മലപ്പുറം: തിരഞ്ഞെടുപ്പായതോടെ മൊബൈല്‍ ഫോണുകളും തിരക്കിലാണ്. വാട്ട്‌സ് ആപ്പിലും ഫെയ്‌സ് ബുക്കിലുമേറി സന്ദേശങ്ങള്‍ പറന്നുനടക്കുകയാണ്. ഒരുകക്ഷിക്കും ഇവിടെ ഭൂരിപക്ഷമില്ല.
കാലംമാറിയപ്പോള്‍ ചായമക്കാനികളിലെ രാഷ്ട്രീയചര്‍ച്ച വാട്ട്‌സ് ആപ്പ്, ഫെയ്‌സ്ബുക്ക് ഗ്രൂപ്പുകളിലേക്കു ചേക്കേറി. പണ്ടത്തെ മക്കാനികളെ വെല്ലുന്ന പോര്‍ക്കളമാണിന്ന് ഇത്തരം ഗ്രൂപ്പുകള്‍. തിരഞ്ഞെടുപ്പിന്റെ വരവറിയിച്ച് ആദ്യമിറങ്ങിയ സന്ദേശങ്ങളില്‍ ഒന്നിങ്ങനെ:

സ്വന്തം നാട്ടുകാരനായിട്ടും ഇതുവരെ ചിരിക്കുകപോലും ചെയ്യാത്തവര്‍ നിങ്ങളോട് സുഖവിവരങ്ങളും അപ്പനപ്പൂപ്പന്‍മാരുടെ കാര്യങ്ങളും ചോദിക്കുന്നുവെങ്കില്‍ പേടിക്കേണ്ട, അമ്പരക്കേണ്ട, പരിഭ്രമിക്കേണ്ട. ഇലക്ഷന്‍ അടുത്തു.

അത് പുലിയല്ല, മെമ്പര്‍
തിരഞ്ഞെടുപ്പായാല്‍ മാത്രം വരുന്ന ജനപ്രതിനിധികളെക്കുറിച്ച്; നാട്ടില്‍ പുലിയിറങ്ങിയതിനെപ്പറ്റിയും.  

മൂസാക്കാന്റെ വീട്ടുമുറ്റത്ത് കണ്ട കാല്‍പ്പാടുകള്‍ പുലിയുടെതല്ല, അഞ്ചുകൊല്ലംമുമ്പ് കാണാതായ വാര്‍ഡ് മെമ്പറുടെതാണെന്ന് സ്ഥിരീകരിച്ചു.

പൂട്ടിയ ബാര്‍ മറക്കല്ലേ...
പഴയ മുദ്രാവാക്യത്തിന്റെ ശൈലിയിലാണ് അടുത്തത്.

അഞ്ചാംതീയതി കാലത്ത്,  
പോളിങ് ബൂത്തില്‍ ചെല്ലുമ്പോള്‍  
വോട്ടുചെയ്യാന്‍ ചെല്ലുമ്പോള്‍
എന്തൊക്കെ മറന്നാലും
പൂട്ടിയ ബാറു മറക്കല്ലേ...
കൈവിറയ്ക്കുമ്പോള്‍ പെഗ്ഗടിക്കാന്‍ കിട്ടാത്ത മദ്യപന്റെ രോഷമാകാമിത്. പക്ഷേ, മദ്യനയം കൊണ്ടുവന്നവര്‍ക്കും തട്ടിപ്പാണെന്നു പറയുന്നവര്‍ക്കും ഇതില്‍ വോട്ടുണ്ട്.  

ബീഫ് ഫാത്തിമ
ബീഫ് വിവാദങ്ങളെക്കുറിച്ച് വന്ന, ഹാസ്യവും രാഷ്ട്രീയവുമുള്ള ഒരു സന്ദേശം: വോട്ടര്‍പട്ടികയില്‍ 'ബീഫാത്തിമ' എന്നത് 'ബീഫ് ഫാത്തിമ' എന്നു വായിച്ച ബീഫ് വിരോധികള്‍ പോളിങ് ബൂത്ത് അടിച്ചുതകര്‍ത്തു.