മലപ്പുറം: ആണായിപ്പിറന്നതിനെ പഴിച്ച് സീറ്റുമോഹികള്‍ പരക്കംപായുമ്പോള്‍ മഹിളകള്‍ പലരും ഉള്‍വലിയുകയാണ്. സ്ഥാനാര്‍ഥികളെ പിടിക്കാന്‍ പാര്‍ട്ടിക്കാര്‍ വീട്ടില്‍ കയറിയിറങ്ങുമ്പോള്‍ വേറെന്തുചെയ്യും?  രാഷ്ട്രീയം വശമില്ലെന്നു പറഞ്ഞാലും രക്ഷയില്ല.
സംവരണം വന്ന് വര്‍ഷം പലത് കഴിഞ്ഞിട്ടും സ്ത്രീകളില്‍ 'കസേരക്കൊതി'  വളര്‍ന്നിട്ടില്ലെന്നാണ് നേതാക്കളുടെ സങ്കടം. പാട്ടുംപാടി ജയിക്കാവുന്ന സീറ്റുകളില്‍പ്പോലും വനിതാ സ്ഥാനാര്‍ഥികളെ കിട്ടുന്നില്ല. പാര്‍ട്ടി ഏതായാലും സ്ഥിതി ഭിന്നമല്ല.
അതിനിടെ, അരങ്ങിലുള്ള പലരും അടുക്കളയിലേക്ക് മടങ്ങുകയും ചെയ്യുന്നുണ്ട്. ഒന്നും രണ്ടും തവണ പഞ്ചായത്തംഗങ്ങളായവര്‍ ഇത്തവണ ഒഴിവാക്കിത്തരണമെന്ന് ആവശ്യപ്പെടുന്നു. പാര്‍ട്ടി കുടുംബത്തില്‍ നിന്നുതന്നെ 'ഒഴിവുകഴിവ്' കേള്‍ക്കുമ്പോള്‍ നേതാക്കള്‍ക്ക് എങ്ങനെ സഹിക്കും?

പഠനം മുതല്‍ പ്രവാസം വരെ
സ്ഥാനാര്‍ഥി യാകാതിരിക്കാന്‍ വനിതകള്‍ പയറ്റുന്ന അടവുകള്‍ പലതാണ്. മലപ്പുറത്തെ തീരദേശ പഞ്ചായത്തിലെ അംഗം പഠനത്തിരക്കാണ് കാരണംപറഞ്ഞത്. സംഗതി ശരിയാണ്. അഞ്ചുവര്‍ഷം 'ഭരിച്ചുമടുത്ത' അവര്‍ ബി.എഡ്ഡിന് ചേര്‍ന്നു. മറ്റൊരംഗം രക്ഷതേടി അധ്യാപനത്തിനുമിറങ്ങി.
തിരഞ്ഞെടുപ്പ് കാലത്ത് നാടുവിട്ടവരുമുണ്ട്. സ്ഥാനാര്‍ഥിയെ ഉറപ്പിക്കാന്‍ നേതാക്കള്‍ വീട്ടിലെത്തിയപ്പോഴാണ് കാര്യമറിഞ്ഞത്. മെമ്പര്‍ ഗള്‍ഫിലുള്ള ഭര്‍ത്താവിന്റെ അടുത്തേക്ക് പറന്നു. തടി കാക്കാന്‍ വിസിറ്റിങ് വിസ തരപ്പെടുത്തുകയായിരുന്നു.

ഇപ്പോള്‍ ഡമ്മി, പിന്നെ മമ്മി
 'കുട്ടികളുണ്ട്', 'വീട്ടില്‍ ആളില്ല' എന്നിങ്ങനെയാണ് സ്ഥാനാര്‍ഥിയാകാന്‍ താത്പര്യമില്ലാത്ത വനിതകളുടെ സ്ഥിരം പ്രതികരണം. സ്വന്തക്കാരടക്കം പലരും നിര്‍ബന്ധിച്ചപ്പോഴാണ് ഒരു കുടുംബിനി രഹസ്യം വെളിപ്പെടുത്തിയത്. 'വിശേഷമുണ്ട്, പ്രചാരണത്തിനിറങ്ങാനാകില്ല'. നല്ലതുവരട്ടെ എന്നാശംസിച്ച് പടിയിറങ്ങാനേ നേതാക്കള്‍ക്കായുള്ളൂ.
പത്രിക നല്‍കാന്‍ ഒരുദിവസംമാത്രം ബാക്കിനില്‍ക്കെ, ഡമ്മിയെന്ന് പറഞ്ഞാണ് ചില സ്ത്രീകളുടെ ഒപ്പ് വാങ്ങിയത്. പിന്‍വലിക്കാനുള്ള ദിവസത്തിന് മുമ്പ് കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്താമെന്നാണ് പാര്‍ട്ടിക്കാരുടെ പ്രതീക്ഷ. പ്രചോദിപ്പിക്കാന്‍ ഇന്ദിരാഗാന്ധി അടക്കമുള്ളവരുടെ ജീവിതവും പറയുന്നുണ്ട്. ഏതായാലും 'മമ്മി'യായി ഒതുങ്ങാന്‍ നിര്‍ബന്ധം പിടിക്കുന്നവര്‍ക്ക് പകരക്കാരെ കണ്ടെത്താനുള്ള നെട്ടോട്ടമായിരിക്കും ബുധനാഴ്ച.