കക്ഷിനില (2010)
സി.പി.എം.-13
സി.പി.ഐ.-2
കോണ്‍ഗ്രസ്-5
സി.എം.പി.-2
 
 
വിസ്തൃതിയില്‍ ജില്ലയില്‍ രണ്ടാംസ്ഥാനത്താണ് കിഴക്കഞ്ചേരി പഞ്ചായത്ത്. തിരുവിതാംകൂര്‍, കൊച്ചി എന്നിവിടങ്ങളില്‍നിന്ന് ആയിരത്തോളം കര്‍ഷകര്‍ കുടിയേറിപ്പാര്‍ത്തിട്ടുള്ള കിഴക്കഞ്ചേരി പഞ്ചായത്തിനെ തിരുകൊച്ചിയുടെ ചെറുപതിപ്പായും വിശേഷിപ്പിക്കാം.

വാദം
*മലയോരപ്രദേശങ്ങളിലുള്‍പ്പെടെ മികച്ചറോഡുകള്‍ നിര്‍മിക്കാന്‍ കഴിഞ്ഞു.
*16 കോടി ചെലവിട്ട് പഞ്ചായത്തിലെ 266 റോഡുകള്‍ ടാറിങും കോണ്‍ക്രീറ്റും നടത്തി.
*കേടുപാട് സംഭവിക്കുന്ന റോഡുകള്‍ കാലതാമസമില്ലാതെ നന്നാക്കി.
*ഭക്ഷ്യ-നാണ്യ-സുഗന്ധ വിളകളാല്‍ സമ്പന്നമായ കിഴക്കഞ്ചേരിയുടെ കാര്‍ഷിക വികസനത്തിനായി വിവിധ പദ്ധതികള്‍വഴി സഹായം നല്‍കി. ജൈവകൃഷി വ്യാപിപ്പിക്കുന്നതിനായി 263 അയല്‍ക്കൂട്ടങ്ങള്‍വഴി ആയിരത്തിലധികം വീടുകളില്‍ കൃഷിക്ക് തുടക്കമിട്ടു.
മലമ്പ്രദേശങ്ങളിലുള്‍പ്പെടെ കുടിവെള്ളവും വൈദ്യുതിയും എത്തിക്കാന്‍ സാധിച്ചു. പാലക്കുഴിയില്‍ തിണ്ടില്ലം വെള്ളച്ചാട്ടത്തെ ഉപയോഗപ്പെടുത്തി ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തില്‍ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ ചെറുകിടജലവൈദ്യുതപദ്ധതി മുതല്‍ക്കൂട്ടാകും.
വിവിധ ഐ.പി.പി. സെന്ററുകള്‍ പുതുക്കിപ്പണിതത് ആരോഗ്യരംഗത്ത് പുത്തനുണര്‍വ് നല്‍കി. പാലിയേറ്റീവ് കെയറിന്റെ സേവനം ആഴ്ചയില്‍ മൂന്നുദിവസമാക്കി.
പഞ്ചായത്ത് കെട്ടിടം കൂടുതല്‍ സൗകര്യത്തോടെ പുതുക്കിപ്പണിതു. ഫ്രണ്ട് ഓഫീസില്‍ ടച്ച് സ്‌ക്രീന്‍, ഹൈസ്​പീഡ് സ്‌കാനര്‍, ക്യൂ സിസ്റ്റം എന്നിവ കൊണ്ടുവന്നു.

