കോട്ടയം: ആരവങ്ങള്‍ക്കിടയിലേക്ക് ആവേശത്തിരയിളക്കി പ്രചാരണനായകനെത്തി. യു.ഡി.എഫിന്റെ തിരഞ്ഞെടുപ്പുപ്രചാരണത്തിന് ചുക്കാന്‍പിടിക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് സ്വന്തം തട്ടകത്തില്‍ത്തന്നെയായിരുന്നു ശനിയാഴ്ച ദൗത്യം. ഡോക്ടറുടെ നിര്‍ദേശംപോലും അവഗണിച്ചായിരുന്നു യാത്ര.

'അരുവിക്കര'യില്‍നിന്ന് ഒപ്പംചേര്‍ന്നതാണ് തൊണ്ടവേദന. ഇടയ്ക്കിടെ ആവര്‍ത്തിച്ചപ്പോള്‍ ഡോക്ടര്‍മാര്‍ ഒരാഴ്ചത്തെ വിശ്രമം വിധിച്ചു. തിരഞ്ഞെടുപ്പുവേളയില്‍ പക്ഷേ, ഇതെങ്ങനെ പാലിക്കാനാകും. പ്രാതല്‍ കഴിഞ്ഞയുടന്‍ തലസ്ഥാനത്തുനിന്നു ശനിയാഴ്ച രാവിലെതന്നെ മുഖ്യന്‍ കോട്ടയത്തേക്ക് തിരിച്ചതാണ്. ഉഴവൂരില്‍ ഉച്ചയോടെ പ്രചാരണം തുടങ്ങി. ഇതിനുമുമ്പ് ചിങ്ങവനം ദയറാ പള്ളിയിലുള്‍പ്പെടെ കല്യാണങ്ങള്‍ക്കെത്തി വധൂവരന്മാര്‍ക്ക് മംഗളാശംസ നേര്‍ന്നു.

ഔദ്യോഗികവാഹനം ഒഴിവാക്കി സ്വകാര്യകാറിലായിരുന്നു യാത്ര. ഉച്ചയ്ക്ക് ഒന്നേകാലോടെ കോട്ടയം ടി.ബി.യിലെത്തി. വലിയ തിരക്കുകള്‍ക്കുമുമ്പ് ചെറിയ ഇടവേള. ഉമ്മന്‍ചാണ്ടിയുടെ ജീവിതത്തില്‍ ഇടവേളകള്‍ അപൂര്‍വമായിമാത്രം വിരുന്നുവരുന്നവയാണ്.
ടി.ബി. ജീവനക്കാരനായ ബാബു ഊണ് കൊണ്ടുവന്നു. പരിപ്പും സാമ്പാറും അവിയലും പപ്പടവും അടങ്ങിയ ഭക്ഷണം കഴിക്കുന്നതിനിടയിലും മൊബൈല്‍ഫോണ്‍ ശബ്ദിച്ചുകൊണ്ടേയിരുന്നു. പ്രചാരണകണ്‍വെന്‍ഷനില്‍ താനെത്തിച്ചേരുമെന്ന മുഖ്യമന്ത്രിയുടെ മറുപടി നേരിട്ട് കിട്ടിയതോടെ കിടങ്ങൂരിലെ പാര്‍ട്ടിക്കാര്‍ക്ക് സന്തോഷം. നാട്ടിലെ സൗഹൃദങ്ങളും പുതുക്കിയാണ് ഉമ്മന്‍ചാണ്ടിയുടെ പ്രചാരണങ്ങള്‍. ചുറ്റിലുമുള്ള അണികളോട് കുശലംപറഞ്ഞേ ഓരോ യോഗസ്ഥലത്തുനിന്നും മടങ്ങൂ.

ഈ തിരഞ്ഞെടുപ്പിലും വിജയം ആവര്‍ത്തിച്ചാല്‍ സംസ്ഥാനത്ത് ഭരണത്തുടര്‍ച്ചയെന്ന ചരിത്രനേട്ടം കൈവരിക്കാമെന്ന് ഓരോ യോഗത്തിലും പ്രവര്‍ത്തകരെ ഓര്‍മിപ്പിക്കുന്നു. ഭരണവിരുദ്ധ തരംഗമില്ല, അനുകൂല വികാരമാണുള്ളത്. ഇത് യു.ഡി.എഫിന്റെ ഐക്യം നിമിത്തമാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. കിടങ്ങൂര്‍ കോട്ടപ്പുറം കവലയില്‍, കേന്ദ്രസര്‍ക്കാറിനെ വിമര്‍ശിച്ചായിരുന്നു തുടക്കം. ബി.ജെ.പി. ഭരണം ജനതയെ ഭിന്നചേരിയിലാക്കി. സമൂഹത്തില്‍ വിദ്വേഷമുണരുന്നുവെന്ന് ഓര്‍മപ്പെടുത്തല്‍.

പിന്നീട് സി.പി.എമ്മിന് നേരെയായി. വിശ്വാസ്യതയില്ലാത്ത പ്രതിപക്ഷമെന്നായിരുന്നു വിശേഷണം. പഞ്ചായത്തുകളില്‍ യു.ഡി.എഫ്. നടപ്പാക്കിയ പദ്ധതികളെക്കുറിച്ചും ചെറു വിശദീകരണം. പത്തുമിനിറ്റില്‍ പ്രസംഗം തീര്‍ത്തശേഷം സ്ഥാനാര്‍ഥികളെ പരിചയപ്പെടുത്തല്‍. രാവിന്റെ സ്പര്‍ശമെത്തിയപ്പോഴും ഉമ്മന്‍ചാണ്ടിക്ക് വിശ്രമമില്ല. കാഞ്ഞിരമറ്റം ഭാഗം കഴിഞ്ഞതേയുള്ളൂ. യു.ഡി.എഫ്. കുടുംബസംഗമത്തിനെത്തുന്ന നാടിന്റെ സ്വന്തം 'കുഞ്ഞൂഞ്ഞി'നെ കാത്ത് പുതുപ്പള്ളിയില്‍ അപ്പോഴേക്കും ഒരുക്കംതുടങ്ങിയിരുന്നു.