യു.ഡി.എഫ്. നില മെച്ചപ്പെടുത്തിയ തിരഞ്ഞെടുപ്പായിരുന്നു 2010-ലേത്. 2005-ൽ ജില്ലാപഞ്ചായത്തിലെ 29 ഡിവിഷനുകളിൽ 28-ഉം നേടിയത് എൽ.ഡി.എഫാണ്. 2010-ൽ എൽ.ഡി.എഫിന് നേടാനായത് 18 എണ്ണം. യു.ഡി.എഫ്. ഒന്നിൽനിന്ന് പതിനൊന്നിലേക്ക് നില മെച്ചപ്പെടുത്തി. 

2005-ൽ 13 ബ്ലോക്ക് പഞ്ചായത്തുകളിൽ 12-ഉം നേടിയ എൽ.ഡി.എഫ്. കഴിഞ്ഞതവണ എട്ടിടത്തേക്ക് ചുരുങ്ങി. 
2005-ൽ 91 പഞ്ചായത്തുകളിൽ 67-ൽ ഇടതുമുന്നണിയും 18-ൽ യു.ഡി.എഫും ഭരണത്തിലെത്തിയപ്പോൾ ആറ് പഞ്ചായത്തുകളിൽ ആർക്കും ഭൂരിപക്ഷമില്ലായിരുന്നു. ഇന്ദിരാകോൺഗ്രസ് ജില്ലയിൽ 35 സീറ്റുകൾ നേടിയിരുന്നു. ഇന്ദിരാ കോൺഗ്രസ്സിന്റെ നിലപാട് ഇടതുമുന്നണിക്കാണ് തുണയായത്. 

2010-ൽ 91 ഗ്രാമപ്പഞ്ചായത്തുകളുള്ളതിൽ എൽ.ഡി.എഫ്. 47-ലേക്ക് ചുരുങ്ങിയപ്പോൾ യു.ഡി.എഫ്. 37-ൽ ഭരണത്തിലെത്തി. ഏഴിടത്ത് ആർക്കും ഭൂരിപക്ഷമില്ല. പിന്നീട് രാഷ്ട്രീയമാറ്റത്തെത്തുടർന്ന് മൂന്ന് പഞ്ചായത്തുകൾ എൽ.ഡി.എഫിനൊപ്പമായി. 

ബി.ജെ.പി.ക്ക് 2005-ൽ 19 പഞ്ചായത്തുകളിലായി 27 സീറ്റാണ്‌ ഉണ്ടായിരുന്നത്. പാലക്കാട് നഗരസഭയിൽമാത്രം എട്ടുസീറ്റ് നേടി. 2010-ൽ 20-ലേറെ പഞ്ചായത്തുകളിൽ സാന്നിധ്യം തെളിയിച്ച പാർട്ടി 44 സീറ്റ് നേടി. പാലക്കാട് നഗരസഭയിൽ 15 സീറ്റ് നേടി. ഒറ്റപ്പാലം, ഷൊറണൂർ നഗരസഭകളിലും മൂന്നുസീറ്റ് വീതം നേടി. 

2010-ൽ യു.ഡി.എഫിന്റെ മികച്ച പ്രകടനം എന്നതിനെക്കാൾ സി.പി.എമ്മിനകത്തെ വിമതരുടെ കരുത്തും വിഭാഗീയതയും നിലവിലുണ്ടായിരുന്ന ഭരണസമിതികളുടെ മോശം പ്രകടനവുമൊക്കെയാണ് ഇടതുമുന്നണിക്ക് എതിരായത്. കണ്ണാടിപോലെ സി.പി.എം. എക്കാലത്തും കുത്തകയാക്കിവെച്ച പഞ്ചായത്തുകളും കൈവിട്ടു. ഷൊറണൂരിൽ എം.ആർ. മുരളിയുടെ നേതൃത്വത്തിലുള്ള ജനകീയ വികസനസമിതിയാണ് പാർട്ടിക്ക് വൻ തിരിച്ചടിയായത്. ഒറ്റപ്പാലത്തും വിമതശക്തിയിൽ പാർട്ടി വീണു. എന്നാൽ, കാലാവധി അവസാനിക്കുമ്പോൾ ഭരണം രണ്ടിടത്തും ഇടതിനാണ്. ജനതാദൾ(യു) യു.ഡി.എഫിലെത്തിയത് ചിറ്റൂർ മേഖലയിലുൾപ്പെടെ യു.ഡി.എഫിന് അനുകൂലമായി.

ഇക്കുറി ജില്ലയിലെ പഞ്ചായത്തുകളുടെ എണ്ണം 91-ൽനിന്ന് 88 ആയി. നഗരസഭകൾ നാലിൽനിന്ന് ഏഴായി. ജില്ലാ പഞ്ചായത്ത് ഡിവിഷനുകളുടെ എണ്ണം മുപ്പതായി. 88 പഞ്ചായത്തുകളിലായി 1490 വാർഡുകളിലേക്കും 13 ബ്ലോക്ക് പഞ്ചായത്തുകളിലെ 183 ഡിവിഷനുകളിലേക്കും ജില്ലാ പഞ്ചായത്തിലേക്കും ഏഴ് നഗരസഭകളിലേക്കുമാണ് തിരഞ്ഞെടുപ്പ്. 
എസ്.എൻ.ഡി.പി.ക്ക് പൊതുവിൽ വേരോട്ടമുള്ള ജില്ലയാണ് പാലക്കാട്. നേതൃനിരയിൽ ചെറിയ പങ്ക് മറ്റുപാർട്ടികളുടെ നേതാക്കളാണെങ്കിലും യോഗം പ്രവർത്തകരുടെ നിലപാട് തിരഞ്ഞെടുപ്പിനെ സ്വാധീനിക്കും.