പ്രതിവാദം
പഞ്ചായത്തിന്റെ കുടിവെള്ളപദ്ധതി സമ്പൂര്‍ണ പരാജയം. പൊക്കില്ലം, കൊന്നയ്ക്കല്‍ക്കടവ്, ചിറ്റ, പാണാംപരുത, മഞ്ഞലിക്കുളമ്പ് എന്നിവിടങ്ങളില്‍ കുടിവെള്ളകണക്ഷന്‍ നല്‍കാന്‍ സാധിച്ചിട്ടില്ല.
20 വര്‍ഷംമുമ്പ് തുടങ്ങിയ കണച്ചിപ്പരുത ടാങ്ക് നിര്‍മാണം ഇപ്പോഴും പാതിവഴിയില്‍. മാലിന്യ സംസ്‌കരണപദ്ധതികള്‍ നടപ്പാക്കാനായില്ല. ടെന്‍ഡര്‍നടപടികളിലും നിര്‍മാണത്തിലും അപാകം. ടെന്‍ഡര്‍ചെയ്ത് പണികഴിഞ്ഞ റോഡുകള്‍ പൊട്ടിപ്പൊളിഞ്ഞ നിലയില്‍. കരിങ്കയത്ത് നിര്‍മിച്ച തടയണ ഒരാഴ്ചയായപ്പോഴേക്കും തകര്‍ന്നു.
പൊതുകുളങ്ങള്‍ നവീകരണം നടത്താതെ നശിക്കുന്നു. മാനദണ്ഡങ്ങള്‍ ലംഘിച്ച് നിലംനികത്തല്‍ അനുവദിച്ചുകൊടുക്കുന്നു. വ്യക്തിഗത ആനുകൂല്യങ്ങള്‍ നല്‍കുന്നത് അര്‍ഹരല്ലാത്തവര്‍ക്ക്.

ഗ്രാമസഭകളില്‍ വരുന്ന നിര്‍ദേശങ്ങള്‍ നടപ്പാക്കാറില്ല. ഭരണകക്ഷി മെമ്പര്‍മാരുടെ പാര്‍ട്ടിക്കാര്‍ക്കും സ്വന്തക്കാര്‍ക്കും ആനുകൂല്യം നല്‍കുന്നു. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ നടന്ന അക്രമസംഭവത്തില്‍ പഞ്ചായത്ത് പ്രസിഡന്റിന്റെപേരില്‍ വധശ്രമത്തിന് കേസ് വന്നത് പഞ്ചായത്തിന് കളങ്കമായി.
തീവ്രമായ സ്വജനപക്ഷ നിലപാടോടെ പദ്ധതികള്‍ നടപ്പാക്കിയത് വികസനം മുരടിക്കാനിടയാക്കി.

നിഷ്പക്ഷ ദൃഷ്ടി
സമഗ്രവികസനം കൊണ്ടുവരാന്‍ സാധിച്ചു.
റോഡ് വികസനം, കുടിവെള്ളം, കാര്‍ഷികമേഖല, ക്ഷീരവ്യവസായം, കോളനികളുടെ പുനരുദ്ധാരണം തുടങ്ങി ഏറെക്കുറെ എല്ലാമേഖലകളിലും വലിയ പരാതികളും ആരോപണങ്ങളുമില്ലാതെ വികസനമെത്തിക്കാന്‍ പഞ്ചായത്തിന് കഴിഞ്ഞതായി പാലക്കാട് കോക്കനട്ട് പ്രൊഡ്യൂസേഴ്‌സ് കമ്പനിമെമ്പറും കിഴക്കഞ്ചേരി നാളികേര ഉത്പാദക ഫെഡറേഷന്‍ സെക്രട്ടറിയുമായ ബേബി ചെറിയാന്‍ പറയുന്നു. ചൂരുപാറ, പാലക്കുഴി തുടങ്ങിയ മലമ്പ്രദേശങ്ങളില്‍ വൈദ്യുതിയും കുടിവെള്ളവും എത്തിക്കാനായത് പഞ്ചായത്തിന്റെ നേട്ടമാണ്. കൂടുതല്‍ എം.എല്‍.എ., എം.പി., ബ്ലോക്ക്പഞ്ചായത്ത് ഫണ്ടുകള്‍ നേടിയെടുക്കാനും നല്ലരീതിയില്‍ വിനിയോഗിക്കാനും പഞ്ചായത്തിന് സാധിച്ചതായി ബേബി ചെറിയാന്‍ പറഞ്ഞു.

വിസ്തൃതി-112.56 ച.കി.മീ.
ജനസംഖ്യ-40,928
സ്ത്രീകള്‍-20,767
പുരുഷന്മാര്‍-20,161
വാര്‍ഡുകള്‍-22
ഭരണകക്ഷി
എല്‍.ഡി.എഫ്.-15
പ്രതിപക്ഷം
യു.ഡി.എഫ്.-7