ചിറ്റില്ലഞ്ചേരി: സാക്ഷരതയില്‍ മുന്‍പന്തിയിലാണെങ്കിലും നിരക്ഷരരെപ്പോലെ വിരലടയാളം പതിച്ച് വോട്ട് രേഖപ്പെടുത്തേണ്ടി വന്നതിന്റെ ജാള്യത്തിലായിരുന്നു മേലാര്‍കോട്ടെ സമ്മതിദായകര്‍. വോട്ടര്‍മാര്‍ ഒപ്പുവെയ്‌ക്കേണ്ട രജിസ്റ്ററില്‍ പലര്‍ക്കും ഒപ്പു വെയ്ക്കാനായില്ല. മേലാര്‍കോട് ഗ്രാമപ്പഞ്ചായത്തിലെ മിക്ക ബൂത്തിലും ഉദ്യോഗസ്ഥര്‍ വോട്ടര്‍മാരെക്കൊണ്ട് രജിസ്റ്ററില്‍ വിരലടയാളം പതിപ്പിക്കുകയാണ് ചെയ്തത്.
തിരിച്ചറിയല്‍ രേഖ പരിശോധിച്ചുകഴിഞ്ഞാല്‍ ഉടന്‍ ഉദ്യോഗസ്ഥര്‍തന്നെ വോട്ടര്‍മാരുടെ കൈവിരല്‍ മഷിയില്‍ മുക്കി രജിസ്റ്ററില്‍ പതിപ്പിക്കുകയായിരുന്നു. പോളിങ് വേഗത്തിലാക്കാനാണ് ഇങ്ങനെ ചെയ്തതെന്നാണ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്. പേരെഴുതി ഒപ്പിടാമെന്ന് എടുത്തുപറഞ്ഞവര്‍ക്ക് മാത്രമാണ് രജിസ്റ്ററില്‍ ഒപ്പ് രേഖപ്പെടുത്താന്‍ അനുമതി നല്‍കിയത്.