കോട്ടയ്ക്കല്‍:  കേരളത്തിലെ ഏറ്റവും പ്രായംകുറഞ്ഞ നഗരസഭാചെയര്‍മാന്‍ എന്ന റെക്കോഡിനുടമയാണ് വ്യവസായമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. 1980ല്‍ നഗരസഭയിലേക്ക് മത്സരിക്കുമ്പോള്‍ അത് മുസ്‌ലിംലീഗിലെ പുലിക്കുട്ടിയാവാനുള്ള നിയോഗമാണെന്ന് അദ്ദേഹം സ്വപ്നത്തില്‍പ്പോലും ധരിച്ചിരുന്നില്ല.
 ബി.കോമും ബിസിനസ് മാനേജ്‌മെന്റില്‍ ബിരുദാനന്തര ഡിപ്ലോമയും കഴിഞ്ഞ്  മലപ്പുറം സ്പിന്നിങ് മില്ലില്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫീസറായി ജോലിചെയ്യുമ്പോഴാണ് അത് രാജിവെച്ച് തിരഞ്ഞെടുപ്പുരാഷ്ട്രീയത്തിലേക്ക് കടക്കുന്നത്. ആദ്യതിരഞ്ഞെടുപ്പില്‍ത്തന്നെ പാണക്കാട് വാര്‍ഡില്‍നിന്ന് ജയിച്ചു. ചെയര്‍മാനാവുകയും ചെയ്തു.
      യൂത്ത്‌ലീഗില്‍ സജീവമായിരുന്ന കുഞ്ഞാലിക്കുട്ടിയോട് നഗരസഭയിലേക്ക്  മത്സരിക്കാന്‍ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ്തങ്ങളാണ് ആവശ്യപ്പെട്ടത്.     കുഞ്ഞാലിക്കുട്ടി ചെയര്‍മാനായിരുന്നപ്പോഴാണ്  നഗരസഭയ്ക്ക് സ്വന്തം കെട്ടിടമായതും മലപ്പുറത്തിന്റെ സമഗ്ര മാസ്റ്റര്‍പ്ലാനിന് തുടക്കമിട്ടതും. നഗരസഭയില്‍ ആദ്യത്തെ കുടിവെള്ളപദ്ധതിയും ഇദ്ദേഹത്തിന്റെ കാലത്താണ്. കേന്ദ്രസര്‍ക്കാറിന്റെ ചെറുകിട നഗരവികസനപദ്ധതിക്ക് തിരഞ്ഞെടുത്ത കേരളത്തിലെ  ഏക നഗരസഭയും മലപ്പുറമായിരുന്നു.
      1982ലെ തിരഞ്ഞെടുപ്പില്‍ മലപ്പുറത്തുനിന്ന് നിയമസഭയിലെത്തി. ഒരേസമയം ചെയര്‍മാനും   നിയമസഭാംഗവുമായി. അന്നത്തെ നിയമസഭയിലെ ചെറുപ്പക്കാരില്‍ ഒരാളായി അദ്ദേഹം തിളങ്ങി. 1985ല്‍ ചെയര്‍മാന്‍പദവി ഒഴിഞ്ഞു. 1991ല്‍ ആദ്യമായി വ്യവസായമന്ത്രിയായി. പിന്നീട് 2001ലും 2011ലും മന്ത്രിയായി.
ചെയര്‍മാനായി പ്രവര്‍ത്തിച്ചപ്പോഴാണ് ജനങ്ങളുടെ ചെറിയപ്രശ്‌നങ്ങള്‍പോലും നേരിട്ട് അറിയാന്‍ കഴിഞ്ഞത്. ചെയര്‍മാന്‍ പദവിയിലെ അഞ്ചുവര്‍ഷത്തെ അനുഭവപരിചയം പിന്നീട് മന്ത്രിയായിരുന്നപ്പോഴും ഗുണംചെയ്‌തെന്ന്   കുഞ്ഞാലിക്കുട്ടി പറയുന്നു.