അടിത്തട്ടിലെ ജനാധിപത്യം, വികേന്ദ്രീകരണം എന്നിവയൊക്കെയാണ് തദ്ദേശസ്ഥാപനങ്ങളുടെ വായുവും വെള്ളവും എന്നാണ് നമ്മളൊക്കെ വിചാരിക്കുന്നത്. 
എന്നാൽ പല തദ്ദേശസ്ഥാപനങ്ങളെയും നിയന്ത്രിച്ചിരുന്നത് ക്വാറി, ബാർ ബാഹ്യശക്തികളായിരുന്നു. 
       കഠിനമായിരുന്നു കഠിനംകുളം പഞ്ചായത്തിലെ ഭരണം. ബന്ധുവാര്, ശത്രുവാര് എന്നറിയാനാവാത്ത അവസ്ഥ.  കാലുവാരി നിലത്തടിക്കും. അടുത്ത നിമിഷം തോളിൽ കൈയിട്ട് ചെവികടിക്കും. അഞ്ച് വർഷം കൊണ്ട് ഭരണ പക്ഷക്കാർ തന്നെ പുറത്താക്കിയത് ഒപ്പമുള്ള ഒരു പഞ്ചായത്ത് പ്രസിഡന്റിനെയും രണ്ട് വൈസ് പ്രസിഡന്റുമാരെയുമാണ്. ദോഷം പറയരുതല്ലോ, അവസാനം ഒറ്റക്കെട്ടായി ഒരവിശ്വാസത്തെ തോൽപ്പിച്ചു. എന്നാൽ ഇവിടത്തെ ജനപ്രതിനിധികൾ തമ്മിൽത്തല്ലും വൈരവുമെല്ലാം മറന്നുനിന്ന ഒരു സന്ദർഭമുണ്ടായിരുന്നു. രോമാഞ്ചജനകമായ ഈ യോജിപ്പ് കണ്ടത് ഒരു പഞ്ചനക്ഷത്ര ബാറിന് അനുമതി നൽകുന്ന കാര്യത്തിലും. 
    കഠിനംകുളത്ത് 23 സീറ്റിൽ 13 സീറ്റ് നൽകിയാണ് ജനം യു.ഡി.എഫിനെ ഭരണത്തിലെത്തിച്ചത്. 11 കോൺഗ്രസുകാരും രണ്ട് ലീഗുകാരും. എൽ.ഡി.എഫിന് ഒമ്പതും പി.ഡി.പി.ക്ക് ഒരു സീറ്റും ലഭിച്ചു. രണ്ട് വർഷം കഴിഞ്ഞപ്പോൾ കോൺഗ്രസിലെ തന്നെ നാലംഗങ്ങൾ മറുകണ്ടം ചാടി എൽ.ഡി.എഫിനൊപ്പം അവിശ്വാസത്തിന് നോട്ടീസ് നൽകി. കോൺഗ്രസിലെ  പ്രസിഡന്റ് ടെൽമ ജോൺ പുറത്തായി. കണ്ണടച്ച് തുറക്കും മുമ്പേ പോയവർ മുണ്ടും മടക്കിക്കുത്തി തിരിച്ചെത്തി. അടുത്ത പ്രസിഡന്റ് തിരഞ്ഞെടുപ്പ് വന്നതോടെ അവിശ്വാസത്തിന് പോയവരും കൂടെനിന്നവരും തോളിൽ കൈയിട്ട് ഒറ്റക്കെട്ടായി. കോൺഗ്രസ് അംഗം ലീല ആന്റണിയെ പ്രസിഡന്റാക്കി. 
  ഇതുകൊണ്ടരിശം തീരാതെ വീണ്ടും നാലും ചേർന്ന് അടുത്ത അവിശ്വാസത്തിനിറങ്ങി. ഇത്തവണ വൈസ് പ്രസിഡന്റായിരുന്ന രത്നകുമാറായിരുന്നു ശത്രു. എതിർ പക്ഷവും ഭരണപക്ഷത്തെ നാലും ചേർന്നതോടെ രത്നകുമാറും വീണു. കൂടെ നിന്നവനെ കാലുവാരി നിലത്തടിച്ചതിന്റെ സന്തോഷത്തോടെ വീണ്ടും ഒരുമിച്ചായി.  കോൺഗ്രസിലെ തന്നെ ജസ്റ്റിനെ വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്തു. ഈ അങ്കങ്ങളെല്ലാം കഴിഞ്ഞ് തട്ടിയും മുട്ടിയും പോകുമ്പോഴാണ് ഒരു ബാറിന് അനുമതി നൽകുന്ന പ്രശ്നം എത്തിയത്.     
ഇതിനുമുമ്പ് തന്നെ സ്ത്രീകളും സഭയുമെല്ലാം ഈ മദ്യശാലയ്ക്കെതിരെ സമരം തുടങ്ങിക്കഴിഞ്ഞിരുന്നു. കടുത്ത സമരം എന്തുവന്നാലും മദ്യശാലക്ക് പഞ്ചായത്ത് അനുമതി കൊടുക്കരുതെന്നാണ് ഇവരുടെ ആവശ്യം. പക്ഷേ വരുന്നത് പഞ്ചനക്ഷത്രനാണെന്നറിഞ്ഞതോടെ വികസനോന്മുഖരായ ജനപ്രതിനിധികൾ ഒറ്റക്കെട്ടായി. വലതില്ല, ഇടതില്ല, ഗ്രൂപ്പില്ല. വികസനം വേണം.
