കൊച്ചി:  നേതാക്കളുടെ ഭാര്യമാരും മക്കളുമെല്ലാം പേടിച്ചിരിപ്പാണ്. ഈ പൊല്ലാപ്പൊന്നു തീരുന്നതുവരെ വല്ല ബന്ധുവീട്ടിലേക്കും മുങ്ങിയാലോ എന്നാലോചിക്കുന്നവരുമുണ്ട്. വീട്ടിലിരുന്നാൽ പിടിച്ച് സ്ഥാനാർഥിയാക്കും.
പാർട്ടിക്കാരുടെ നിർത്താത്ത ഫോൺവിളി. സമ്മർദം. പാർട്ടിയുടെ തിട്ടൂരവുമായി ആളുവരുന്നുണ്ടോ എന്ന ആധിയിലാണ് അവർ. രാഷ്ട്രീയം വശമില്ലെന്നൊന്നും പറഞ്ഞിട്ടുകാര്യമില്ല. നേതാവിന്റെ ഭാര്യയാണോ മകളാണോ, അതെല്ലാം താനെയറിഞ്ഞുകൊള്ളുമെന്നാണ് നേതൃത്വം പറയുന്നത്.

    ഇക്കുറി തദ്ദേശസ്ഥാപനങ്ങളിലേക്ക് മുമ്പില്ലാത്തവിധം നേതാക്കളുടെ കുടുംബക്കാരെ തപ്പിയിറങ്ങിയിരിക്കുകയാണ് ഇരുമുന്നണികളിലെയും പ്രമുഖകക്ഷികൾ. മേയർസ്ഥാനവും ജില്ലാപഞ്ചായത്ത് പ്രഡിഡന്റ്സ്ഥാനവും നഗരസഭാധ്യക്ഷസ്ഥാനവുമെല്ലാം വനിതകൾക്ക് സംവരണം ചെയ്തിടത്താണ് നേതാക്കളുടെ മക്കളെയും ഭാര്യമാരെയും തേടിയുള്ള അന്വേഷണം മുറുകിയിരിക്കുന്നത്. അതിപ്പോൾ സ്വന്തം പാർട്ടിനേതാവുപോലുമാകണമെന്നില്ല, മുമ്പ് എതിർചേരിയിൽനിന്ന നേതാവിന്റെ മക്കളോ ഭാര്യയോ ആയാലും മതി. ഉയർത്തിക്കാട്ടാൻ ഒരു പേരുവേണം.
  എറണാകുളത്തുനിന്നാണ് നേതാക്കളുടെ മക്കളെ മത്സരരംഗത്തിറക്കുന്നതിന്റെ വാർത്തകൾ ആദ്യം പുറത്തുവന്നത്. മുൻമുഖ്യമന്ത്രി ഇ.കെ. നായനാരുടെ മകൾ ഉഷയെ കൊച്ചിനഗരസഭയിലേക്ക് മത്സരിപ്പിക്കാനിറക്കിയ ഇടതുമുന്നണി, ജില്ലാ പഞ്ചായത്തിലേക്ക് പി.കെ. വാസുദേവൻ നായരുടെ മകൾ ശാരദ മോഹനെ മത്സരിപ്പിക്കാനും തയ്യാറായിരിക്കുകയാണ്. മേയർസ്ഥാനം ലക്ഷ്യമിട്ട് മുൻമുഖ്യമന്ത്രി കെ. കരുണാകരന്റെ മകൾ പത്മജ ഒരുങ്ങിയിറങ്ങിയെങ്കിലും സാഹചര്യങ്ങൾ അനുകൂലമല്ലാത്തതിനാൽ പിൻവാങ്ങി. തൃശ്ശൂർ കോർപ്പറേഷനിൽ മന്ത്രി സി.എൻ. ബാലകൃഷ്ണന്റെ മകൾ സി.ബി. ഗീതയെ മേയർസ്ഥാനം ലക്ഷ്യമിട്ട് രംഗത്തിറക്കിയത് കോൺഗ്രസ്സിനകത്തുതന്നെ പുകയുകയാണ്.

   കണ്ണൂരിൽ മൂന്നുപതിറ്റാണ്ടോളം സി.പി.എമ്മിന്റെ കണ്ണിലെ കരടായിരുന്ന എം.വി. രാഘവന്റെ മകൾ എം.വി. ഗിരിജയെയാണ് കോർപ്പറേഷനിലേക്ക് ഇടതുമുന്നണി രംഗത്തിറക്കിയിരിക്കുന്നത്. കോൺഗ്രസ്‌ നേതാവ് മുൻമന്ത്രി എൻ. രാമകൃഷ്ണന്റെ മകൾ അമൃതയുമുണ്ട് കണ്ണൂർ കോർപ്പറേഷനിലേക്ക് മത്സരിക്കാൻ. ഏതാണ്ട് എല്ലാ ജില്ലകളിലും നേതാക്കളുടെ ഭാര്യമാരെയോ പെൺമക്കളെയോ മത്സരിപ്പിക്കുന്നുണ്ട്.   വലിയനേതാക്കളുടെ മക്കളെ കിട്ടിയില്ലെങ്കിൽ ചെറിയനേതാക്കളുടെ കുടുംബാംഗമായാലും മതി. മലപ്പുറം ഭാഗത്ത് ഇത്‌ കുറച്ചുകൂടി കടന്നു. പലയിടത്തും ഭർത്താവിന്റെ പേരിൽതന്നെ ഭാര്യമാർക്ക് വോട്ടുചോദിക്കുകയാണ്. വികസനനായകനായ ഭർത്താവിന്റെ പടംവെച്ച് ഭാര്യക്ക്‌ വോട്ടുചോദിക്കുന്നു. പ്രചാരണംപോലും നേതാവായ ഭർത്താവിന്റെ പേരുപറഞ്ഞാണ്. ഭാര്യ എട്ടുംപൊട്ടും തിരിയാതെ ഭർത്താവിന്റെകൂടെ പേരിനൊരു സ്ഥാനാർഥിയായി നടക്കുന്നു. പലരും ഭാര്യമാർക്ക് കോച്ചിങ് ക്ലാസ് നൽകിക്കൊണ്ടിരിക്കുന്നു.

തൊഴുതുപിടിച്ച് നടക്കുന്നതെങ്ങനെയെന്നും ചിരിക്കുന്നതെങ്ങനെയെന്നുമൊക്കെ മുറി അടച്ചിട്ടിരുന്ന് പഠിപ്പിക്കുകയാണ്.
നേതാക്കളുടെ ആൺമക്കൾക്കുപക്ഷേ, അത്ര പ്രിയമില്ല. ഒരു സീറ്റിനുവേണ്ടി പാർട്ടി ഓഫീസിൽ നിരങ്ങുന്നവരെപ്പോലും ആരും അടുപ്പിക്കുന്നില്ല. ചക്കരക്കുടത്തിൽ ഈച്ചപൊതിഞ്ഞതുപോലെ ജനറൽ സീറ്റിനുവേണ്ടി കടിപിടിനടക്കുമ്പോൾ നേതാവിന്റെ പേരുംപറഞ്ഞ് ആരെങ്കിലും കേറിവന്നാൽ ഓടിക്കുകയല്ലാതെ മറ്റെന്തുവഴി...