കോട്ടയം: പാമ്പാടി ബസ് സ്റ്റാന്‍ഡ് മൈതാനത്ത്  നടന്ന തിരഞ്ഞെടുപ്പുപ്രചാരണ കണ്‍വെന്‍ഷനില്‍ പങ്കെടുത്തവര്‍ക്കായി, ബാര്‍ക്കോഴക്കേസിനെക്കുറിച്ച് പരീക്ഷയിട്ടാല്‍ എല്ലാവരും പാസാകും. കാരണം ഈ കേസിനെക്കുറിച്ചാണ് പിണറായി വിജയന്‍ ഇവിടെ പ്രധാനമായി പ്രസംഗിച്ചത്.

 പച്ചമലയാളത്തിലുള്ള പ്രസംഗം ശരിക്കും സ്റ്റഡിക്ലാസ്. അമിതാവേശമോ കേള്‍വിക്കാരുടെ കൈയടിവാങ്ങാനുള്ള ചെപ്പടിവിദ്യകളോ ഇല്ല. അംഗവിക്ഷേപങ്ങളും കുറവ്. മുറിക്കയ്യന്‍ വെള്ളഷര്‍ട്ടിലും മുണ്ടിലുമെല്ലാം പച്ചമനുഷ്യന്റെ ടച്ച്.
 എല്ലായിടത്തും പ്രസംഗങ്ങള്‍ ഒരേരീതിയിലാണ്. എന്നാലും കേള്‍വിക്കാര്‍ക്ക് വിരസതയില്ല. കാച്ചിക്കുറുക്കിയ വാക്കുകള്‍. അതും ഏറിയാല്‍ അഞ്ചോ ആറോ. അവ ചേര്‍ന്നാല്‍ ഒരുവാചകം. വാക്കുകള്‍ക്കും വാചകങ്ങള്‍ക്കുമിടയില്‍ ഒരുനിമിഷത്തെ മൗനം.
 പ്രസംഗം തുടരുന്നതിനിടയില്‍ ചെറുമിന്നല്‍പ്പിണര്‍പോലുള്ള പ്രയോഗങ്ങള്‍. ആളുടെ പേരെടുത്ത് പറഞ്ഞില്ലെങ്കിലും ആരെയാണ് ഉദ്ദേശിച്ചതെന്ന് അണികള്‍ അറിയുന്നു.
 ഇത്തരത്തില്‍ മുമ്പുനടത്തിയ ചില പ്രയോഗങ്ങള്‍ കേരളം എന്നും ഓര്‍ക്കുന്നവ. ഇരുതലമൂര്‍ച്ചയുള്ളതാണ് വാക്കുകള്‍. പറഞ്ഞത് പിന്‍വലിക്കുന്ന രീതിയുമില്ല. പ്രസംഗത്തിനിടെ ചിരി വല്ലപ്പോഴും വന്നെങ്കിലായി. അപ്പോഴും മുഖത്തിന്റെ കോണില്‍ ഗൗരവം.
 ഇതൊക്കെയാണെങ്കിലും പിണറായിയെ അനുയായികള്‍ ഇഷ്ടപ്പെടുന്നു. പ്രസ്ഥാനത്തോടും പ്രത്യയശാസ്ത്രത്തോടും സഖാവിനുള്ള പ്രതിബദ്ധതയില്‍ അവര്‍ക്ക് സംശയമില്ല.  പ്രസംഗം തുടരുന്നു കെ.എം. മാണിയെ പ്രതിക്കൂട്ടിലാക്കി മുന്നോട്ട്. ആരോപണങ്ങളുടെ കുന്തമുന ഇടയ്ക്കിടെ ഉമ്മന്‍ചാണ്ടിക്കുനേരേയായി.

