കാസര്‍കോട്: ഉദുമ ബസാറില്‍ ഡി.സി.സി. പ്രസിഡന്റ് അഡ്വ. സി.കെ. ശ്രീധരന്‍, കാട്ടാമ്പള്ളി സമരത്തെക്കുറിച്ചും അതില്‍ സോഷ്യലിസ്റ്റ് പ്രസ്ഥാനം വഹിച്ച പങ്കിനെക്കുറിച്ചും പ്രസംഗിച്ചുകൊണ്ടിരിക്കെയാണ് എം.പി. വീരേന്ദ്രകുമാര്‍ എത്തിയത്. മതേതരത്വത്തിന്റെ കാവലാളായ പ്രിയനേതാവ് എത്തിയെന്ന് ശ്രീധരന്‍ അറിയിക്കുന്നതിനു മുമ്പേ അഭിവാദ്യംചെയ്ത് സദസ്സ് എഴുന്നേറ്റു.

ഒമ്പത് ദളിത് കുടുംബങ്ങളെ കുടിയിറക്കിയ ആദ്യ കമ്യൂണിസ്റ്റ് സര്‍ക്കാറിനെതിരെ നടന്ന കാട്ടാമ്പള്ളി സമരം, അതുമായി ബന്ധപ്പെട്ട് ഉദുമയിലെ സോഷ്യലിസ്റ്റ് നേതാവ് ബാലകൃഷ്ണന് മര്‍ദനമേറ്റതും കാഴ്ചനഷ്ടപ്പെട്ടതും. സഹപ്രവര്‍ത്തകനായിരുന്ന ബാലകൃഷ്ണനെക്കുറിച്ച് കേട്ടതോടെ വീരേന്ദ്രകുമാര്‍ വികാരാധീനനായി.
ത്യാഗിയായിരുന്ന ബാലകൃഷ്ണനെ അനുസ്മരിച്ചുകൊണ്ടാണ് അദ്ദേഹം പ്രസംഗം തുടങ്ങിയത്. ''ഇന്നലെ ഞാന്‍ കൂത്തുപറമ്പില്‍ പ്രസംഗിച്ചു. അവിടെവെച്ച് പ്രവര്‍ത്തകര്‍ പറഞ്ഞു, കഴിഞ്ഞദിവസം ആയുധശേഖരം പിടികൂടിയെന്ന്. ആയുധശേഖരം മാത്രമല്ല, അരക്കിലോ നായ്കുര്‍ണപൊടിയും പിടിച്ചുവെന്ന്. കൊടി സുനിയെ ഒളിപ്പിച്ച മുടക്കോഴി മലയില്‍നിന്നും ബോംബ് പിടിച്ചുവത്രെ. ബോംബും വാളും നായ്കുര്‍ണപൊടിയുംകൊണ്ടാണോ തിരഞ്ഞെടുപ്പിനെ നേരിടേണ്ടത്?''

ഈ ചോദ്യത്തോടെ തിരഞ്ഞെടുപ്പിന്റെ രാഷ്ട്രീയപ്രാധാന്യത്തിലേക്ക് വീരേന്ദ്രകുമാര്‍ ചോദ്യവും ഉത്തരവും ഇടകലര്‍ത്തി മുന്നേറുമ്പോള്‍ ഒരു ക്‌ളാസിലെന്നപോലെ സദസ്സ്. പത്തുദിവസത്തോളം ബിഹാറിലെ ഗ്രാമഗ്രാമാന്തരങ്ങളില്‍ മതനിരപേക്ഷ ജനാധിപത്യ സഖ്യത്തിനുവേണ്ടി പ്രചാരണം നടത്തിയ ശേഷമാണ് ജനതാദള്‍ (യു) സംസ്ഥാന പ്രസിഡന്റ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയത്.
