എടപ്പാള്‍: 'നഫീസക്കുട്ടി പിന്നെ മറിയക്കുട്ടി....അമ്മിണിക്കുട്ടിയും അന്നമ്മക്കുട്ടി, വോട്ടുകള്‍ ചെയ്യാന്‍ പോകും അച്യുതന്‍കുട്ടി...' തിരഞ്ഞെടുപ്പുരംഗം കൊഴുക്കുംമുന്‍പെ ബാപ്പുവിന്റെ സ്റ്റുഡിയോവില്‍നിന്ന് ഇമ്പമേറിയ ഗാനങ്ങളൊഴുകാന്‍ തുടങ്ങി. ഒരാഴ്ചയ്ക്കകം കേരളത്തിലങ്ങോളമുള്ള തിരഞ്ഞെടുപ്പു പ്രചാരണവേദികളില്‍ ആളുകളെ ആകര്‍ഷിക്കാനുള്ള പാട്ടുകളുടെ പണിപ്പുരയിലാണ് പ്രവാസിയായ ബാപ്പു.
പ്രസിദ്ധ മാപ്പിളപ്പാട്ടുഗായകന്‍ തലമുണ്ടയിലെ എടപ്പാള്‍ ബാപ്പുവിന്റെ സ്റ്റുഡിയോവിലാണ് തദ്ദേശതിരഞ്ഞെടുപ്പിനുള്ള ആയിരത്തില്‍പ്പരം പാട്ടുകളുടെ റിക്കോര്‍ഡിങ് പൂര്‍ത്തിയായത്. കാസര്‍കോട് ഉപ്പഡ പഞ്ചായത്തിലെ സ്ഥാനാര്‍ഥിക്കു മുതല്‍ തലശ്ശേരി, കണ്ണൂര്‍, കോഴിക്കോട്, മഞ്ചേരി, തിരുവനന്തപുത്തെ കിളിമാനൂര്‍ തുടങ്ങിയ പഞ്ചായത്തുകളിലെ എല്ലാ മുന്നണികളിലെയും സ്ഥാനാര്‍ഥികള്‍ക്കുള്ള ഗാനങ്ങളാണ് ഇദ്ദേഹത്തിന്റെ ശബ്ദത്തില്‍ തയ്യാറായിട്ടുള്ളത്.
വന്നേരി സ്‌കൂളിലെ അധ്യാപകന്‍ ജോയ് മാധവാണ് സംഗീതസംവിധാനം. കോറസ് പാടാനായി വയനാടുള്ള സുറുമി, തിരുനാവായിലെ സുജ, ഇഷ്‌റത്ത് വണ്ടൂര്‍, രഞ്ജിനി എന്നിവരുമുണ്ട്. എച്ച്.എസ്. മുടിക്കോട്, ഒ.എം. കരുവാരക്കുണ്ട്, മന്‍സൂര്‍ കിളിനക്കോട് തുടങ്ങിയവരാണ് ഗാനരചയിതാക്കള്‍.
എതിര്‍സ്ഥാനാര്‍ഥികളെയോ പാര്‍ട്ടികളെയോ അപകീര്‍ത്തിപ്പെടുത്താതെ പാര്‍ട്ടി ചിഹ്നം പരിചയപ്പെടുത്തി, പരിപാടികള്‍ വിവരിച്ച് വോട്ടഭ്യര്‍ഥിക്കുന്ന രീതിയിലാണ് പാട്ടുകള്‍. സ്ഥാനാര്‍ഥിയുടെ അവസ്ഥയ്ക്കനുസരിച്ചാണ് പാട്ടിനുള്ള പ്രതിഫലം ബാപ്പു കൈപ്പറ്റാറുള്ളത്.
വിദേശത്ത് ഡ്രൈവറായിരുന്ന ബാപ്പു ഇപ്പോള്‍ നാട്ടില്‍ പാട്ടുകളുമായി സജീവമാണ്. ഇദ്ദേഹത്തിന്റെ പാട്ടുകേട്ട് ഇഷ്ടപ്പെട്ട് 2001 ല്‍ യു.എ.ഇ.യുടെ രാഷ്ട്രപിതാവ് ശൈഖ് ഗായിദ് സ്വന്തം കൊട്ടാരത്തിലേക്ക് വിളിച്ചുവരുത്തി പുരസ്‌കാരം നല്‍കിയിരുന്നു.