തൃശ്ശൂര്‍: തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ പ്രചാരണത്തിന് ആവേശം പകരുന്ന ഉത്പന്നങ്ങള്‍ വിപണിയില്‍.വിവിധ രാഷ്ട്രീയകക്ഷികളുടെ ചിഹ്നങ്ങളും നേതാക്കളുടെ മുഖവുമുള്ള കൊടി, ടീഷര്‍ട്ട്, ബലൂണ്‍, തൊപ്പി, തോരണം, ഷാള്‍, കീ ചെയിന്‍, മാല, റിബ്ബണ്‍ എന്നിവയാണ് വില്‍പ്പനയ്ക്കുള്ളത്.

പ്രധാനമന്ത്രി നരേന്ദ്രമോദി, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, കമ്മ്യൂണിസ്റ്റ് നേതാക്കളായ എ.കെ.ജി., ഇ.എം.എസ്., സി.അച്യുതമേനോന്‍, വി.എസ്.അച്യുതാനന്ദന്‍ എന്നിവരുടെ മുഖമാണ് മിക്ക ഉത്പന്നങ്ങളിലും പ്രധാന സാന്നിധ്യം.
കൊടികള്‍ തന്നെയാണ് വിപണിയില്‍ ഒന്നാമത്.

തുണിയുടെ മേന്മയനുസരിച്ച് 15 മുതല്‍ 350 രൂപ വരെയാണ് വില. പോസ്റ്ററുകള്‍ക്ക് 1,000 എണ്ണത്തിന് 400 രൂപയാണ് ശരാശരി വില. തോരണത്തിന് കുറഞ്ഞ വില 35 രൂപ. പാര്‍ട്ടിചിഹ്നത്തിന്റെ രൂപത്തില്‍ വെട്ടിയെടുത്ത കാര്‍ഡ്‌ബോര്‍ഡുകളും ടീഷര്‍ട്ടുകളും തയ്യാറായിക്കഴിഞ്ഞു.
താമരയ്ക്ക് നടുവില്‍ മോദിയെക്കൂടാതെ എ.ബി.വാജ്‌പേയി, എല്‍.കെ. അദ്വാനി, രാജ്‌നാഥ് സിങ് എന്നിവരുമുണ്ട്. പ്രമുഖ നേതാക്കളുടെ മുഖം പ്രിന്റ് ചെയ്ത ടീഷര്‍ട്ടുകളാണ് മറ്റൊരാകര്‍ഷണം.

എ.കെ.ജി., ഇ.എം.എസ്., അച്യുതമേനോന്‍ എന്നിവര്‍ക്കൊപ്പം വി.എസ്. അച്യുതാനന്ദന്റെ ചിരിക്കുന്ന മുഖവും ടീഷര്‍ട്ടിലുണ്ട്. 200 രൂപയാണ് വില. സ്ഥാനാര്‍ഥികളുടെ ചിത്രവും ആവശ്യമനുസരിച്ച് ടീഷര്‍ട്ടില്‍ പതിപ്പിച്ചുകൊടുക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് ചൂടിന് തണലേകാനുള്ള കുടകളാണ് മറ്റൊരു ഉത്പന്നം. ചെങ്കൊടിയേന്തിയ പ്രവര്‍ത്തകര്‍ ചെങ്കുട അന്വേഷിച്ചാണ് കടകളിലെത്തുന്നത്. പച്ചയും ഓറഞ്ചും ചേര്‍ന്ന ബി.ജെ.പി. കുടകളും ത്രിവര്‍ണ പതാകയുടെ നിറമുള്ള കോണ്‍ഗ്രസ് കുടകളുമുണ്ട്. മോദി ഓവര്‍ക്കോട്ടിന്റെ നാടന്‍ മാതൃകയും വിപണിയിലുണ്ട്.
    
ബലൂണിലും സ്ഥാനാര്‍ഥികളുടെ ചിത്രം ചേര്‍ക്കാം. ആം ആദ്മിയുടെ ചൂലും വിപണിയിലുണ്ട്. കൊടി, പോസ്റ്റര്‍, കുട, തൊപ്പി തുടങ്ങിയവയ്ക്കാണ് ആവശ്യക്കാര്‍ ഏറെ.