എടപ്പാള്‍: വട്ടംകുളത്തിനെ വട്ടംകറക്കാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ് മുസ്തഫമാര്‍. നിലവിലെ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മുസ്തഫയാണെങ്കിലും അദ്ദേഹം ഈ കൂട്ടത്തിലൊന്നുംപെടാതെ ആദ്യംതന്നെ എട്ടാംവാര്‍ഡില്‍ സ്ഥാനംപിടിച്ചതുകൊണ്ട് ഈ കൂട്ടപ്പോരാട്ടത്തില്‍നിന്ന് രക്ഷപ്പെട്ടു .ഗ്രാമപ്പഞ്ചായത്തിലെ മൂന്നാംവാര്‍ഡായ ആറേക്കാവാണ് മുസ്തഫമാരുടെ പോരാട്ടംകൊണ്ട് നാടിന്റെ ശ്രദ്ധാകേന്ദ്രമാകുന്നത്.
വാര്‍ഡില്‍ ആകെയുള്ള ഒന്‍പതു സ്ഥാനാര്‍ഥികളില്‍ ആറുപേരും മുസ്തഫമാരായതോടെയാണ് ആറേക്കാവ് മുസ്തഫക്കാവായി മാറുന്നത്.

യു.ഡി.എഫ്. സ്വതന്ത്രനായി മത്സരിക്കുന്ന വള്ളിക്കാട്ടുവളപ്പില്‍ മുസ്തഫ (വി.വി.എം. മുസ്തഫ) മൊബൈല്‍ഫോണ്‍ ചിഹ്നത്തിലാണ് മത്സരിക്കുന്നത്. എന്നാല്‍ കോട്ടപ്പറമ്പില്‍ മുസ്തഫ (എഴുത്തുപെട്ടി), കോലക്കാട്ട് മുസ്തഫ (കുട), കുഴിമന മുസ്തഫ (ഫുട്‌ബോള്‍,) ചാക്കാട്ടുമുക്കില്‍ മുസ്തഫ (ടേബിള്‍ഫാന്‍,) പാലാട്ടുവളപ്പില്‍ മുഹമ്മദ് മുസ്തഫ (ടെലിവിഷന്‍) എന്നിങ്ങനെയാണ് യു.ഡി.എഫിനെതിരെ രംഗത്തിറങ്ങിയിട്ടുള്ള അപരന്മാര്‍. ശ്രീജ പാറയ്ക്കല്‍ എല്‍.ഡി.എഫിനും മഞ്ഞക്കാട്ട് ഗംഗാധരന്‍ ബി.ജെ.പിക്കുംവേണ്ടി ഇവിടെ രംഗത്തുണ്ട്. പഞ്ചായത്തില്‍ ഏറ്റവുമധികം സ്ഥാനാര്‍ഥികളുള്ളതും ഈ വാര്‍ഡിലാണ്.