മലപ്പുറം: സ്ഥാനാര്‍ഥി ആയാല്‍ പേരിനൊരു 'ഗുമ്മ്' വേണം. എങ്കിലേ വോട്ടുചോദിക്കാനും ചെയ്യാനുമൊരു സുഖമുള്ളൂ. ദീര്‍ഘവീക്ഷണമുള്ള അച്ഛനമ്മമാരുടെ മക്കള്‍ക്ക് വലിയ പ്രശ്‌നമില്ല. ജനിച്ചപ്പഴേ നല്ലപേര് കിട്ടി. ചിലര്‍ വീട്ടുപേരും നാട്ടുപേരും ചേര്‍ത്ത് ഒപ്പിക്കുന്നു. ജോലിപ്പേര് പറയുന്നവരും കുറവല്ല. സംസ്ഥാന, ദേശീയ രാഷ്ട്രീയത്തിലാണെങ്കില്‍ 'അഡ്വ.' എന്ന രണ്ടക്ഷരത്തിന് ഡിമാന്‍ഡുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പില്‍ പക്ഷേ, എവിടെനിന്ന് കിട്ടും ഇത്രയധികം അഡ്വക്കേറ്റുമാരെ?

ജോലിപ്പേരില്‍ 'മാസ്റ്റര്‍'മാര്‍ക്കും 'ടീച്ചര്‍'മാര്‍ക്കുമാണ് ആധിപത്യം. തെരുവില്‍ ചിരിച്ചിരിക്കുന്ന പലരും എങ്ങനെ അധ്യാപകരായെന്ന് അന്വേഷിച്ചാല്‍ തമാശയുണ്ട്. അങ്കണവാടിയിലും െ്രെഡവിങ് സ്‌കൂളിലുമുള്ളവര്‍വരെ ടീച്ചര്‍മാരാണ്. ഫറോക്കില്‍ മെഡിക്കല്‍ഷോപ്പ് ജീവനക്കാരിയും ടീച്ചറായി. പ്യൂണിനെ മാസ്റ്ററാക്കിയതിന് അണികളുടെ ന്യായീകരണം ഇങ്ങനെ: 'മൂപ്പര് ബെല്ലടി മാഷല്ലേ?'

പല സ്ഥാനാര്‍ഥികള്‍ക്കും അണികളാണ് 'പണി'കൊടുക്കുന്നത്. ചില ഫ്‌ളക്‌സുകളില്‍ ശ്രദ്ധിച്ചുനോക്കിയാല്‍ കാണാം. 'ടീച്ചറും മാസ്റ്ററും' മറച്ചിട്ടുണ്ട്.
ഇല്ലാത്ത അംഗീകാരം കൊടുത്തതിന് പരപ്പനങ്ങാടിയില്‍ ഒരു സ്ഥാനാര്‍ഥി പിന്മാറുകയും ചെയ്തു. സ്‌കൂള്‍  അധ്യാപകനായ കക്ഷിയെ പ്രൊഫസറാക്കി ഫ്‌ളക്‌സടിച്ചതാണ് പുകിലായത്.

'ആപ്പിള്‍ മഴ' പെയ്യുന്നു

പേര് അത്ര പോരെങ്കില്‍ സ്ഥാനാര്‍ഥിയുടെ ചിഹ്നമെങ്കിലും വോട്ടറുടെ മനസ്സില്‍ ഇടംപിടിക്കണം. അതിന് പല തന്ത്രങ്ങളുണ്ട്. പരപ്പനങ്ങാടിയില്‍ ജനകീയ മുന്നണി സ്വന്തം ചിഹ്നമായ 'ആപ്പിള്‍' കൊണ്ട് 'മഴ'യാണ് പെയ്യിക്കുന്നത്.

പ്രചാരണം നടക്കുന്നിടത്തെല്ലാം ആപ്പിള്‍ വിതരണമുണ്ട്. ബെംഗളൂരുവില്‍നിന്ന് മുന്നണി നേരിട്ട് ആപ്പിളിറക്കുന്നു. അധികാരത്തിലേറിയാല്‍ നാടിനെ ആപ്പിള്‍ പൂത്തുലഞ്ഞുനില്‍ക്കുന്ന കശ്മീരാക്കുമെന്നാണ് പ്രഖ്യാപനം. ഏതായാലും വോട്ടര്‍മാര്‍ക്കിത് നല്ലകാലം. നവംബര്‍ അഞ്ചുവരെ ആപ്പിള്‍ തിന്നുനടക്കാം.