വൈദ്യുതി മുടങ്ങിയത് വോട്ടര്‍മാരെ വിഷമിപ്പിച്ചു


വടക്കഞ്ചേരി:
വണ്ടാഴി, കിഴക്കഞ്ചേരി, വടക്കഞ്ചേരി, കണ്ണമ്പ്ര, പുതുക്കോട് പഞ്ചായത്തുകളിലായി 81 ശതമാനം പോളിങ്.
വടക്കഞ്ചേരിയില്‍ മാത്രമാണ് 80 ശതമാനത്തില്‍താഴെ -78.75 ശതമാനം. പുതുക്കോട് -83, കണ്ണമ്പ്ര -83, വണ്ടാഴി -82, കിഴക്കഞ്ചേരി -81 എന്നിങ്ങനെയാണ് പോളിങ് ശതമാനം.
ഇളവംപാടത്ത് വോട്ടിങ് യന്ത്രം അല്പനേരം പണിമുടക്കി; വൈകാതെ നേരെയാക്കി. രാവിലെ ഒരുമണിക്കൂറോളം വൈദ്യുതി വന്നും പോയും ഇരുന്നത് പോളിങ് വൈകിപ്പിച്ചു. മഴമൂലമുള്ള മങ്ങിയവെളിച്ചം വോട്ടിങ് യന്ത്രത്തിലെ ചിഹ്നങ്ങളും പേരുകളും തിരിച്ചറിയാന്‍ പ്രയാസമുണ്ടാക്കി. പലരും മൊബൈല്‍ ഫോണിലെ ലൈറ്റ് ഉപയോഗിച്ചാണ് വോട്ടുചെയ്തത്.
എട്ട് മണി കഴിഞ്ഞപ്പോള്‍ വൈദ്യുതിതടസ്സം നീങ്ങി. പുതുക്കോട്ടും പരുവാശ്ശേരിയിലും ഓപ്പണ്‍ വോട്ട് ചെയ്യുന്നത് സംബന്ധിച്ച് വാക്കേറ്റമുണ്ടായി. പുതുക്കോട് അഞ്ചുമുറി ജി.എം.എല്‍.പി. സ്‌കൂളില്‍ പ്രായമായവര്‍ക്കുവേണ്ടി സ്ഥിരമായി ഒരുസഹായിതന്നെ വോട്ടുചെയ്യാന്‍ ശ്രമിച്ചതാണ് തര്‍ക്കത്തിനിടയാക്കിയത്.
കൂടുതല്‍ ആളുകള്‍ എത്തിയതോടെ ബഹളമായി. ഉടന്‍, എസ്.ഐ. ആര്‍. സുജിത് കുമാറിന്റെ നേതൃത്വത്തില്‍ പോലീസെത്തി ബഹളക്കാരെ വിരട്ടിയോടിച്ചു. പരുവാശ്ശേരിയിലും സമാനമായ സംഭവമുണ്ടായി. പോലീസെത്തി നിയന്ത്രിക്കുകയും ചെയ്തു. മംഗലംഡാമില്‍ വോട്ടര്‍മാരെ എത്തിക്കുന്നതിനായി ഒരു വണ്ടി നിരവധിതവണ ട്രിപ്പ് അടിച്ചതിനെച്ചൊല്ലിയും വാക്കേറ്റമുണ്ടായി. തെക്കേപ്പൊറ്റയില്‍ ബൂത്തിനുസമീപം ഫ്ലക്‌സുകള്‍ സ്ഥാപിക്കാന്‍, വിവിധ പാര്‍ട്ടി പ്രവര്‍ത്തകര്‍ തമ്മില്‍ മത്സരിച്ചത് തര്‍ക്കത്തിന് കാരണമായി.