പാലക്കാട്: ഉച്ചയ്ക്കും രാത്രിയും ചെറുതായിചാറിയ മഴ പ്രവര്‍ത്തകരുടെ ആവേശം കെടുത്തിയില്ല. നെടുങ്കന്‍ പ്രസംഗങ്ങളില്ല. പറയാനുള്ളതത്രയും ചെറിയചെറിയ വാക്കുകളിലൊതുക്കി. വികസനത്തേക്കാളും മനസ്സിന് കൂടുതല്‍ തൃപ്തിതരുന്നത് സമൂഹത്തിലെ കരുതലിനായുള്ള ഇടപെടലുകളാണെന്ന അനുഭവസാക്ഷ്യം. യോഗങ്ങളിലെ ആവേശം വോട്ടാക്കിമാറ്റണമെന്ന നിര്‍ദേശം.
സി.പി.എമ്മിന്റെ അക്രമരാഷ്ട്രീയവും ബി.ജെ.പി.യുടെ വര്‍ഗീയ അജന്‍ഡയും അശാന്തിവിതയ്ക്കുമെന്ന മുന്നറിയിപ്പ്. യു.ഡി.എഫിന്റെ മുഖ്യ പ്രചാരകനെന്ന നിലയിലുള്ള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രചാരണത്തിന് പതിവുപോലെ അതിവേഗം തന്നെയായിരുന്നു.
ജില്ലയുടെ പടിഞ്ഞാറന്‍ അതിര്‍ത്തിയായ ചാലിശ്ശേരിമുതല്‍ തമിഴ്‌നാട് അതിര്‍ത്തിയായ കൊഴിഞ്ഞാമ്പാറവരെ നീണ്ട പര്യടനം. പ്രസംഗം കേള്‍ക്കാനെത്തിയവര്‍ക്കൊപ്പം നിവേദനങ്ങള്‍ കൈമാറാനെത്തിയവരും ഏറെ. ചാലിശ്ശേരിയില്‍ പറഞ്ഞുതുടങ്ങിയതുതന്നെ സമൂഹത്തില്‍വേണ്ട കരുതലിനെക്കുറിച്ചാണ്. എല്ലാ കാര്യത്തിനും തിരുവനന്തപുരത്തേക്ക് ഓടേണ്ട സ്ഥിതി മാറണം. ഇതിന് പ്രാദേശികതലത്തില്‍ ദുരിതാശ്വാസനിധി രൂപവത്കരിക്കുന്ന കാര്യം പ്രകടനപത്രികയില്‍ പറഞ്ഞത് എടുത്തുപറയുന്നു.
ലോട്ടറിയിലും വിദ്യാഭ്യാസപ്രശ്‌നത്തിലും ഇടതുമുന്നണിക്കെതിരെ കൃത്യമായ ആക്രമണം. മഹാത്മാഗാന്ധിയുടെ ഘാതകനെ ബഹുമാനിക്കാനുള്ള നീക്കത്തിനെതിരെ ശക്തമായ വാക്കുകള്‍.
ചാലിശ്ശേരിയില്‍ സ്ഥാനാര്‍ഥികളെ മുഖ്യമന്ത്രിതന്നെ പരിചയപ്പെടുത്തി. ചാലിശ്ശേരിയിലും പട്ടാമ്പിയിലും എം.എല്‍.എ. മാരായ വി.ടി. ബല്‍റാമും സി.പി. മുഹമ്മദും ഭരണനേട്ടങ്ങള്‍ വിശദീകരിച്ചു. ചെര്‍പ്പുളശ്ശേരിയില്‍ മരയ്ക്കാര്‍ മാരായമംഗലം ഉള്‍പ്പെടെയുള്ള മുസ്ലിംലീഗ് നേതാക്കളായി ആ റോളില്‍.
ഉച്ചയ്ക്കുശേഷം അയിലൂര്‍ പഞ്ചായത്തിലെ അടിപ്പെരണ്ടയിലും എരിമയൂരും മാത്തൂരും യോഗങ്ങള്‍ കഴിയുമ്പോഴേക്ക് സന്ധ്യമയങ്ങിയിരുന്നു. പാലക്കാട് നഗരസഭയിലെ പുതുപ്പള്ളിത്തെരുവില്‍ ആവേശം മുദ്രാവാക്യങ്ങളായി. പുതുശ്ശേരിയിലും കൊഴിഞ്ഞാമ്പാറയിലും തിരക്കിന് കുറവുണ്ടായില്ല. എം.എല്‍.എ. മാരായ കെ. അച്യുതന്‍, ഷാഫി പറമ്പില്‍, ഡി.സി.സി. പ്രസിഡന്റ് സി.വി. ബാലചന്ദ്രന്‍, മുന്‍ എം.പി. വി.എസ്. വിജയരാഘവന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് സി.എ.എം.എ. കരീം, ജില്ലാ ഭാരവാഹികള്‍, ഘടകകക്ഷിനേതാക്കള്‍, കെ.പി.സി.സി., ഡി.സി.സി. ഭാരവാഹികള്‍ തുടങ്ങിയവര്‍ വിവിധ സ്ഥലങ്ങളില്‍ പ്രസംഗിച്ചു.