയിലെ അമ്പലത്തില്‍ വ്യാഴാഴ്ചയായിരുന്നു രാജേഷിന്റെ വിവാഹം. പത്തരയ്ക്ക് താലികെട്ടുകഴിഞ്ഞ് ഫോട്ടോയ്ക്കും സത്കാരത്തിനും അധികം സമയം കളയാതെ വധു ബുവനേശ്വരിയെയുംകൂട്ടി മംഗലത്തേക്ക് പുറപ്പെട്ടു. മൂന്നുമണിയോടെ വിവാഹവേഷത്തില്‍ത്തന്നെ മംഗലം ഗവ. എല്‍.പി. സ്‌കൂളിലെത്തി വോട്ടുചെയ്തു.