കൊട്ടാരക്കര: തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കാത്തിരുന്നെങ്കിലും തിരഞ്ഞെടുപ്പ്‌ കമ്മിഷൻ ചതിച്ചതിനാൽ പിന്മാറേണ്ടിവന്നവർ നിരവധിയാണ്. വാർഡുകൾ സംവരണ വാർഡായി മാറിയതാണ് ഇവർക്ക്‌ പറ്റിയ ചതി. എന്നാൽ കമ്മിഷൻ ചതിച്ചിട്ടും തോറ്റുപിന്മാറാൻ കൊട്ടാരക്കര തോട്ടംമുക്ക് വാർഡിലെ സജി ചേരൂർ തയ്യാറല്ല. അഞ്ചുവർഷത്തിനപ്പുറം നടക്കുന്ന ഇലക്‌ഷനിൽ താൻ സ്ഥാനാർഥിയാകുമെന്ന് ഇപ്പോഴേ പ്രഖ്യാപിച്ച സജി ചേരൂർ അന്നത്തേക്ക്‌ വോട്ടുതേടി പോസ്റ്ററുകളും പതിച്ചു.

 തന്റെ ചിത്രത്തോടുകൂടിയ പോസ്റ്ററിലെ വാചകങ്ങൾ ഇങ്ങനെ: സംവരണത്തെത്തുടർന്ന് മത്സരിക്കാൻ അവസരം ലഭിക്കാത്ത സാഹചര്യത്തിൽ അടുത്ത അഞ്ചുവർഷം കഴിഞ്ഞ് അന്നത്തെ സാഹചര്യത്തിൽ വോട്ട്‌ ചെയ്ത് വിജയിപ്പിക്കണമെന്ന് അപേക്ഷ. ഫ്രണ്ട്‌സ് തോട്ടംമുക്ക് എന്ന പേരിലാണ് പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്.  സജി പറയുന്നതിലും കാര്യമുണ്ട്. ഇക്കുറി വാർഡിൽ ഇടത്‌ സ്ഥാനാർഥിയായി മത്സരിക്കാൻവേണ്ടിയുള്ള പ്രാഥമിക തയ്യാറെടുപ്പുകളെല്ലാം സജി ചേരൂർ നടത്തിയിരുന്നു. സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമാകുക, കുടുംബയോഗത്തിലും റസിഡന്റ്‌സ് അസോസിയേഷനിലും കാര്യക്ഷമമായി പ്രവർത്തിക്കുക, രാഷ്ട്രീയ പ്രവർത്തനം ശക്തതമാക്കുക തുടങ്ങിയവയെല്ലാം സജി ചെയ്തിരുന്നു.
സി.പി.ഐ. ഇ.ടി.സി.ബ്രാഞ്ച് സെക്രട്ടറികൂടിയായ സജി മത്സരിക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളും നടത്തിയെങ്കിലും സംവരണം സജിക്ക് എതിരായി. നഗരസഭയിലെ തോട്ടംമുക്ക് 13-ാം വാർഡ് പട്ടികജാതി വനിതയ്ക്കായി സംവരണം ചെയ്തെന്ന വാർത്ത സജിയുടെ തിരഞ്ഞെടുപ്പ്‌ മോഹങ്ങളിൽ ഇരുട്ടുപരത്തി. തന്റെ ചിത്രം കൊതിച്ച മതിലുകളിലെല്ലാം മറ്റുള്ളവർ നിരന്നു.

എങ്കിലും മത്സരിക്കാനുള്ള മോഹം അടങ്ങിയില്ല. ഒരു കമ്മീഷനും സജിയെ തോല്പിക്കാനാവില്ല. മറ്റുള്ളവരെപ്പോലെ രാഷ്ട്രീയ വനവാസത്തിന്‌ പോകാതെ അഞ്ചുവർഷം കാത്തിരിക്കാൻ തയ്യാർ. അന്ന്‌ പക്ഷേ വോട്ട്‌ ചെയ്യാൻ മറക്കരുത്. അതിനുവേണ്ടി ഇപ്പോഴേ പ്രചാരണം തുടങ്ങിയിരിക്കുകയാണ് സജി.