 അത് കായൽ കൈയേറിയായാലും സർക്കാർഭൂമി കൈയേറിയായാലും കുഴപ്പമില്ല. സമരത്തിന് പുറത്ത് പിന്തുണയും അകത്ത് അനുമതിക്ക് ഒറ്റക്കെട്ടും.     പഞ്ചായത്ത് യോഗത്തിൽ എതിർക്കാൻ ശ്രമിച്ച രണ്ട് മൂന്ന് പേർക്ക് മിണ്ടാൻപോലും സമയം കൊടുത്തില്ല. അതിന് മുമ്പ് കൊടുത്തു പഞ്ചനക്ഷത്രത്തിന് അനുമതി. അനുമതി നൽകി പുറത്തിറങ്ങിയ ഭരണസമിതിക്കാരും സെക്രട്ടറിയും തല്ലാനെത്തിയ സമരക്കാരെ കണ്ട് ഓടിയ ഓട്ടം ജനം ഇന്നും മറന്നിട്ടില്ല.      കഠിനംകുളത്തെ നക്ഷത്ര ബാർകക്ഷികളെ ഒരുമിപ്പിച്ചെങ്കിൽ ഉഴമലയ്ക്കലിലെ ക്വാറികൾ ഭിന്നിപ്പിക്കുകയാണ് ചെയ്തത്.  സ്വതന്ത്രയെ പിൻതാങ്ങി പ്രസിഡന്റ് പദത്തിലെത്തിച്ച് പതിനഞ്ച് മാസം തികയും മുൻപേ താഴെയിറക്കി ഇവിടെ കോൺഗ്രസുകാർ  ഭരണം എൽ.ഡി.എഫിന് നൽകി.     
    15 അംഗ പഞ്ചായത്തിൽ കോൺഗ്രസ് ആറ്, സി.പി.എം. ഏഴ്, സ്വതന്ത്രർ രണ്ട് എന്നതായിരുന്നു കക്ഷിനില. ഏഴ് അംഗങ്ങളുണ്ടായിരുന്നെങ്കിലും സ്വതന്ത്രരുടെ പിന്തുണ നേടി ഭരണത്തിലെത്താൻ സി.പി.എം. തയ്യാറായില്ല. ആറ് അംഗങ്ങളുള്ള കോൺഗ്രസ്, സ്വതന്ത്രയായി വിജയിച്ച ലതകുമാരിയെ പിൻതാങ്ങി ഭരണം ഏറ്റെടുത്തു.  പഞ്ചായത്തിൽ തുടങ്ങാൻപോകുന്ന രണ്ട് ക്വാറികൾക്ക് അനുമതി നൽകാൻ പ്രസിഡന്റിന് സമ്മതം. കോൺഗ്രസിന് എതിർപ്പ്. പ്രസിഡന്റിന്റെ ഏകാധിപത്യ ഭരണം സഹിക്കാനാവില്ലെന്ന് ആരോപിച്ച് കോൺഗ്രസ് പിൻതുണ പിൻവലിച്ചു. ഇതോടെ സി.പി.എം. അവിശ്വാസ പ്രമേയ നോട്ടീസ് നൽകി.     
സ്വതന്ത്രനായി വിജയിച്ച മുൻ സി.പി.എം. അംഗം എ.ബിജുവിനെ ഏഴയലത്ത് നിർത്തിയിരുന്ന സി.പി.എം. അദ്ദേഹത്തിന് വൈസ് പ്രസിഡന്റ് സ്ഥാനം വാഗ്ദാനം ചെയ്തു. അവിശ്വാസ ചർച്ചയിൽ കോൺഗ്രസ് അംഗങ്ങൾ പങ്കെടുത്തില്ല. ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിൽ അവിശ്വാസം വിജയിച്ചു. ബിജു പിന്നീട് സി.പി.എമ്മിൽ ചേർന്നു. കോൺഗ്രസിന് ക്വാറിപ്രശ്നം നഷ്ടംവരുത്തിയെങ്കിൽ സി.പി.എമ്മിന് അത് ലാഭമായി. ഏഴ് സീറ്റുമായി അധികാരത്തിലേറിയ സി.പി.എം എട്ട് സീറ്റുമായാണ് അധികാരത്തിൽ നിന്നിറങ്ങുന്നത്.      
രണ്ട് സ്വതന്ത്രൻമാരുടെ പിന്തുണയോടെ എൽ.ഡി.എഫ് അധികാരത്തിൽ എത്തിയ നെടുമങ്ങാട് നഗരസഭയിൽ ബാറിന് അനുമതി നൽകുന്നതിനെ എതിർത്തും അനുകൂലിച്ചും രാഷ്ട്രീയഭേദമില്ലാതെ മൂന്ന് വർഷമാണ് കൗൺസിലർമാർ ഏറ്റുമുട്ടിയത്. സർക്കാർ ബാറുകൾ പൂട്ടിച്ചതോടെയാണ് രംഗം ശാന്തമായത്.
(തുടരും)