കാത്തിരിപ്പിനൊടുവില്‍ ഫലം പുറത്തുവന്നപ്പോള്‍ പാലക്കാട് സാക്ഷ്യം വഹിച്ചത് എല്‍ഡിഎഫിന്റെ ശക്തമായ തിരിച്ചു വരവിനും ബിജെപിയുടെ തേരോട്ടത്തിനുമാണ്. മികച്ച വിജയം ലക്ഷ്യമിട്ടായിരുന്നു ഇരുമുന്നണികളും ഒപ്പം ബി.ജെപിയും പാലക്കാട് പോരാടിയത്. മുന്‍തിരഞ്ഞെടുപ്പില്‍ നടത്തിയ മുന്നേറ്റം നിലനിര്‍ത്തുകയായിരുന്നു യു.ഡി.എഫിന്റെ ലക്ഷ്യമെങ്കില്‍, പരമ്പരാഗതമായി ഇടതിനെ തുണയ്ക്കുന്ന പാലക്കാടന്‍ മണ്ണില്‍ ഒരു മികച്ച വിജയമാണ്  എല്‍.ഡി.എഫ്. മോഹിച്ചത,് തിരുവനന്തപുരവും കാസര്‍ഗോഡും പോലെ  സ്വാധീനമുള്ള ഇടമെന്ന നിലയില്‍ വലിയ സാധ്യതകളാണ് ബിജെപിയും പാലക്കാടില്‍ സ്വപ്‌നം കണ്ടത്. പക്ഷേ ഫലം വന്നപ്പോള്‍ യു.ഡി.എഫിന് മാത്രം നിരാശ ബാക്കിയായി, സ്വന്തം തട്ടകത്തില്‍ വന്‍തിരിച്ചു വരവ് നടത്തിയത് ഇടത് കേന്ദ്രങ്ങള്‍ക്ക് ആഹഌദിക്കാന്‍ വക തരുന്നുവെങ്കിലും ബദ്ധവൈരികളായ ബി.ജെ.പി ഇടത് കോട്ടകളിലടക്കം നടത്തിയ മുന്നേറ്റം വിജയാരവങ്ങളിലും അവരെ നിരാശപ്പെടുത്താന്‍ പോന്നതാണ്. 

ആകെയുള്ള 88 ഗ്രാമപഞ്ചായത്തുകളില്‍ 67 ഉം, 31 ബ്ലോക്ക് പഞ്ചായത്തില്‍ 11ഉം, ജില്ലാ പഞ്ചായത്തിലെ 30 സീറ്റില്‍ 27ഉം തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിലെ എല്‍.ഡി.എഫിന്റെ പ്രകടനത്തെ ഒറ്റനോട്ടത്തില്‍ ഇങ്ങനെ സംഗ്രഹിക്കാം. ജില്ലാ,ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളില്‍ എല്ലായിടത്തും ശക്തമായി തിരിച്ചു വരാന്‍ ഇക്കുറി എല്‍ഡിഎഫിന് സാധിച്ചിട്ടുണ്ട്. പരമ്പരാഗതമായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളെ പിന്തുണയ്ക്കുന്ന പാലക്കാടന്‍ ഗ്രാമങ്ങളില്‍ കഴിഞ്ഞ തവണയുണ്ടായ തിരിച്ചടിയുടെ ക്ഷീണം ഉജ്വലമായ തിരിച്ചു വരവിലൂടെ അവര്‍ തീര്‍ത്തിരിക്കുന്നു. മുന്‍തവണ 36 ഓളം ഗ്രാമപഞ്ചായത്തുകളില്‍ അധികാരം പിടിച്ച യു.ഡിഎഫിനെ പത്തൊന്‍പത് പഞ്ചായത്തുകളിലേക്ക് ചുരുക്കിയതും, ജില്ലാ പഞ്ചായത്തിലെ മുപ്പത് സീറ്റുകളിലും ഇരുപത്തിയേഴിലും വിജയിച്ചതും എല്‍ഡിഎഫ് ക്യാംപിനെ ശരിക്കും ത്രസിപ്പിക്കുന്ന നേട്ടങ്ങളാണ്. വിഭാഗീയ  പ്രശ്‌നങ്ങളുടെ പേരില്‍ വിവാദങ്ങള്‍ സൃഷ്ടിക്കപ്പെട്ട ഷൊര്‍ണ്ണൂരില്‍ പാര്‍ട്ടി സ്വീകരിച്ച നിലപാടുകളെ സാധൂകരിക്കുന്നതാണ് ഷൊര്‍ണ്ണൂര്‍ മുന്‍സിപ്പാലിറ്റിയില്‍ പാര്‍ട്ടി നേടിയ വിജയം. സിപിഐയും ജനതാദള്‍ എസും അവരുടെ സ്വാധീനമേഖലകളില്‍ സീറ്റു പിടിച്ചിട്ടുണ്ടെങ്കിലും എല്‍.ഡിഎഫ് അക്കൗണ്ടിലെ സിംഹഭാഗം സീറ്റുകളും സിപിഎം തന്നെയാണ് നേടിയെടുത്തത്. എല്‍ഡിഎഫ് അധികാരം പിടച്ച പല പഞ്ചായത്തുകളിലും സിപിഎമ്മിന് തന്നെ ഒറ്റയ്ക്ക ഭരിക്കാനുള്ള ഭൂരിപക്ഷവുമുണ്ട്. 

