കോട്ടയം: കോട്ടയം ജില്ലയിലെ ഒരു കോണ്‍ഗ്രസ് നേതാവ് വീട്ടില്‍നിന്ന് ഭക്ഷണം കഴിച്ചിട്ട് കുറച്ചുദിവസമായി. ആഗ്രഹമില്ലാഞ്ഞിട്ടല്ല. ആഹാരം നല്‍കാന്‍ ഭാര്യ തയ്യാറാകാത്തതാണ് പ്രശ്‌നം.

 അതിലേക്കുനയിച്ച സംഭവങ്ങള്‍ ഇങ്ങനെ: തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീവ്രമായി ആഗ്രഹിച്ച ഒരു വനിതയ്ക്ക് ആദ്യം സീറ്റുകിട്ടിയില്ല. സീറ്റുകിട്ടാന്‍ ഇവര്‍ക്ക് ഒട്ടേറെ വാദങ്ങള്‍ നിരത്തേണ്ടിവന്നു. ഒടുവില്‍ സീറ്റ് കിട്ടി.

അതിന്റെ സന്തോഷവുമായി ഓഫീസില്‍നിന്ന് ഇറങ്ങിയ സ്ഥാനാര്‍ഥി, അവിടെനിന്ന നേതാവിന്റെ കൈപിടിച്ച് മുത്തം കൊടുത്തു.
എന്തിനാണ് കൈപിടിക്കുന്നതെന്ന് മനസ്സിലാകാതെ അന്തംവിട്ടുനിന്ന നേതാവ്, മുത്തംകിട്ടിയപ്പോള്‍ നാണിച്ചുപോയെന്ന് അസൂയക്കാര്‍ പറഞ്ഞുപരത്തി. നേതാവിന്റെ ഭാര്യ ടി.വി.യില്‍ ലൈവായി ഈ ദൃശ്യങ്ങള്‍ കണ്ടതോടെയാണ് വീട്ടില്‍നിന്ന് ഭക്ഷണം കിട്ടാതായത്.
ഇപ്പോള്‍ ചില നേതാക്കള്‍ത്തന്നെ പ്രശ്‌നംതീര്‍ക്കാന്‍ ഇടപെട്ടിരിക്കുകയാണ്. ദോഷംപറയരുതല്ലോ. വിവാദത്തില്‍പ്പെട്ട നേതാവിന് യാതൊരു ചീത്തസ്വഭാവവുമില്ല. മുത്തംനല്‍കിയ വനിതയും പ്രവര്‍ത്തകരുടെ ഗുഡ്ബുക്കില്‍ത്തന്നെ.

 സന്തോഷംകൊണ്ട് നല്‍കിയ മുത്തം അന്നംമുടക്കുമെന്ന് അവര്‍ സ്വപ്നത്തില്‍പ്പോലും കരുതിയതല്ല. നേതാവിന്റെ ഭാര്യയെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ വിജയത്തിലേക്ക് നീങ്ങുന്നതായാണ് വിവരം.