കോഴിക്കോട്: എല്ലാവർക്കും എളുപ്പം ഇണങ്ങുകയും വഴങ്ങുകയും ചെയ്യുന്ന വസ്ത്രമല്ല ഖദർ. ധരിക്കുന്നവരുടെ പ്രകൃതത്തിനനുസരിച്ച് അത് അദ്‌ഭുതകരമായി പെട്ടെന്നുടഞ്ഞും മുഷിഞ്ഞും രൂപവും ഭാവവും മാറും. എന്നാൽ, ചിലർ അതിരാവിലെ അലക്കിത്തേച്ച് ധരിക്കുന്ന ഖദർവസ്ത്രം അർധരാത്രിയിലും അതേ വടിവിലും വിശുദ്ധിയിലും നിൽക്കും. 

വി.എം. സുധീരൻ അത്തരത്തിലുള്ളയാളാണ്. അതുകൊണ്ട് ഒരുദിവസം തന്നെ പലതവണ അദ്ദേഹത്തിന് തന്റെ ഖദർ ഷർട്ട് മാറേണ്ടിവരാറില്ല; സ്വന്തം നിലപാടുകളെപ്പോലെതന്നെ. എന്നാൽ, ബുധനാഴ്ച ഉച്ചയ്ക്ക് വയനാട്ടിൽനിന്ന് കോഴിക്കോട്ടേക്ക് താമരശ്ശേരിച്ചുരമിറങ്ങും മുമ്പ് അദ്ദേഹം ഷർട്ടൊന്ന് മാറി. അവിടവിടെ ചാറ്റൽമഴ നനഞ്ഞതുകാരണം.കോഴിക്കോട് ജില്ലയിലെ ആദ്യ പൊതുയോഗമായ കോടഞ്ചേരിയിൽ അദ്ദേഹം എത്തുമ്പോൾ മഴ ചാറുന്നുണ്ടായിരുന്നു.

അതീവ ശാന്തനായി, ആൾക്കൂട്ടത്തോട് അമിതമായ ആംഗ്യങ്ങളില്ലാതെ വേദിയിലേക്ക്. സുധീരൻ പ്രസംഗിക്കുമ്പോൾ ആൾക്കൂട്ടം പെട്ടെന്നുള്ള ആവേശത്തിൽ ഇളകിമറിയുന്നില്ല.
അതിശ്രദ്ധയോടെ കേട്ടിരിക്കുന്നു. ചിന്തയുടെ തെളിമയും നിലപാടുകളിലെ കൃത്യതയും പറയുന്ന വാക്കുകളിലുമുണ്ട്. സി.പി.എമ്മിനെ നിശിതമായി വിമർശിക്കുമ്പോഴും ഇടതുപക്ഷം ഇവിടെ നിലനിൽക്കണം എന്നുപറയാനുള്ള സത്യസന്ധതയും പ്രതിപക്ഷ ബഹുമാനവും അദ്ദേഹം കാത്തുസൂക്ഷിക്കുന്നു: ‘മഹത്തായ ആശയങ്ങളുടെ പേരിലായിരുന്നു കമ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ അറിയപ്പെട്ടിരുന്നത്.

എന്നാൽ, ഇന്ന് ക്രിമിനലിസമാണ് സി.പി.എം. പ്രചരിപ്പിക്കുന്നത്. കൊലക്കേസുകളിലുൾപ്പെട്ടവരെ സ്ഥാനാർഥികളാക്കാൻ അവർക്ക് മടിയില്ലെന്നുമാത്രമല്ല അതിനെ ന്യായീകരിക്കുകയും ചെയ്യുന്നു. അതിനെയാണ് ഞാൻ എതിർക്കുന്നത്. അല്ലാതെ സി.പി.എം. എന്ന പാർട്ടിയെ അല്ല’ -ഒരുപക്ഷേ സുധീരനുമാത്രം പറയാൻ സാധിക്കുന്ന വാക്കുകൾ.