പഞ്ചായത്തുകള്‍ വിട്ടു മുന്‍സിപ്പിലാറ്റികളിലേക്ക് വരുമ്പോള്‍ ശക്തമായ ത്രികോണ മത്സരത്തിന്റെ ചിത്രമാണ് പാലക്കാട് തെളിയുന്നത്. പുതുതായി രൂപം കൊണ്ട മൂന്ന് മുന്‍സിപ്പിലാറ്റികള്‍ അടക്കം ഏഴ് മുന്‍സിപ്പിലാറ്റികളിലേക്കാണ് ഇത്തവണ തിരഞ്ഞെടുപ്പ് നടന്നത,് ഇവയില്‍ നാലിലും ഇക്കുറി ഭരിക്കാനുള്ള ഭൂരിപക്ഷം ആര്‍ക്കുമില്ല. പാലക്കാട് നഗരസഭയിലും മറ്റും സിപിഎമ്മും ബി.ജെ.പിയും തമ്മിലുള്ള പോരാട്ടമായിരുന്നു ഇത്തവണ. മുന്‍പേ തന്നെ ശക്തമായ സ്വാധീനമുള്ള പാലക്കാട് ടൗണില്‍ ബി.ജെ.പിയ്ക്ക് ഈ തവണ ഭരണം നഷ്ടമായത് നേരിയ വ്യത്യാസത്തില്‍ മാത്രമാണ്. കാസര്‍ഗോഡിന് പുറത്തും ബിജെപി ഭരിക്കുന്ന പഞ്ചായത്തുകളും മുന്‍സിപ്പിലാറ്റികളും ഉണ്ടാക്കുമെന്ന് തിരഞ്ഞെടുപ്പിന് മുന്‍പ് ബി.ജെപി നേതാക്കള്‍ ആവര്‍ത്തിച്ചു പറഞ്ഞത് പാലക്കാട് ടൗണടക്കുമള്ള ബിജെപി ശക്തികേന്ദ്രങ്ങള്‍ കൂടി മുന്നില്‍ കണ്ടായിരുന്നു. എന്തായാലും കേരളത്തിന്റെ ഇതരഭാഗങ്ങളിലെന്ന പോലെ ജില്ലയിലെ നാല് മുന്‍സിപ്പിലാറ്റികളും ചില ഗ്രാമപഞ്ചായത്തുകളിലും ഇടതിനും വലതിനും ഭരണം കൈവിട്ടു പോകാന്‍ ഭരണം ബി.ജെ.പിയുടെ പിടിച്ച സീറ്റുകളാണ് . ബി.ജെ.പി വിജയിച്ച സീറ്റുകളില്‍ പലതും യു.ഡി.എഫിന്റെ സിറ്റിംഗ് സീറ്റുകളാണെങ്കിലും, ബിജെപി സ്ഥാനര്‍ത്ഥികളുടെ വിജയത്തില്‍ പരാജയം രുചിച്ച പ്രമുഖരെല്ലാം സിപിഎമ്മുകാരാണ്. ശക്തമായ മത്സരം നടന്ന പാലക്കാട് മുന്‍സിപ്പിലിറ്റിയിലെ കൊപ്പം വാര്‍ഡില്‍ സിപിഎമ്മിന്റേയും കോണ്‍ഗ്രസ്സിന്റേയും പ്രമുഖ നേതാക്കളായ അരവിന്ദാക്ഷനേയും പി.വി.രാജേഷിനേയും തോല്‍പിച്ച് ജയിച്ചു കയറിയത് ബി.ജെ.പി സംസ്ഥാനസമിതി അംഗം കൃഷ്ണകുമാറാണ്. 

മത്സരിച്ച പ്രമുഖരില്‍ സിപിഎം വിട്ട് കോണ്‍ഗ്രസ്സിലേക്ക് പോയി പിന്നീട് പാര്‍ട്ടിയിലേക്ക് തിരിച്ചു വന്ന മുന്‍ എംപി എസ് ശിവരാമന്‍ ഇത്തവണ ലക്കിടി പേരൂര്‍ പഞ്ചായത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ജയിച്ചിട്ടുണ്ട്. എന്നാല്‍  മുന്‍ സിപിഎം എം.എല്‍.എമാരായ എം.നാരയണനും, പി.കെ നൗഷാദും പരാജയം രുചിച്ചു. ഇവരെ കൂടാതെ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ കെ.നന്ദകുമാറും, കെ.ടി സത്യനും, ഏരിയകമ്മിറ്റി അംഗം സുലേഖയും തിരഞ്ഞെടുപ്പില്‍ പരാജയമറിഞ്ഞു. സിപിഎം വിട്ട് കോണ്‍ഗ്രസ്സ് ടിക്കറ്റില്‍ മത്സരിച്ച മുന്‍ പഞ്ചായത്ത് അധ്യക്ഷ കെ.ബി സ്വയംപ്രഭയും ജില്ലയിലെ പരാജയപ്പെട്ട പ്രമുഖരുടെ പട്ടികയിലുണ്ട്. അതേസമയം മുന്‍ എം.എല്‍.എയും കോണ്‍ഗ്രസ്സ് നേതാവുമായ എ.വി ഗോപിനാഥ് പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിടുണ്ട്.  സ്വതന്ത്ര്യസ്ഥാനാര്‍ത്ഥിയുടെ മരണത്തെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് മാറ്റി വച്ച ചെര്‍പ്പുള്ളശ്ശേരി മുന്‍സിപ്പാലിറ്റിയിലെ 21ാം വാര്‍ഡ് കൂളിയാടില്‍ അടുത്ത ആറ് മാസത്തിനുള്ള റീഇലക്ഷന്‍ ഉണ്ടാവും, ചെര്‍പ്പുള്ളശ്ശേരിയില്‍ യുഡിഎഫ് ഭരിക്കാനാവശ്യമായ ഭൂരിപക്ഷം ഇതിനോടകം നേടിയ സ്ഥിതിക്ക് ഈ ഫലം ഭരണത്തെ ഭരണസമിതിയെ ബാധിക്കില്ല.