പത്തനംതിട്ട: സംസ്ഥാനത്ത് ഇതാദ്യമായി വോട്ടര്‍മാരെ ബൂത്തില്‍ ചുമന്നെത്തിക്കാന്‍ സര്‍ക്കാര്‍ ഡോളി ഉപയോഗിച്ചു. പത്തനംതിട്ട നഗരസഭയിലെ മുണ്ടുകോട്ടയ്ക്കല്‍ എസ്.എന്‍.വി.എം.യു.പി.സ്‌കൂളിലെ ബൂത്താണ് ചരിത്രത്തില്‍ ഇടം നേടിയത്.
വോട്ടര്‍മാര്‍ക്ക് കയറിച്ചെല്ലാന്‍ ബുദ്ധിമുട്ടള്ളത്രയും ഉയരത്തിലാണ് ഈ ബൂത്ത്. ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്നാണ് ഈ ക്രമീകരണം തിരഞ്ഞെടുപ്പ് വിഭാഗം ഒരുക്കിയത്.
 ശബരിമലയിലെ ഡോളി ചുമക്കുന്നവര്‍തന്നെയാണ് ഇവിടെയും എത്തിയത്. 75 വോട്ടര്‍മാര്‍ ഈ സേവനം ഉപയോഗപ്പെടുത്തി. നാലുഡോളിയാണ് എത്തിച്ചത്.

വോട്ടര്‍മാര്‍ക്ക് ബാലികേറാമലയാണ് നഗരസഭ ആറാംവാര്‍ഡിലെ ഈ ബൂത്തെന്നുകാണിച്ച് സ്ഥാനാര്‍ഥി സജി കെ.സൈമണ്‍, മുതിര്‍ന്ന പൗരനായ സി.ഡി.ജോണ്‍ എന്നിവര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. 48 പടി കയറിവേണം ഇവിടെ ബൂത്തില്‍ എത്താന്‍.
 3ശാരീരികവിഷമം ഉള്ളവരെ കസേരയിലുംമറ്റും എടുത്തുകൊണ്ടാണ് മുമ്പ് വന്നിരുന്നത്. കയറ്റം കയറാന്‍ വിഷമമുള്ളതുകൊണ്ട് പലരും വോട്ട് ഒഴിവാക്കുകയും ചെയ്തിരുന്നു.