ബിഹാര്‍ തിരഞ്ഞെടുപ്പുരംഗത്തുണ്ടായിരുന്നതിന്റെ അനുഭവത്തിലൂടെ ഇന്ത്യയുടെ ഇന്നത്തെ അവസ്ഥ വീരേന്ദ്രകുമാര്‍ വരച്ചുകാട്ടി. ''ബിഹാറിലെ ഒരു ഗ്രാമത്തില്‍ ചായക്കടയില്‍ ചെന്നപ്പോള്‍ കടക്കാരന്‍ പറഞ്ഞു. സര്‍, ഇവിടെ എന്തൊക്കെയാണ് പാകംചെയ്യുന്നതെന്നും വില്‍ക്കുന്നതെന്നും നോക്കാന്‍ ചിലര്‍ എത്തുന്നുവെന്ന്. അവിടെ കച്ചവടക്കാര്‍പോലും ഭീഷണിയിലാണ്. മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ എന്നോടുപറഞ്ഞത് ഗോഡ്‌സേക്ക് അമ്പലംപണിയാന്‍ ചിലര്‍ നീക്കം നടത്തുന്നുണ്ടെന്നാണ്. എങ്ങോട്ടാണീ രാജ്യത്തിന്റെ പോക്ക്''
ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനുള്ള സ്വാതന്ത്ര്യത്തെക്കുറിച്ചും ദളിതര്‍ക്കെതിരെ നടക്കുന്ന കൊടുംക്രൂരതകള്‍, ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ വികസന മുന്നേറ്റം, 'ബി.ജെ.പി.യുടെ ഫാസിസത്തെ' എതിര്‍ക്കുന്നവെന്നു പറയുന്ന സി.പി.എം. 'അക്രമരാഷ്ട്രീയം' നടപ്പാക്കുന്നതുമെല്ലാം അരമണിക്കൂര്‍ നീണ്ട പ്രസംഗത്തില്‍ വിഷയമായി.

ഉദുമയിലും കാഞ്ഞങ്ങാട്ടും പരപ്പയിലും തൃക്കരിപ്പൂരിലുമാണ് വെള്ളിയാഴ്ച വീരേന്ദ്രകുമാര്‍ പ്രസംഗിച്ചത്. ഓരോ സ്ഥലത്തെത്തുമ്പോഴും പരിചയക്കാരുടെ വന്‍നിര. ''ഞാനിവിടെ പലതവണ വന്നിട്ടുണ്ട്. പലതവണ ഇവിടെ പ്രസംഗിച്ചിട്ടുണ്ട്. ഇനിയും വരും, നിങ്ങളുടെ വിജയാഹ്‌ളാദത്തില്‍ പങ്കെടുക്കാന്‍'' എന്ന് ഓരോ വേദിയിലും പറയുമ്പോള്‍ നിലയ്ക്കാത്ത ഹര്‍ഷാരവം.
വാഹനത്തില്‍ സഞ്ചരിക്കുമ്പോള്‍ ജനതാദള്‍ സീനിയര്‍ വൈസ് പ്രസിഡന്റ് കോരന്‍ മാസ്റ്റര്‍, ജില്ലാ പ്രസിഡന്റ് എ.വി. രാമകൃഷ്ണന്‍ എന്നിവരോട്  പഴയ ഓര്‍മകള്‍ പങ്കുവെച്ചു.
സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ പൊതുതിരഞ്ഞെടുപ്പില്‍ പ്രചാരണരംഗത്തിറങ്ങിയ എം.പി. വീരേന്ദ്രകുമാര്‍ തിരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് 63 വര്‍ഷം പിന്നിടുകയാണ്. ''കിഴക്കോത്താണ് ഞാന്‍ ആദ്യമായി പ്രസംഗിച്ചത്. അച്ഛന്‍ പത്മപ്രഭാ ഗൗഡര്‍ മദിരാശി അസംബ്‌ളിയിലേക്ക് മത്സരിക്കുന്നു. അച്ഛനോടൊപ്പം ജയപ്രകാശ് നാരായണനെ കോഴിക്കോട്ടുവെച്ച് കണ്ടു. അദ്ദേഹത്തില്‍നിന്നും സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ അംഗത്വമെടുത്തു. ആ തിരഞ്ഞെടുപ്പില്‍ കോഴിപ്പുറത്ത് മാധവമേനോനെതിരെ മത്സരിച്ച എന്റെ പിതാവിനുവേണ്ടി വോട്ടുചോദിക്കാന്‍ എ.കെ.ജി.യും വന്നു. എ.കെ.ജി.യുമായുള്ള ബന്ധം അന്നാണ് തുടങ്ങിയത്. ആ തിരഞ്ഞെടുപ്പില്‍ ഇന്നത്തെ കൊടുവള്ളി മണ്ഡലത്തില്‍പ്പെട്ട കിഴക്കോത്ത് പ്രസംഗിച്ചതാണ് ഈ രംഗത്തെ ആദ്യാനുഭവം.''
ആറ് പതിറ്റാണ്ടിലേറെ തിരഞ്ഞെടുപ്പനുഭവങ്ങളുള്ളതില്‍ ഇപ്പോഴത്തേതിന് പ്രത്യേക പ്രാധാന്യമുണ്ടെന്ന് വീരേന്ദ്രകുമാര്‍ പറയുന്നു. പരപ്പയിലും തൃക്കരിപ്പൂരിലും അദ്ദേഹം പറഞ്ഞു. ''ഫാസിസം വരുന്നുണ്ടെന്നാണ് മുമ്പ് പറഞ്ഞുകേട്ടത്. ഇപ്പോഴതാ ഇങ്ങെത്തിയിരിക്കുന്നു. തുടക്കം കുറിച്ചവര്‍ക്കുതന്നെ വിനയാവുകയാണ്. വാജ്‌പേയിയുടെ സെക്രട്ടറിയായിരുന്ന കുല്‍ക്കര്‍ണിയുടെ മുഖത്ത് കരിഓയില്‍ ഒഴിച്ചു. കശ്മീരില്‍ സഖ്യകക്ഷി എം.എല്‍.എ. പോത്തിറച്ചി കഴിച്ചെന്നുപറഞ്ഞ് കരിഓയില്‍ ഒഴിച്ചു. ദളിത്കുട്ടികളെ ചുട്ടുകൊന്നതിനെക്കുറിച്ച് കേന്ദ്രമന്ത്രി പറഞ്ഞത് നായ്ക്കളെ ആരെങ്കിലും കല്ലെറിഞ്ഞാല്‍ സര്‍ക്കാര്‍ എന്തുചെയ്യുമെന്നാണ്.''

ഭയാനകമായ ഈ സ്ഥിതി നേരിടാന്‍ ബിഹാറില്‍ കോണ്‍ഗ്രസ്സും ജനതാദള്‍ (യു)വും ആര്‍.ജെ.ഡിയും ചേര്‍ന്ന് മഹാസഖ്യമുണ്ടാക്കി മത്സരിക്കുകയാണ്. എന്നാല്‍ അവിടെ സി.പി.എമ്മും ഇടതുപക്ഷവും വോട്ടുകള്‍ ഭിന്നിപ്പിച്ച് ബി.ജെ.പി.യെ സഹായിക്കുകയാണെന്നും വര്‍ഗീയതയ്‌ക്കെതിരായ സമരത്തില്‍ സി.പി.എമ്മിന് ആത്മാര്‍ഥതയില്ലെന്നും വിവരിച്ചുകൊണ്ട് സദസ്സിനോട് ഒരുചോദ്യം, ''ഞാന്‍ വെറുതെ ചോദിക്കുകയാണ്... ഉത്തരം നിങ്ങള്‍ കണ്ടെത്തിയാല്‍ മതി. ആരാണ് ബി.ജെ.പി.യെ സഹായിക്കുന്നത്, സി.പി.എമ്മോ, യു.ഡി.എഫോ? മതനിരപേക്ഷ ജനാധിപത്യശക്തികള്‍ മുഴുവന്‍ ഒറ്റക്കെട്ടായി അണിനിരക്കണമെന്ന കാലഘട്ടത്തിന്റെ ചുവരെഴുത്ത് ആര്‍ക്കാണ് മനസ്സിലാവാത്തത്? വര്‍ഗീയ ഫാസിസവും അതിനെതിരായ ശക്തികളും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്ന ബിഹാറില്‍ ഇടതുപക്ഷം എന്താണ് ചെയ്യുന്നത്?''
ഉത്തരങ്ങള്‍ നിറഞ്ഞ ചോദ്യങ്ങളെറിഞ്ഞുകൊണ്ട് ഒരേസമയം യു.ഡി.എഫിനുവേണ്ടി വോട്ടഭ്യര്‍ഥിക്കുകയും മതനിരപേക്ഷതയുടെ, വര്‍ഗീയവിരുദ്ധതയുടെ പ്രബോധനം നടത്തുകയും ചെയ്തുകൊണ്ടാണ് വീരേന്ദ്രകുമാര്‍ പ്രസംഗം നിര്‍ത്തുന്നത്.