തിരൂരങ്ങാടി: പ്രചാരണം കൊഴുക്കുന്നതിനിടയില്‍ ദുബായില്‍ നിന്നുള്ള പ്രവാസി വോട്ടര്‍മാരുടെ വരവ് തുടങ്ങി. മുസ്‌ലിംലീഗിന്റെ പ്രവാസി സംഘടനയായ കെ.എം.സി.സി.യുടെ ഘടകമാണ് തങ്ങളുടെ പ്രവര്‍ത്തകര്‍ക്ക് വോട്ടെടുപ്പിന് നാട്ടിലെത്താനുള്ള സൗകര്യങ്ങള്‍ ചെയ്യുന്നത്. ഇരുനൂറോളം പ്രവാസികളാണ് ഇത്തരത്തില്‍ കരിപ്പൂരിലെത്തുന്നത്.

പ്രവാസികളായിട്ടുള്ള സൃഹൃത്തുക്കളും നാട്ടിലുള്ള അടുത്ത ബന്ധുക്കളുമടക്കമുള്ളവര്‍ തിരഞ്ഞടുപ്പില്‍ മത്സരിക്കുന്നതിനാല്‍ നാട്ടിലെത്താതിരിക്കാനാവില്ല എന്നാണ് പുറപ്പെടാനിരിക്കുന്നവര്‍ പറയുന്നത്. പല സ്ഥലങ്ങളിലും കെ.എം.സി.സി. നേതാക്കള്‍ മത്സര രംഗത്തുണ്ട്.  രാജ്യത്തിന്റെ ജനാധിപത്യ പ്രക്രിയയില്‍ തങ്ങളുടെ പങ്ക് രേഖപ്പെടുത്തുകയെന്നത് പ്രവാസികളുടെ ഉത്തരവാദിത്വമാണെന്ന ബോധ്യവും പ്രവാസികളെ നാട്ടിലേക്കു വണ്ടികയറാന്‍ പ്രേരിപ്പിക്കുന്നുണ്ടെന്ന് ദുബായ് കെ.എം.സി.സി. പ്രസിഡന്റ്  പി.കെ. അന്‍വര്‍ നഹ പറഞ്ഞു.

നവംബര്‍ മൂന്നുവരെയുള്ള ദിവസങ്ങളില്‍ എയര്‍ ഇന്ത്യയുടെ വിമാനത്തിലാണ് വിവിധ ജില്ലകളിലെ കെ.എം.സി.സി. പ്രവര്‍ത്തകര്‍ എത്തുന്നത്. യാത്ര സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി അല്‍ബറാഹയിലെ കെ.എം.സി.സി. ആസ്ഥാനത്ത് പ്രത്യേക തിരഞ്ഞടുപ്പ് കണ്‍വെന്‍ഷനും ചേര്‍ന്നിരുന്നു.

നാട്ടിലെത്തിയശേഷം ബാക്കിയുള്ള ദിനങ്ങളില്‍ പ്രചാരണ രംഗത്തും ഈ പ്രവാസികളുടെ സജീവ സാന്നിധ്യമുണ്ടാവും.