കൊച്ചി: എറണാകുളത്തിന്റെ വൈകുന്നേരങ്ങളില്‍ ഇപ്പോള്‍ ദിവസവും മിന്നലുകളുണ്ട്. കെട്ടിപ്പൊക്കിെവച്ചിരിക്കുന്ന സ്വപ്നസൗധങ്ങള്‍ക്കുമീതെ ആകാശത്തുനിന്നുള്ള അഗ്‌നിഞരമ്പുകളായി അവ ഇറങ്ങിവരും. പക്ഷേ, ഇന്നലെ പകല്‍മുഴുവന്‍ എറണാകുളം ഒരുമിന്നലിനെക്കണ്ടു. വളഞ്ഞുംപുളഞ്ഞും ആവര്‍ത്തിച്ചും ആടിയുലഞ്ഞും വാപിളര്‍ന്നും വിരല്‍ചൂണ്ടിയും വെളുത്ത നിറത്തില്‍ ഒരു കൊള്ളിയാന്‍. അതിന്റെ പേര് വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്‍ എന്നായിരുന്നു.

 അഞ്ചുവര്‍ഷമായി, ഓരോ തവണയും 'ഇനി കാവിലെ പാട്ടുമത്സരത്തിന് കാണാം' എന്നു പറഞ്ഞ് പിന്നെയും പിന്നെയും പരാജിതന്റെ എല്ലാ വിവശതകളോടെയും വിയര്‍ക്കുന്ന ഒരു മുന്നണിയുടെ ഉച്ചഭാഷിണിയാണിപ്പോള്‍ ഈ മനുഷ്യന്‍. ആറുദിവസം മുമ്പ് തൊണ്ണൂറ്റിമൂന്നിലേക്ക് നടന്നുതുടങ്ങിയ ഒരാളെ അത്രമേല്‍ ആശ്രയിക്കേണ്ടിവരുന്നതിലുണ്ട് വി.എസ്. എന്ന രണ്ടക്ഷരങ്ങളുടെ ജ്വലനശേഷി. മഴവരുന്നു എന്നുകാണിക്കാന്‍ ഒരുമിന്നലിനെ തുറന്നുവിടുകയാണ് ഇടതുപക്ഷം.

 കഞ്ഞിക്കൊപ്പം കരുനീക്കങ്ങള്‍ക്കുകൂടി പ്രിയപ്പെട്ട ഇടമായ ആലുവ പാലസില്‍നിന്നാണ് വി.എസ്. എറണാകുളത്തെ തിരഞ്ഞെടുപ്പ് പര്യടനം തുടങ്ങിയത്. തലേന്ന് ഇടുക്കിയില്‍ നിന്ന് മലയിറങ്ങിയെത്തിയപ്പോള്‍ രാത്രി വൈകി. എന്നിട്ടും എട്ടരയ്ക്ക് പ്രഭാതഭക്ഷണവും കഴിഞ്ഞ് തയ്യാര്‍. ജുബ്ബയുടെ കൈ തനിയെ തെറുത്തുകയറ്റി അടിമുടി വെള്ളയില്‍ വി.എസ്. പത്രങ്ങള്‍ക്ക് മുന്നിലിരുന്നു. പ്രായവും ഈ പോരാളിയുടെ എതിര്‍പക്ഷത്തുതന്നെ. ജുബ്ബയുടെ നിറം മുടിയിലേക്ക് പടര്‍ന്നതുപോലെയേയുള്ളൂ.

 പക്ഷക്കാര്‍ എന്നുവിളിപ്പേരുള്ളവരാരുമില്ല. ഒമ്പതുകഴിഞ്ഞപ്പോള്‍ പി. രാജീവ് എത്തി. കോതമംഗലത്തെ ആദ്യപരിപാടിയെക്കുറിച്ച് പറഞ്ഞപ്പോള്‍ റോസമ്മ പുന്നൂസിനുവേണ്ടി തേയിലക്കാടുകളില്‍ വോട്ടുനുള്ളിയ കാലം വി.എസ്. ഓര്‍ത്തെടുത്തു. അധികം വൈകാതെ 107ാം നമ്പര്‍ മുറിയില്‍നിന്ന് മുണ്ടിന്റെ കോന്തല ഇരുകയ്യിലുമേന്തി പുറത്തേക്കുനടന്നു. കാത്തുനിന്ന ചാനല്‍വൃന്ദം ലീഗിലേക്കുള്ള കോണിക്ക് എന്നും കെണിയായി നില്കുന്ന നിലപാടിനെക്കുറിച്ച് ചോദിച്ചിട്ടും വി.എസ്. നിശബ്ദനായി. കൈഉയര്‍ത്തിയും കൂപ്പിയും സഗൗരവം കാറിനകത്തേക്ക്. മുന്‍സീറ്റിനരികിലെ ചുവപ്പന്‍മാലയില്‍ ചെഗുവേര, 'കൊല്ലാം, പക്ഷേ, തോല്പിക്കാനാകില്ലെ'ന്ന് പലവട്ടം പാര്‍ട്ടിനേതൃത്വത്തോട് പറഞ്ഞ യോദ്ധാവിനെ നോക്കിക്കിടന്നു.
 തൃക്കാരിയൂരിലും വാഴക്കുളത്തും ഉമ്മന്‍ചാണ്ടിയില്‍ തുടങ്ങി വെള്ളാപ്പള്ളിയിലേക്ക് വളഞ്ഞിറങ്ങുകയായിരുന്നു വി.എസ്. വൃത്തനിബദ്ധമല്ലാത്ത ശരീരഭാഷയില്‍ വിരലുകള്‍ നിവര്‍ന്നു. കൈപ്പത്തി മടങ്ങി. 'നടേശാ' എന്ന വിളി പലവട്ടം മുഴങ്ങി. ആള്‍ക്കൂട്ടം ഇടിമുഴക്കി. അവര്‍ക്ക് അച്യുതം ഈ ആനന്ദം.

 ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ വിശ്രമത്തിനായി വീണ്ടും ആലുവയില്‍. വൈകുന്നേരം കൂടുതല്‍ പ്രഹരശേഷിയോടെ കളമശ്ശേരിയിലെയും വെളിയത്തുനാട്ടിലെയും ചെറായിയിലെയും ആകാശങ്ങളില്‍ പ്രത്യക്ഷനായി. മിന്നലുകള്‍ക്ക് മൂര്‍ച്ചയേറുന്നത് വൈകുന്നേരങ്ങളിലാണ്.