എലവഞ്ചേരി: തുടര്‍ച്ചയായി സി.പി.എം. ഭരിക്കുന്ന എലവഞ്ചേരി ഗ്രാമപ്പഞ്ചായത്തില്‍ ഇപ്രാവശ്യം വീറുറ്റ പോരാട്ടമാണ്. പഞ്ചായത്തിന്റെ മുഴുവന്‍ പ്രദേശങ്ങളിലും വികസനമെത്തിക്കാന്‍ കഴിഞ്ഞതിനാല്‍ തിരഞ്ഞെടുപ്പില്‍ മേല്‍ക്കോയ്മ ലഭിക്കുമെന്ന് എല്‍.ഡി.എഫ്. അവകാശപ്പെടുന്നു. വികസനമുരടിപ്പിലുള്ള പ്രതിഷേധം ഗുണംചെയ്യുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്. വികസനം ചൂണ്ടിക്കാട്ടി ബി.ജെ.പി.യും രംഗത്തുണ്ട്.
കഴിഞ്ഞ ഭരണസമിതിയില്‍ സി.പി.എമ്മിന് ഒമ്പതും കോണ്‍ഗ്രസ്സിന് അഞ്ചും സീറ്റുകളാണുണ്ടായിരുന്നത്. ഇപ്രാവശ്യം എല്‍.ഡി.എഫില്‍ സി.പി.എം. 13 സീറ്റില്‍ മത്സരിക്കുമ്പോള്‍ ഒരിടത്ത് സ്വതന്ത്രനെ നിര്‍ത്തിയിട്ടുണ്ട്. യു.ഡി.എഫില്‍ 12 വാര്‍ഡുകളില്‍ കോണ്‍ഗ്രസ്സും ഒരെണ്ണത്തില്‍ യു.ഡി.എഫ്. സ്വതന്ത്രയും മത്സരിക്കുന്നു. ഒരുസീറ്റ് ജനതാദളിന് (യു) നല്‍കിയിട്ടുണ്ട്.
മുന്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ. ശിവരാമന്‍, മുന്‍ ബ്ലോക്ക് പഞ്ചായത്തംഗം പി.എന്‍. വിശ്വനാഥന്‍, ഡി.വൈ. എഫ്. ഐ. നേതാവ് കെ. രാജേഷ്, ദമയന്തി, കെ. സുബ്രഹ്മണ്യന്‍ എന്നിവരാണ് ഇടതുമുന്നണിയിലെ പ്രമുഖര്‍. മുന്‍ പഞ്ചായത്തംഗങ്ങളായ കെ.ആര്‍. പത്മകുമാര്‍, വി. ചന്ദ്രന്‍, ആര്‍. ശിവദാസന്‍, സുപ്രിയ ബാലന്‍, ജി. മുരളീധരന്‍ തുടങ്ങിയവരാണ് യു.ഡി.എഫിലെ പ്രധാനികള്‍. എ. ഗിരീഷ്, എം. നന്ദകുമാര്‍, പി.പി. ശിവപ്രസാദ് എന്നിവര്‍ ബി.ജെ.പി.യിലെ പ്രമുഖരാണ്