മുള്ളേരിയ(കാസര്‍കോട്): വോട്ടാണ് വലുത്, ചിഹ്നമല്ലെന്ന് ഉറക്കെ വിളിച്ചുപറയുന്നവരെ കാണണമെങ്കില്‍ കാസര്‍കോട്ടെ കാറഡുക്ക, ബെള്ളൂര്‍, ബദിയഡുക്ക പഞ്ചായത്തുകളിലൂടെ യാത്ര ചെയ്താല്‍ മതി. ബി.ജെ.പി.യും കോണ്‍ഗ്രസ്സും ഒേര സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കുന്നതും ഇവിടെ കാണാം.

വോട്ടിനുവേണ്ടി സ്വന്തം രാഷ്ട്രീയ ചിഹ്നം ഉപേക്ഷിച്ചാണ് ഈ പഞ്ചായത്തുകളില്‍ പലരും മത്സരിക്കുന്നത്. ബെള്ളൂര്‍ പഞ്ചായത്ത് പ്രസിഡന്റും സി.പി.എം. നേതാവുമായ എ.കെ. കുശലന്‍ ജീപ്പ് അടയാളത്തിലാണ് മത്സരിക്കുന്നത്. ഇവിടെ നാലാംവാര്‍ഡ് മരദമൂലയില്‍ യു.ഡി.എഫിന് സ്ഥാനാര്‍ഥിയില്ല. ബി.ജെ.പി.യിലെ കെ. ജയകുമാര മാത്രമാണ് എതിരാളിയായുള്ളത്.

കാറഡുക്ക പഞ്ചായത്ത് 13ാം വാര്‍ഡ് കൊട്ടംകുഴിയില്‍ കോണ്‍ഗ്രസ്സും ബി.ജെ.പി.യും പിന്തുണയ്ക്കുന്നത് സൈക്കിള്‍ ചിഹ്നത്തില്‍ സ്വതന്ത്രനായി മത്സരിക്കുന്ന കെ. ഗോവിന്ദ ഭട്ടിനെയാണ്. സി.പി.എം. സ്ഥാനാര്‍ഥി എ. വിജകുമാര്‍ മാത്രമാണ് കൊട്ടംകുഴിയില്‍ എതിര്‍സ്ഥാനാര്‍ഥിയായുള്ളത്.

ബദിയഡുക്ക പഞ്ചായത്തില്‍ 12ാം വാര്‍ഡ് പെര്‍ഡാലയിലെ മത്സരമാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ബദിയഡുക്ക മുന്‍പഞ്ചായത്ത് പ്രസിഡന്റും സ്ഥിരംസമിതി അധ്യക്ഷനും മുസ്‌ലിം ലീഗ് നേതാവുമായിരുന്ന സി.എ. അബൂബക്കര്‍ സൈക്കിള്‍ ചിഹ്നത്തില്‍ മത്സരിക്കുമ്പോള്‍ ലീഗ് സ്ഥാനാര്‍ഥിയായി മുഹമ്മദ് ഹനീഫ ഒസോണ്‍ മത്സരിക്കുന്നു. ബെള്ളൂറിലെ മൂന്നാം വാര്‍ഡ് കുദളപ്പാറയില്‍ കോണ്‍ഗ്രസ് നേതാവായ പക്കീര വിമതനായി ടേബിള്‍ഫാന്‍ ചിഹ്നത്തില്‍ മത്സരിക്കുമ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പി. ഗണേഷാണ് മത്സരിക്കുന്നത്.