തിരഞ്ഞെടുപ്പ് പോരാട്ടത്തിന് ചൂടേറുമ്പോള്‍ ഇടത്, വലത് മുന്നണികളുടെ മുഖ്യപ്രചാരകരായി 
പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും രംഗത്തെത്തിക്കഴിഞ്ഞു

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പുള്ള നിര്‍ണായക രാഷ്ട്രീയപ്പോരാട്ടത്തില്‍ ഒരിക്കല്‍കൂടി മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും നേര്‍ക്കുനേര്‍ വരുന്നു. യു.ഡി.എഫിന്റെ പ്രധാന പ്രചാരകന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ഇടതുമുന്നണിയുടെ മുഖ്യ പ്രചാരകന്‍ പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനുമാണ്. ഇരുവരും ഭൂരിഭാഗം ജില്ലകളിലും പര്യടനം നടത്തി പരമാവധി കണ്‍വെന്‍ഷനുകളില്‍ പങ്കെടുക്കും. 

92ാം വയസ്സിലേക്ക് കടക്കുന്ന വി.എസ്. 11 ജില്ലകളില്‍ പ്രചാരണത്തിനെത്തും. കോടിയേരി ബാലകൃഷ്ണനും പ്രചാരണത്തില്‍ മുന്‍പിലുണ്ട്. പിണറായി വിജയന്‍ ഒമ്പതും എം.എ. ബേബി ആറും എസ്. രാമചന്ദ്രന്‍പിള്ള നാലും ജില്ലകളിലെ പ്രചാരണത്തില്‍ പങ്കാളികളാകും. 

ഉമ്മന്‍ചാണ്ടി കാസര്‍കോട്ടുനിന്ന് പ്രചാരണം തുടങ്ങി. എല്ലാ ജില്ലകളിലും പ്രചാരണം നടത്തും. കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്‍, മന്ത്രി രമേശ് ചെന്നിത്തല എന്നിവരും സംസ്ഥാനത്തുടനീളം പ്രചാരണം നടത്തും. അവസാന റൗണ്ടില്‍ എ.കെ. ആന്റണിയും രംഗത്തിറങ്ങും. യു.ഡി.എഫിനെ നയിക്കുന്നത് മുഖ്യമന്ത്രിയായിരിക്കുമെന്ന കാര്യത്തില്‍ സംശയമുണ്ടായിരുന്നില്ല. 
ഈ തിരഞ്ഞെടുപ്പും ഭരണത്തിന്റെ വിലയിരുത്തലാണെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി ചുമതല സ്വയം വെളിപ്പെടുത്തി. എന്നാല്‍, സി.പി.എമ്മില്‍ പാര്‍ട്ടി നേതൃത്വവുമായുള്ള അഭിപ്രായഭിന്നത നിലനിന്നിരുന്നതിനാല്‍ വി.എസ്. പ്രധാന പ്രചാരകനാകുമോ എന്ന് സംശയമുണ്ടായിരുന്നു. എസ്.എന്‍.ഡി.പി.ബി.ജെ.പി. കൂട്ടുകെട്ട് വന്നതോടെ വി.എസ്. അനിഷേധ്യനായി മാറി. ഈ കൂട്ടുകെട്ടിനെതിരെ ശക്തമായ അക്രമണവുമായി അദ്ദേഹം കളംനിറഞ്ഞു. 

എസ്.എന്‍.ഡി.പി. യോഗം നേതൃത്വത്തെ ആക്രമിക്കുകയും വിശ്വാസികളെ ഒപ്പംനിര്‍ത്തുകയും ചെയ്യണമെന്നതാണ് പാര്‍ട്ടിതന്ത്രം. ഏറെ നാളുകള്‍ക്കുശേഷം പാര്‍ട്ടി നേതൃത്വത്തിന്റെയും വി.എസ്സിന്റെയും അഭിപ്രായം ഒന്നായിമാറുന്ന സാഹചര്യമാണിത്. വെള്ളാപ്പള്ളി നടേശനെ കടന്നാക്രമിച്ച് വി.എസ്. പോരാട്ടത്തിന് മൂര്‍ച്ചകൂട്ടി. എസ്.എന്‍.ഡി.പി. യോഗത്തിന്റെ കണക്കുകള്‍ ഓഡിറ്റ് ചെയ്യണമെന്നും മൈക്രോഫിനാന്‍സിലെ ക്രമക്കേട് അന്വേഷിക്കണമെന്നും വി.എസ്. ആവശ്യപ്പെട്ടു. പിന്നാലെ സ്വാമി ശാശ്വതികാനന്ദയുടെ മരണത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലും വി.എസ്. ഏറ്റുപിടിച്ചു. 

