മലപ്പുറം: വോട്ടുറപ്പിക്കാന്‍ സ്ഥാനാര്‍ഥികള്‍ പതിനെട്ടടവും പയറ്റുകയാണ്. മത്സരത്തിന് കടുപ്പം കൂടുന്നതിനൊത്ത് അടവുകളുടെ എണ്ണവും കൂടുന്നു. എതിരാളിയേക്കാള്‍ വല്ലതും കൂടുതല്‍ കൊടുത്താലേ വോട്ട് കിട്ടൂ.

റോഡിലെ കുഴികളെണ്ണി വോട്ടുചോദിക്കുന്നവരുണ്ട്. കുഴികളടച്ച് അവിടെ 'നമ്മുടെ ചിഹ്നം' വരച്ചു മറ്റൊരു കൂട്ടര്‍. പാര്‍ട്ടിക്കാര്‍ വോട്ടടവ് പയറ്റുമ്പോള്‍ വോട്ടര്‍മാരും ചിലത് ഒപ്പിച്ചെടുക്കുന്നു. പരപ്പനങ്ങാടി നഗരസഭയിലുണ്ടായ സംഭവം ഇങ്ങനെ:

സ്ഥാനാര്‍ഥിയും കൂട്ടരുമെത്തി വാഗ്ദാനങ്ങള്‍ നിരത്തുമ്പോള്‍ വീട്ടമ്മ പറഞ്ഞു: ''വല്യ കാര്യങ്ങള്‍ക്കൊന്നും മുടക്കല്ല്യാ. തേങ്ങയിടാന്‍ ആളെ കിട്ടാത്തതാണ് നങ്ങളെ പ്രശ്‌നം. എന്താ ങ്ങക്ക് പരിഹരിക്കാനാകോ?'' കൂടെയുള്ളവര്‍ പകച്ചുപോയെങ്കിലും സ്ഥാനാര്‍ഥി കുലുങ്ങിയില്ല. മുറ്റത്തെ തെങ്ങുകളിലേക്ക് നോക്കി വീട്ടിലെ ഫോണ്‍നമ്പറും വാങ്ങി കക്ഷി പടിയിറങ്ങി.

അടുത്തദിവസം രാവിലെത്തന്നെ വെട്ടുകത്തിയും തളപ്പുമായി ഏറ്റുകാരനെത്തി. ''ചേച്ചീ, തേങ്ങയിടണ്ടേ? നമ്മുടെ സ്ഥാനാര്‍ഥി പറഞ്ഞിട്ട് വന്നതാ''. പിന്നാലെ സ്ഥാനാര്‍ഥിയുടെ ഫോണ്‍വിളിയും വന്നു. ''തേങ്ങയിടാന്‍ ആളായില്ലേ, ഇനി വോട്ടുമറക്കണ്ടാ...''
 ആഗോളപ്രശ്‌നം തീര്‍ന്ന വീട്ടമ്മയ്ക്ക് സന്തോഷം; വോട്ടുറച്ച സ്ഥാനാര്‍ഥിക്കും.