തൊട്ടടുത്ത പൊതുയോഗസ്ഥലമായ മുക്കത്തേക്ക് സഞ്ചരിക്കുമ്പോൾ സുധീരനിൽ രാഷ്ട്രീയം മാത്രമല്ല പ്രണയവും നിറഞ്ഞു. തിരഞ്ഞെടുപ്പിന്റെ രാഷ്ട്രീയവും ‘എന്ന് സ്വന്തം മൊയ്കീൻ’ എന്ന സിനിമ ഉണർത്തിയ പ്രണയവും. ബി.പി. മൊയ്തീന്റെയും കാഞ്ചനമാലയുടെയും പ്രണയം പറഞ്ഞ ആ സിനിമ കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ അൽപ്പം കർക്കശക്കാരനായ പ്രസിഡന്റിനെ ഏറെ ആർദ്രനാക്കി എന്ന് സംസാരത്തിൽനിന്ന് വ്യക്തം: ‘ബി.പി. മൊയ്തീനെ വ്യക്തിപരമായി എനിക്കറിയില്ലായിരുന്നു. എന്നാൽ, അദ്ദേഹത്തിന്റെ സഹോദരനും കോൺഗ്രസ് നേതാവുമായ ബി.പി. റഷീദിനെ നല്ല പരിചയമാണ്. മൊയ്തീന്റെയും കാഞ്ചനയുടെയും പ്രണയം പറഞ്ഞ ആ സിനിമ എന്നെ വല്ലാതെ സ്പർശിച്ചു’. റിബലുകളെ കർശനമായി നേരിടുന്ന പ്രസിഡന്റ്‌ ആയിരുന്നില്ല അദ്ദേഹമപ്പോൾ.

മുന്നിൽപ്പോകുന്ന പൈലറ്റ് വാഹനം കെ.പി.സി.സി. പ്രസിഡന്റിനെ പ്രശംസകൊണ്ട് മൂടിയപ്പോൾ സുധീരൻ ഡി.സി.സി. പ്രസിഡന്റ്‌ കെ.സി. അബുവിനോട് പറഞ്ഞു: ‘ഇത് വേണ്ടായിരുന്നു. ഇതൊരു പഴയ ആചാരമാണ്; മുഷിപ്പനും’. എന്നിട്ടും മുന്നിലെ വാഹനം പ്രശംസ കൂടുതൽ ഉച്ചത്തിൽ ചൊരിഞ്ഞപ്പോൾ സുധീരൻ തന്റെ വണ്ടി അതിന്റെ മുന്നിലേക്ക് കയറ്റിയെടുക്കാൻ പറഞ്ഞു; ‘സ്തുതിയും അധികം പാടിയാൽ സ്വൈരക്കേടാണ്’ എന്ന മട്ടിൽ. ഇപ്പോൾ പ്രശംസ സുധീരന്റെ പിറകിലാണ്.

മുക്കത്ത് എസ്.കെ. പൊറ്റെക്കാട്ട്‌ പാർക്കിലെ പൊതുയോഗത്തിനുശേഷം സുധീരൻ പോയത് ബി.പി. മൊയ്തീന്റെ കാഞ്ചനമാലയെക്കാണാൻ. മഴയിൽക്കുതിർന്ന് ചൂളിനിൽക്കുന്ന ബി.പി. മൊയ്തീൻ സേവാമന്ദിരത്തിലെ ഇരുട്ടുപരന്ന മുറിയിൽ ഓർമകളും മധുരഫലങ്ങളുമായി കാഞ്ചനമാല കാത്തിരുന്നു. മനസ്സിനെത്തൊട്ട ജീവിതകാവ്യത്തിലെ നായികയെ കൺനിറയെ അദ്ദേഹം കണ്ടു. ‘കാഞ്ചനച്ചേച്ചി’ എന്നുവിളിച്ച് സന്ദർശകപുസ്തകത്തിൽ നല്ലവാക്കുകൾ കുറിച്ചു, സ്നേഹത്തിന്റെ പഴം കഴിച്ചു. സേവാമന്ദിരത്തിന് എല്ലാസഹായവും വാഗ്ദാനം ചെയ്ത് ഇറങ്ങുമ്പോൾ അടുത്തസ്ഥലത്ത് ജനക്കൂട്ടം കാത്തുനിൽക്കുന്ന വിവരം വന്നു. പ്രണയത്തിന്റെ മണ്ണിൽനിന്ന് വീണ്ടും പോരാട്ടത്തിന്റെ നടുവിലേക്ക് -ധരിച്ച ഖദർ ഒട്ടും ഉലയാതെ, തെളിഞ്ഞ ചിരിയോടെ...സുധീരനായി.