കനത്ത മഴ; എടവാണി ഒറ്റപ്പെട്ടു


അഗളി: ഇതുവരെ അട്ടപ്പാടിയില്‍ കാണാത്തവിധം സുരക്ഷാ സംവിധാനങ്ങളായിരുന്നു ഈ തിരഞ്ഞെടുപ്പിനുവേണ്ടി പോലീസ് ഒരുക്കിയത്. മാവോവാദികള്‍ തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള സാധ്യത കണക്കിലെടുത്തായിരുന്നു ഇത്. വനാതിര്‍ത്തിയിലെ 18 അതീവ പ്രശ്‌നബാധിത ബൂത്തുകളില്‍ ബുധനാഴ്ചമുതല്‍തന്നെ സുരക്ഷ ഒരുക്കിയിരുന്നു. ബുധനാഴ്ച രാത്രിമുതല്‍ പെയ്ത കനത്തമഴ ഉച്ചവരെ വോട്ടര്‍മാരെ ബൂത്തുകളില്‍നിന്ന് അകറ്റി. ഉച്ചയ്ക്കുശേഷമാണ് പോളിങ് ഉയര്‍ന്നത്.
വോട്ടിങ് യന്ത്രത്തിന്റെ തകരാര്‍മൂലം ഷോളയൂരില്‍ ഒരുമണിക്കൂറോളം പോളിങ് നിര്‍ത്തിവെച്ചതൊഴികെ മറ്റ് തടസ്സങ്ങളൊന്നുംതന്നെ ഉണ്ടായില്ല. കനത്തമഴയും മാവോവാദി ഭീഷണിയും വകവെയ്ക്കാതെ തുടുക്കി, ഗലസി, മേലേഭൂതയാര്‍, തുടങ്ങിയ വനാന്തരങ്ങളിലെ ആദിവാസി ഊരുകളില്‍നിന്ന് വോട്ടര്‍മാര്‍ ബുധനാഴ്ച തന്നെ ആനവായ് പോളിങ് സ്റ്റേഷനുകളിലേക്കെത്തിയിരുന്നു.
ബന്ധുവീടുകളില്‍ അന്തിയുറങ്ങി വോട്ടുചെയ്തവര്‍, ഇത്തവണ ജയിക്കുന്നവരെങ്കിലും കാടുകയറി തങ്ങളെ കാണാനെത്തുമോ എന്ന ചോദ്യവുമായാണ് മടങ്ങിയത്.
അഗളി:
വിദൂര കുറുമ്പ ആദിവാസി കോളനികളായ എടവാണി, താഴെഭൂതയാര്‍, ചെമ്പുവട്ടക്കാട് എന്നിവിടങ്ങളിലെ വോട്ടര്‍മാരെ ബൂത്തുകളിലേക്കെത്തിച്ചത് സായുധസേനയുടെയും നാട്ടുകാരുടെയും മണിക്കൂറുകള്‍ നീണ്ട ശ്രമഫലമായാണ്. കനത്തമഴയില്‍ വരഗാര്‍ പുഴയിലെ ജലനിരപ്പുയര്‍ന്നതിനെത്തുടര്‍ന്ന് ഈ ഗ്രാമങ്ങള്‍ ഒറ്റപ്പെട്ടിരുന്നു. 203 വോട്ടര്‍മാരാണ് ഈ മേഖലയിലുള്ളത്.
പുഴയ്ക്ക് മറുകരെ അരളിക്കോണം അങ്കണവാടിയായിരുന്നു പോളിങ് ബൂത്ത്. വോട്ടുചെയ്യാനെത്തി മറുകര കടക്കാനാവാതെ പുലര്‍ച്ചെമുതല്‍ ഉച്ചവരെ സ്ത്രീകളടക്കം മടങ്ങിപ്പോയിരുന്നു. ആരോഗ്യമുള്ള പുരുഷന്‍മാര്‍ മാത്രമാണ് പുഴ കടന്ന് വോട്ടുചെയ്യാനെത്തിയത്.
തുടര്‍ന്ന്, പോലീസിന്റെയും ദ്രുതപ്രതികരണ സേനയുടെയും നാട്ടുകാരുടെയും ശ്രമഫലമായി വടം കൊണ്ടുവന്ന് പുഴയ്ക്കുകുറുകെ കെട്ടിനിര്‍ത്തിയശേഷം ആളുകളെ പുഴ കടത്തി ട്രാക്ടറുകളില്‍ പോളിങ് ബൂത്തില്‍ എത്തിക്കയായിരുന്നു. 2013ല്‍ മാവോവാദികളെത്തി ഇവിടെനിന്ന് ഭക്ഷ്യസാധനങ്ങള്‍ കൊണ്ടുപോയിരുന്നു.