 അതിനുകാരണമുണ്ട്. പാമ്പാടി ഉമ്മന്‍ചാണ്ടിയുടെ തട്ടകമാണ്.
 ബാര്‍കോഴയാരോപണം ഉന്നയിച്ചത് ബാറുടമകളാണ്. ഇടതുപക്ഷമാണ് പറഞ്ഞതെങ്കില്‍ രാഷ്ട്രീയവിരോധത്താലാണെന്ന് ആരോപിക്കുമായിരുന്നു.
 തെളിവുകളുടെ മലവെള്ളപ്പാച്ചില്‍കണ്ട് പോലീസുകാര്‍ അമ്പരന്നു. വിജിലന്‍സ് കോടതിപോലും തുടരന്വേഷണം വിധിച്ചത് പിണറായി ചൂണ്ടിക്കാട്ടിയപ്പോള്‍ കേള്‍വിക്കാര്‍ക്ക് ഇനി വിചാരണ തുടങ്ങിക്കളയാമെന്ന് തോന്നി. സര്‍ക്കാറിന് മുഖമടച്ച് കിട്ടിയ അടിയാണ് കോടതിവിധിയെന്നുപറഞ്ഞ് ആ വിഷയത്തിന് വിരാമം.
 എല്ലാവിഭാഗം ജനങ്ങളും അസംതൃപ്തരാണെന്നോര്‍മിപ്പിച്ച്  റബ്ബര്‍കര്‍ഷകരുടെ അവസ്ഥ വിവരിച്ചു. ജില്ലയിലെ നല്ലൊരുവിഭാഗംവരുന്ന കര്‍ഷകരെ ലക്ഷ്യമിട്ടുള്ള വലയാണത്.
 ആര്‍.എസ്.എസ്സും വെള്ളാപ്പള്ളി നടേശനുമായി പുതിയ കരാര്‍ രൂപപ്പെടുകയാണെന്നുപറഞ്ഞ് ആ വിഷയത്തിലേക്ക്. വെള്ളാപ്പള്ളി നല്ല കരാറുകാരനാണെന്ന കുത്ത് തുടക്കത്തിലേയുണ്ട്. സംവരണം വേണ്ടെന്നു പറയുന്നവര്‍ക്കൊപ്പം എസ്.എന്‍.ഡി.പി. യോഗത്തെ കെട്ടാനുള്ള ശ്രമങ്ങളെ വിമര്‍ശിച്ചു. ഇവയ്ക്ക് ശ്രീനാരായണഗുരുവിന്റെ സൂക്തങ്ങള്‍ അകമ്പടിയായി.

 കേരളാഹൗസിലെ മെനുക്കാര്‍ഡില്‍നിന്ന് ബീഫ് പദം ഒഴിവാക്കി ബഫല്ലോ എന്നാക്കിയത് ആര്‍.എസ്.എസ്സിനെ പ്രീണിപ്പിക്കാനാണെന്നും ആരോപിച്ചു. മതനിരപേക്ഷതയുടെ രക്ഷയ്ക്കായി ഇടതുപക്ഷത്തെ തുണയ്ക്കാന്‍ എല്ലാവരെയും ആഹ്വാനംചെയ്തുകൊണ്ട് പ്രസംഗംനിര്‍ത്തി.
 മറവന്തുരുത്ത്, കടുത്തുരുത്തി, എന്നിവിടങ്ങളിലെ പ്രചാരണയോഗങ്ങള്‍ക്കുംശേഷം കോട്ടയം തിരുനക്കരയില്‍ സമാപനം. അത് തീര്‍ന്നപ്പോഴും നൂറ് ചുവപ്പന്‍ അഭിവാദ്യങ്ങള്‍ മുഴങ്ങി.
 എല്ലായിടത്തും നിഴല്‍പോലെ ജില്ലാസെക്രട്ടറി വി.എന്‍. വാസവന്‍. ഇടയ്ക്ക് പാര്‍ട്ടി ജില്ലാ കമ്മിറ്റിയോഫീസ് സന്ദര്‍ശനം.  സഖാക്കളുടെ വീടുകളിലൂടെ ഓട്ടപ്രദക്ഷിണം.