തൃശ്ശൂര്‍: 'ഹേയ് ചങ്ക്‌സ്  ഒരു വോട്ട്' വായില്‍ വഴങ്ങില്ലെങ്കിലും ചെയ്ത് ശീലമില്ലെങ്കിലും സമൂഹമാധ്യമങ്ങളിലെ ന്യൂ ജനറേഷനിലെത്താന്‍ സ്ഥാനാര്‍ത്ഥികള്‍ പരക്കംപാച്ചിലാണ്.
 സമൂഹമാധ്യമങ്ങള്‍വഴി വോട്ട് തേടാന്‍ വിവിധ പാര്‍ട്ടികള്‍ പ്രത്യേകം ഐ.ടി. സെല്ലുകള്‍തന്നെ സജജീകരിച്ചുകഴിഞ്ഞു.
ഇതുവരെയില്ലാത്തവിധം സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുന്നത് ബി.ജെ.പി. സ്ഥാനാര്‍ത്ഥികളാണ്. വാര്‍ഡുകളിലെ പ്രചാരണത്തിനായി ജില്ലാതലത്തില്‍ ഐ.ടി. ടീമുകള്‍ സജ്ജമായിക്കഴിഞ്ഞു. ഇവയുടെ പ്രവര്‍ത്തനം കേന്ദ്രീകരിക്കാന്‍ തിരുവനന്തപുരത്ത് പ്രത്യേകം ഐ.ടി. സെല്ലുമുണ്ട്. സംസ്ഥാനത്ത് മൂന്നൂറോളം വളന്റിയര്‍മാര്‍ക്ക് സോഷ്യല്‍ മീഡിയാ പ്രചാരണം സംബന്ധിച്ച് പരിശീലനം നല്‍കി. ഇവര്‍ വാര്‍ഡ് തലത്തിലുള്ള ഐ.ടി. കോഓര്‍ഡിനേറ്റര്‍മാര്‍ക്കായി ശില്പശാലകള്‍ നടത്തി.  നിലവിലെ രാഷ്ട്രീയ സാഹചര്യം പുതുതലമുറയിലേക്ക് എത്തിക്കുന്നതിനുള്ള മികച്ച മാര്‍ഗ്ഗമായാണ് പാര്‍ട്ടി ഇതിനെ കാണുന്നതെന്ന് സംസ്ഥാന ചീഫ്‌ െഎ.ടി. കോഓര്‍ഡിനേറ്റര്‍ എ.വി. ആനന്ദ് പറഞ്ഞു.

       പാര്‍ട്ടി വളന്റിയര്‍മാരുടെ കൂട്ടായ പ്രവര്‍ത്തനമാണ് സി.പി.എമ്മിന്റെ സമൂഹമാധ്യമങ്ങളിലെ ശക്തി. പ്രചാരണത്തിന് ചുമതല കീഴ്ഘടകങ്ങളിലെ അണികള്‍ക്കാണ്.  പ്രവാസി പ്രവര്‍ത്തകര്‍ മുഖേനയും പ്രചാരണം ഊര്‍ജിതമാക്കുന്നുണ്ട്.         പാര്‍ട്ടിയുടെ പോസിറ്റീവായ കാര്യങ്ങള്‍ ആളുകളിലേക്കെത്തിക്കുകയാണ് കോണ്‍ഗ്രസ്  സമൂഹമാധ്യമം വഴി ലക്ഷ്യം വെയ്ക്കുന്നത്. ഇതിനായി തിരഞ്ഞെടുത്ത ആളുകള്‍ക്ക് പ്രത്യേകം ഐ.ടി. സെല്‍ സെമിനാര്‍ നടത്തി. പാര്‍ട്ടിയുടെ നയങ്ങള്‍ വ്യക്തമാക്കുന്നതിനും മറ്റുള്ളവരുടെ തെറ്റായ നയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും വാട്‌സ് ആപ്പ്  ഗ്രൂപ്പും ആരംഭിച്ചതായി ഐ.ടി. സെല്‍ ചെയര്‍മാന്‍ രഞ്ജിത്ത് ബാലന്‍ പറഞ്ഞു.