കണ്ണൂർ: കള്ളവോട്ടുകൾ ചർച്ചയാകാറുള്ള തിരഞ്ഞെടുപ്പിൽ ഇക്കുറി വിവാദമാകുന്നത് ഓപ്പൺവോട്ടുകൾ. മുൻ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് മലബാർ മേഖലയിലെ പല ബൂത്തുകളിലും ഓപ്പൺവോട്ട് വൻതോതിൽ കൂടിയതാണ് കാരണം.
ഇതിനുപിന്നിൽ ആസൂത്രിതമായ രാഷ്ട്രീയ നീക്കമുണ്ടെന്ന് ഉദ്യോഗസ്ഥർ തന്നെ പറയുന്നു. കണ്ണൂർ ജില്ലയിലാണ് ഇത് വ്യാപകം. കോഴിക്കോട്, കാസർകോട് ജില്ലകളിലും ഓപ്പൺവോട്ടിന്റെ എണ്ണം വൻതോതിൽ കൂടിയിട്ടുണ്ട്. വടകര താലൂക്കിലുള്ള ആയഞ്ചേരി പഞ്ചായത്തിലെ പത്താംവാർഡിൽ 18 ശതമാനമാണ് ഓപ്പൺ വോട്ട്. ചരിത്രത്തിൽ തന്നെ ആദ്യം. ഇവിടെ പോൾചെയ്ത 508 വോട്ടിൽ 90 എണ്ണവും ഈ വിഭാഗത്തിൽപ്പെടുന്നു. തൊട്ടടുത്ത ബൂത്തിൽ 80 ഓപ്പൺ വോട്ടുണ്ടായി. ഓപ്പൺ വോട്ടുകളുടെ എണ്ണം കൂടുന്നതുകണ്ട് പ്രിസൈഡിങ് ഓഫീസർ അതു റെക്കോഡ് ചെയ്യാൻ പറയുകയായിരുന്നു. അപ്പോൾ ഭീഷണിയുടെ സ്വരത്തിലാണ് വോട്ടർമാരെ കൊണ്ടുവന്നവർ പെരുമാറിയതെന്നു പറയുന്നു. വടകര താലൂക്കിലെ മിക്ക ബൂത്തുകളിലും അമ്പതുമുതൽ നൂറുവരെ ഓപ്പൺ വോട്ടുകൾ ചെയ്തിട്ടുണ്ട്.

കണ്ണു കാണാത്തവർ, പ്രായം കാരണം വയ്യാത്തവർ തുടങ്ങിയവരുടെ വോട്ടാണ് കൂടെവരുന്ന സഹായി ഓപ്പൺവോട്ടായി ചെയ്യുന്നത്. ഇതിന് പ്രിസൈഡിങ് ഓഫീസറുടെ അനുവാദം വേണം. ഇക്കുറി കണ്ണൂർ ജില്ലയിലെ പല ബൂത്തുകളിലും പ്രത്യേകിച്ചും പാർട്ടികളുടെ ശക്തികേന്ദ്രങ്ങളിൽ, കാര്യമായി ശാരീരികാവശതകളില്ലാത്ത 50 വയസ്സുള്ളവരുടെപോലും ഓപ്പൺ വോട്ട് ചെയ്യിച്ചു. വോട്ടർ നേരിട്ട് വോട്ടുചെയ്താൽ തങ്ങൾക്ക് കിട്ടാൻ സാധ്യതയില്ലാത്തവരുടേത്‌ ഓപ്പൺവോട്ട് ചെയ്യിക്കുകയായിരുന്നുവത്രെ.
കണ്ണൂരിൽ പെരിങ്ങോത്തെ ഒരു ബൂത്തിൽ ഓപ്പൺവോട്ട് ചെയ്യാനെത്തിയ വോട്ടർ പ്രിസൈഡിങ് ഓഫീസറുടെ മുന്നിൽ ഒപ്പിട്ട ശേഷം സഹായി വോട്ട് ചെയ്യാൻ പോയി. ഇക്കാര്യം ബി.ജെ.പി.യുടെ ഏജന്റ് എതിർത്തു. ഒപ്പിടാൻ കഴിയുമെങ്കിൽ സ്വന്തമായി ബട്ടൻ അമർത്തി വോട്ട് ചെയ്യാൻ പറ്റില്ലേ എന്നു ചോദിച്ചു. തർക്കം മൂത്തപ്പോൾ വോട്ടറായ സ്ത്രീ കരഞ്ഞു. ഇതോടെ പ്രിസൈഡിങ് ഓഫീസർ അനുമതി നൽകി.

