തിരുവനന്തപുരം: സ്ഥാനാര്‍ഥിയാവാന്‍ ആര്‍ക്കും എന്തുകൊണ്ടോ പണ്ടേപോലെ താത്പര്യമില്ല. ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പിന് പത്രികകളുടെ എണ്ണം ഗണ്യമായി കുറഞ്ഞത് അതിന്റെ സൂചനയാണ്. വാര്‍ഡുകളുടെ എണ്ണം 276 കൂടിയിട്ടും പത്രികകളുടെ എണ്ണം 2010ലേതിനേക്കാള്‍ 17,000ത്തോളം കുറഞ്ഞു.

തിരഞ്ഞെടുപ്പുകമ്മീഷന് ലഭിച്ച കണക്കനുസരിച്ച് ഇത്തവണ സമര്‍പ്പിക്കപ്പെട്ടത് 1,32,888 പത്രികകള്‍. 21,871 വാര്‍ഡുകളിലേക്കാണ് ഈ പത്രികകള്‍. എന്നാല്‍, 2010ല്‍ 21,595 വാര്‍ഡുകളിലേക്കായി 1,49,649 പത്രികകളാണ് കിട്ടിയത്. സൂക്ഷ്മപരിശോധനയും പത്രിക പിന്‍വലിക്കലും കഴിഞ്ഞേ മത്സര രംഗത്തുള്ള സ്ഥാനാര്‍ഥികള്‍ എത്രയെന്ന് അന്തിമമായി അറിയാനാവൂ. 2010ല്‍ 70,915 സ്ഥാനാര്‍ഥികളാണ് ഉണ്ടായിരുന്നത്. പത്രികകളിലെ കുറവും വിമത സ്ഥാനാര്‍ഥികളുടെ തത്കാല ബാഹുല്യവും കണക്കിലെടുത്താല്‍ ഇത്തവണ സ്ഥാനാര്‍ഥികളുടെ എണ്ണവും കുറയാനാണ് സാധ്യത. ബി.ജെ.പി. മുന്നണിയും മറ്റ് ചെറിയ രാഷ്ട്രീയപ്പാര്‍ട്ടികളും സജീവമായതോടെ സ്വതന്ത്രര്‍ക്കുള്ള സാധ്യതകള്‍ കുറഞ്ഞതാവാം പത്രികാ സമര്‍പ്പണത്തിലെ ഈ ആവേശക്കുറവിന് ഒരു കാരണം.

കൊല്ലത്തും കണ്ണൂരും ഇടുക്കിയിലും മാത്രമാണ് പത്രികകളുടെ എണ്ണത്തില്‍ ഇത്തവണ അല്പം വര്‍ധനയുള്ളത്. കൊല്ലത്ത് 2010ല്‍ 8,592 എണ്ണം കിട്ടിയത് ഇത്തവണ 9,262 ആയി. കണ്ണൂരില്‍ 9,125 ആയിരുന്നു കഴിഞ്ഞതവണ. ഇത്തവണ 9,275 ആയി. ഇടുക്കിയില്‍ 6,028ല്‍ നിന്ന് 6,706 ആയി.

മറ്റ് ജില്ലകളില്‍ ഇത്തവണയും 2010ലും കിട്ടിയ പത്രികകളുടെ എണ്ണം ചുവടെ: തിരുവനന്തപുരം 12,564(12,645), കൊല്ലം 9,262(8,592), പത്തനംതിട്ട 6,063(7,209), ആലപ്പുഴ 10,752(11,035), കോട്ടയം 7,230(10,866), എറണാകുളം 10,302(11,769), തൃശ്ശൂര്‍ 8,528(17,769), പാലക്കാട് 11,671(12,093), മലപ്പുറം 18,651(19,530), കോഴിക്കോട് 11,814(12,551), വയനാട് 4,775(4,846), കാസര്‍കോട് 5,295(5,591).