വികസനവും അഴിമതിയും കഴിഞ്ഞാല്‍ രാഷ്ട്രീയവിഷയങ്ങളില്‍ ഏറ്റവുമധികം ചര്‍ച്ചചെയ്യപ്പെടുക ബി.ജെ.പി.യുടെ രാഷ്ട്രീയ പരീക്ഷണമായതിനാല്‍ വി.എസ്സിന്റെ പ്രചാരണം ചൂടുപിടിക്കും. സര്‍ക്കാറിന്റെ വികസന പ്രവര്‍ത്തനങ്ങളാണ് മുഖ്യമന്ത്രിയുടെ പ്രധാന വിഷയം. വിഴിഞ്ഞം തുറമുഖം, സ്മാര്‍ട്ട് സിറ്റി, േെമട്രാറെയില്‍, കണ്ണൂര്‍ വിമാനത്താവളം, വിവിധ ബൈപ്പാസുകള്‍, മെഡിക്കല്‍ കോളേജുകള്‍, എയ്ഡഡ് കോളേജുകള്‍ എന്നിങ്ങനെയാണ് യു.ഡി.എഫ്. മുന്നോട്ടുെവക്കുന്ന വികസനപ്പട്ടിക. വിവിധ തരം ക്ഷേമ നടപടികളും എടുത്തുകാട്ടുന്നു. 

ഇവയെ അഴിമതിയാരോപണങ്ങള്‍ ചൂണ്ടിക്കാട്ടി പ്രതിപക്ഷം പ്രതിരോധിക്കും. ബാര്‍ കോഴ മുതല്‍ ഈ പട്ടികയിലുണ്ട്. ബി.ജെ.പി.എസ്.എന്‍.ഡി.പി. ബന്ധത്തെ തത്ത്വത്തില്‍ എതിര്‍ക്കുമെങ്കിലും സി.പി.എമ്മിന്റെയത്ര കടുത്ത നിലപാട് യു.ഡി.എഫ്. സ്വീകരിക്കില്ല. ഈ ബന്ധത്തിലൂടെ സി.പി.എമ്മിന് നഷ്ടമാകുന്ന വോട്ടുകള്‍ യു.ഡി.എഫിന്റെ ലാഭമായി മാറുമെന്നാണ് അവരുടെ കണക്കുകൂട്ടല്‍. 

ഈ തിരഞ്ഞെടുപ്പിലെ ജയപരാജയങ്ങള്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ നായകരെ നിശ്ചയിക്കുന്നതിലും നിര്‍ണായകമാകും. പാര്‍ട്ടി നേതൃത്വത്തിന്റെ വീഴ്ചകള്‍ പ്രതിപാദിക്കുന്ന അഭിമുഖം പാര്‍ട്ടിവിരുദ്ധ മാധ്യമത്തില്‍ വന്നപ്പോള്‍ അതിനെ എതിര്‍ത്ത് പ്രസ്താവനയിറക്കിയ വി.എസ്. പാര്‍ട്ടിക്കുള്ളിലും നിലപാടുറപ്പിക്കുന്നതിന്റെ സൂചനയാണ് നല്‍കുന്നത്. 

കഴിഞ്ഞ പാര്‍ട്ടി സംസ്ഥാനസമ്മേളന വേദിയില്‍ നിന്ന് ഇറങ്ങിപ്പോന്നതോ പകരംവീട്ടലായി സംസ്ഥാന കമ്മിറ്റിയില്‍ പോലും ഉള്‍പ്പെടുത്താഞ്ഞതോ ആയ അവസ്ഥയിലല്ല വി.എസ്. ഇപ്പോള്‍. അരുവിക്കരയില്‍ മുന്നില്‍നിന്ന് നയിച്ച അദ്ദേഹം ഇക്കുറിയും പാര്‍ട്ടിയുടെ പ്രധാന പ്രചാരകനായി മാറുകയാണ്.