ഇവിടെ തൊഴിലുറപ്പ് തൊഴിലാളികൾ പോലും ഓപ്പൺവോട്ട് ചെയ്യാനെത്തി. എന്താണ് അസുഖം എന്നു ചോദിച്ചാൽ കണ്ണ് കാണുന്നില്ല എന്നു പറയും. ഇത് പരിശോധിക്കാൻ സംവിധാനമില്ല. കള്ളവോട്ടുകൾക്ക് പകരം സി.പി.എം. ആസൂത്രിതമായി ഓപ്പൺവോട്ട് ഉപയോഗിച്ചതായി കോൺഗ്രസ് കുറ്റപ്പെടുത്തുമ്പോൾ ലീഗുകാരും ബി.ജെ.പി.ക്കാരും കോൺഗ്രസ്സുകാരും തങ്ങളുടെ ശക്തികേന്ദ്രങ്ങളിൽ പയറ്റിയതാണ് ഓപ്പൺവോട്ട് തന്ത്രങ്ങളെന്ന്‌ സി.പി.എം. കുറ്റപ്പെടുത്തുന്നു.
കണ്ണൂരിലെ ഏഴോം പഞ്ചായത്തിൽ പെട്ട ഒരു ബൂത്തിൽ 472 പേർ വോട്ട് ചെയ്തതിൽ 30 എണ്ണം ഓപ്പൺ വോട്ടായിരുന്നു. കരിവെള്ളൂരിെല പലയിടത്തും ഓപ്പൺവോട്ടുകളുടെ എണ്ണം വൻതോതിൽ കൂടി.

ഓപ്പൺ വോട്ട് എന്നപേരിൽ നടന്നത് യഥാർഥത്തിൽ പരോക്ഷമായ കള്ളവോട്ടാണെന്ന് ജില്ലയിലെ പല ഉദ്യോഗസ്ഥരും പറയുന്നു. പക്ഷേ, പേടികാരണം ആരും പരാതി നൽകുന്നില്ല. ചെറുകുന്ന് പഞ്ചായത്തിലെ ചില ബൂത്തുകളിൽ നൂറോളം ഓപ്പൺ വോട്ടുകൾ വന്നിട്ടുണ്ട്. കള്ളവോട്ടുകൾക്കെതിരെ ശക്തമായ നടപടി ഉണ്ടാവുകയും ബൂത്തിൽ ക്യാമറ വെക്കുകയും ചെയ്തതിനെത്തുടർന്ന് കള്ളവോട്ട് ചെയ്യാൻ പലരും മടിക്കുന്നതിനാലാണിത്. കണ്ണൂരിലെ പറ്റാവുന്ന എല്ലാ ബൂത്തുകളിലും ശരാശരി 50-നും നൂറിനും ഇടയിൽ ഓപ്പൺ വോട്ട് ചെയ്യിക്കണമെന്ന് ഒരു പ്രധാന പാർട്ടിയുടെ തന്നെ നിർദേശം പ്രാദേശികഘടകങ്ങൾക്ക് കിട്ടിയതായി പറയുന്നു.

ഓപ്പൺവോട്ട് തന്ത്രങ്ങൾ കണ്ണൂരിൽ കൃത്യമായി വിജയം കണ്ടതായാണ് പൊതുവേ പാർട്ടിക്കാരുടെ വിലയിരുത്തൽ. ഇതിലൂടെ ജില്ലയിലൊട്ടാകെ പതിനായിരക്കണക്കിന് വോട്ടുകൾ തങ്ങളുടെ വരുതിയിലാക്കാൻ കഴിഞ്ഞതായി അവർ പറയുന്നു.
പല വാർഡിലെയും ഫലങ്ങൾ അട്ടിമറിക്കാൻ ഇതുകൊണ്ടു കഴിഞ്ഞേക്കും. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നൂറുകണക്കിന് വാർഡുകളിൽ പല സ്ഥാനാർഥികളും വിജയിച്ചത് ഒന്നുമുതൽ പത്തുവരെ വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു.