ആലപ്പുഴ: പാരഡിഗാനങ്ങള്‍ കേട്ട് ചിരിച്ചുനിന്നവര്‍ക്കിടയിലേക്ക് ബി.ജെ.പി. സംസ്ഥാനധ്യക്ഷന്‍ വി. മുരളീധരന്‍ വന്നിറങ്ങി. പെട്ടെന്ന് അന്തരീക്ഷത്തിനൊരു ഗൗരവം. നിശ്ശബ്ദത. എഴുന്നേറ്റുനിന്ന് ആദരം പ്രകടിപ്പിച്ചവര്‍ക്കിടയിലൂടെ തൊഴുകൈയുമായി അദ്ദേഹം വേദിയിലേക്ക്. മാവേലിക്കര നഗരസഭയിലെ ബി.ജെ.പി. സ്ഥാനാര്‍ഥികള്‍ക്കുവേണ്ടി നടന്ന കുടുംബസംഗമം ഉദ്ഘാടനം ചെയ്യാനാണ് എത്തിയത്.

2കാവിയും പച്ചയും ചേര്‍ന്ന വിരിപ്പിട്ട വേദി. അരികില്‍ ഭാരതാംബയുടെ ചിത്രം. ആദ്യം വന്ദേ മാതരം. അധ്യക്ഷന്‍ പറഞ്ഞു ''മുരളിച്ചേട്ടന് ഒട്ടേറെ സ്ഥലങ്ങളില്‍ എത്താനുള്ളതാണ്. അതിനാല്‍ ഉദ്ഘാടനത്തിന് ക്ഷണിക്കുന്നു.'' മുരളീധരന്‍ പ്രസംഗപീഠത്തിനരികിലേക്ക്.

ബാര്‍ കോഴക്കേസില്‍ മന്ത്രി കെ.എം. മാണിക്കെതിരെ വന്ന കോടതിവിധി മുന്‍നിര്‍ത്തി പ്രസംഗം ആരംഭിച്ചു. ''വിജിലന്‍സ് കോടതിവിധിയോടെ ഇന്നലെ വരെയുള്ള തിരഞ്ഞെടുപ്പിന്റെ ചിത്രം മാറിയിരിക്കുന്നു. ബി.ജെ.പി. സംസ്ഥാനഅധ്യക്ഷനും കൂടി നല്കിയ ഹര്‍ജിയിലാണ് വിധി. മുഖ്യമന്ത്രി ഉമ്മ!ന്‍ചാണ്ടി പറഞ്ഞത് ഈ തിരഞ്ഞെടുപ്പ് സര്‍ക്കാറിന്റെ വിലയിരുത്തല്‍ കൂടിയാണെന്നാണ്. വിലയിരുത്തലായി കോടതിവിധി. അതിന്റെ അടിസ്ഥാനത്തില്‍ മാണി മാത്രമല്ല ആഭ്യന്ത്രമന്ത്രിയും മുഖ്യമന്ത്രിയും രാജിെവക്കണം.''

അടുത്തത് സി.പി.എമ്മിനെതിരെ. ''ബാര്‍ കോഴക്കേസ് കേന്ദ്ര ഏജന്‍സി  അന്വേഷിക്കുന്നതിന് എതിരുനിന്നവരാണ് സി.പി.എമ്മുകാര്‍. കണ്‍സ്യൂമര്‍ ഫെഡ്, കശുവണ്ടിവികസന കോര്‍പ്പറേഷന്‍, സോളാര്‍, ടൈറ്റാനിയം അഴിമതികളൊന്നും അവര്‍ ചര്‍ച്ചയാക്കുന്നില്ല. പകരം ബി.ജെ.പി.യുമായി സഖ്യത്തിലേ!!ര്‍പ്പെട്ട എസ്.എന്‍.ഡി.പി. യോഗം നേതാവിനെതിരെയാണ്. ശാശ്വതികാനന്ദ സ്വാമിയുടെ മരണം കൊലപാതകമാണെന്ന് ഇപ്പോള്‍ വെളിപാട്. യു.!ഡി.എഫും എല്‍.ഡി.എഫും മാറിമാറി ഭരിച്ചപ്പോള്‍ എന്തേ അന്വേഷിക്കാതിരുന്നത്?''

നരേന്ദ്രമോദി സര്‍ക്കാറിന്റ ഭരണനേട്ടം വിവരിച്ച് പ്രസംഗം അവസാനിപ്പിച്ച്  ഇറങ്ങുമ്പോള്‍ വികസനരേഖയുടെ പ്രകാശനം. തൊഴുകൈയോടെ മടക്കം. അടുത്ത കുടുംബയോഗം ചെട്ടികുളങ്ങരയില്‍. വെടിക്കെട്ടോടെയായിരുന്നു സ്വീകരണം. ചെട്ടികുളങ്ങര സി.പി.എം. ഭരണത്തിലാണ്. അതിനാല്‍ ആദ്യം സി.പി.എമ്മിനെ ആക്രമിച്ച് പ്രസംഗം തുടങ്ങി. ഇടതു, വലതു മുന്നണികളുടെ അഴിമതിക്കൂട്ടുകെട്ടും നരേന്ദ്രമോദി സര്‍ക്കാറിന്റെ വികസനനയവും അക്കമിട്ട് നിരത്തി. എല്ലാം കഴിഞ്ഞ് മടങ്ങുമ്പോഴും പ്രസാദാത്മകമായ പുഞ്ചിരി മുരളീധരനില്‍ മങ്ങാതെ നിന്നു.