പാലക്കാട്: കേരളത്തിലെ ബി.ജെ.പി.ക്കുള്ള അനുകൂലതരംഗം കണ്ട് ഭ്രാന്തുപിടിച്ച അവസ്ഥയിലാണ് കോണ്‍ഗ്രസ്സും സി.പി.എമ്മുമെന്ന് ബി.ജെ.പി. ദേശീയസെക്രട്ടറി എച്ച്. രാജ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉണ്ടാകാന്‍പോകുന്ന രാഷ്ട്രീയമാറ്റത്തിന്റെ തുടക്കം പാലക്കാട്ടുനിന്നാവുമെന്നാണ് പ്രതീക്ഷ. കല്പാത്തിയില്‍ തിരഞ്ഞെടുപ്പുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബി.ജെ.പി. നേതൃത്വത്തിലുള്ള സഖ്യത്തെ ജനങ്ങള്‍ പ്രതീക്ഷയോടെയാണ് കാണുന്നത്. മോദി സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ പൂര്‍ണമായും കേരളത്തിലെ ജനങ്ങള്‍ക്ക് ലഭിക്കാന്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. സ്ഥാനാര്‍ഥികള്‍ ജയിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇടത്-വലത് മുന്നണികള്‍ കേരളത്തില്‍ മാറിമാറി ഭരിച്ച് ജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടുകളാണുണ്ടാക്കിയത്. ഫണ്ടുകള്‍ യഥാസമയം തദ്ദേശ സ്ഥാപനങ്ങളില്‍ എത്തിക്കാനോ കിട്ടിയാല്‍ത്തന്നെ ചെലവഴിക്കാനോ താത്പര്യമില്ലാത്ത മുന്നണികളുടെ കൈയില്‍നിന്ന് കേരളത്തെ രക്ഷിക്കേണ്ട ബാധ്യത ജനങ്ങള്‍ക്കാണെന്നും അദ്ദേഹം പറഞ്ഞു. വി.എസ്. മുത്തുസ്വാമി അധ്യക്ഷനായി. സുഭാഷ്, സ്ഥാനാര്‍ഥികളായ ശാന്തകുമാര്‍, ജയന്തി രാമനാഥന്‍, ശ്രീമതി എന്നിവര്‍ സംസാരിച്ചു. നടുവക്കാട്ടുപാളയം, തൊണ്ടികുളം, തിരുനെല്ലായി എന്നിവിടങ്ങളിലെ ബി.ജെ.പി. തിരഞ്ഞെടുപ്പുയോഗങ്ങളും എച്ച്. രാജ ഉദ്ഘാടനംചെയ്തു.