കാസര്‍കോട്: വോട്ട് തേടുമ്പോള്‍ വേഷത്തിനും വേണം ഒരു ഗ്ലാമര്‍. കഞ്ഞിപ്പശ(സ്റ്റാര്‍ച്ച്) ഇട്ട് ഗമയില്‍ ഒരു ദിവസം മുഴുവന്‍ ഒടിയാതെ നില്‍ക്കുന്ന 'ധാക്ക മസ്ലിന്‍' എന്ന ഖാദി വസ്ത്രമാണ് പുരുഷ സ്ഥാനാര്‍ഥികളുടെ ഗ്ലാമര്‍ വേഷം.

തിരഞ്ഞെടുപ്പ് വന്നതോടെ വലിയ വില്‍പ്പനയാണ് ഇവയ്ക്ക് സംസ്ഥാനത്തെ ഖാദിവില്‍പ്പന കേന്ദ്രങ്ങളില്‍.  
പ്രധാന ഖാദികേന്ദ്രമായ പയ്യന്നൂര്‍ സംഘത്തിനു കീഴില്‍ 'ധാക്ക മസ്ലിന്‍' വാങ്ങാന്‍ ഇടതും വലതും നോക്കാതെ സ്ഥാനാര്‍ഥികള്‍ എത്തുന്നു. കൂടുതലും കോണ്‍ഗ്രസ്സുകാരാണ്. പക്ഷേ, അവര്‍ ധരിക്കുന്ന 'ധാക്ക മസ്ലിന്‍' എത്തുന്നത് ബംഗാളില്‍ നിന്നാണെന്നറിയുന്നവര്‍ ചുരുക്കം.
ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെ വിദഗ്ധ തൊഴിലാളികള്‍ കൈവേലയില്‍ നെയ്യുന്ന നേരിയ നൂലു കൊണ്ടുള്ള വെള്ള തുണിയാണ് 'ധാക്ക മസ്ലിന്‍'. ഇത്ര നേരിയ നൂലുകൊണ്ട് നെയ്യാന്‍ കേരളത്തിലെ കേന്ദ്രങ്ങളില്‍ സംവിധാനമില്ല. ഇപ്പോള്‍ ബംഗാള്‍ ഖാദി ബോര്‍ഡില്‍നിന്നാണ് കേരളത്തിലേക്ക് 'ധാക്ക മസ്ലിന്‍' എത്തുന്നത്. പയ്യന്നൂര്‍ ഖാദി കേന്ദ്രത്തില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന നൂല് അവിടെ നല്‍കിയിട്ട് പകരം 'ഡാക്ക മസ്ലിന്‍' എത്തിക്കുന്നു.

കേരളത്തിലെ മറ്റു പ്രധാന ഖാദി കേന്ദ്രങ്ങളിലും ഇവ എത്തുന്നു. ഇട്ടാല്‍ ഇട്ടപോലിരിക്കുന്ന 'മന്ത്രിമാരുടെ ഖാദി'(മിനിസ്‌റ്റേഴ്‌സ് ഖാദി) എന്നു വിളിപ്പേരുള്ള ഈ ഗ്ലാമര്‍ ഖാദിക്ക് മീറ്ററിന് 400 രൂപ വിലയുണ്ട്. ഷര്‍ട്ടിന്റെ കൂടെ 'കുപ്പടം മുണ്ട്' സ്ഥാനാര്‍ഥികള്‍ക്ക് നിര്‍ബന്ധം. 400 രൂപയാണ് വില.
പയ്യന്നൂര്‍ ഖാദി കേന്ദ്രത്തിന്റെ രണ്ടാള്‍ നെയ്യുന്ന പ്രത്യക വെള്ള മുണ്ടാണിത്. മിക്ക മണ്ഡലങ്ങളിലും പൊതുസമ്മതനായി ഇത് എത്തുന്നു. ഒപ്പം ഇളം മഞ്ഞനിറമുള്ള 'കുപ്പടം അംപ്ലീച്ച്' മുണ്ടും ഉണ്ട്. ഇതിന് വില കൂടുതലാണ്. ഇടത് നേതാക്കള്‍ക്കാണ് ഇത് പ്രിയം. വെള്ളനിറമല്ലാത്ത 'മനില'  റെഡിമെയ്ഡിനും ഇടതിനോടാണ് ചായ്‌വ്. കേരളത്തിലെ ഖാദി തൊഴിലാളികള്‍ കൈകൊണ്ട് നൂല്‍പ്പും നെയ്ത്തും നടത്തി എത്തുന്ന വെള്ള ഖാദി ഷര്‍ട്ടുതുണിക്കും ആവശ്യക്കാരേറെയുണ്ട്.