ആലുവ ഗസ്റ്റ്ഹൗസ്. പിന്നില്‍ പുതിയ വിവാദങ്ങളുടെ അലയിളക്കുന്ന ആലുവാപ്പുഴ. 101ാം നമ്പര്‍ മുറിയില്‍ സി.പി.എം.സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രാവിലെ ഏഴരയോടെതന്നെ റെഡിയായിക്കഴിഞ്ഞു.ഗസ്റ്റ്ഹൗസിന്റെ മുറ്റത്ത് വി.എസ്. നടപ്പാരംഭിച്ചിട്ടുണ്ട്. അദ്ദേഹം താഴത്തെ നിലയിലാണ് താമസം. പാര്‍ട്ടിയുടെ രണ്ട് ഉന്നത നേതാക്കള്‍ തിങ്കളാഴ്ച ഇവിടെ നിന്നാണ് പ്രചാരണം ആരംഭിച്ചത്. പുലര്‍ച്ചെ മൂന്നരയോടെയാണ് കോടിയേരി ഇവിടെയെത്തിയത്. എങ്കിലും ഇടുക്കി യാത്രയ്ക്ക് രാവിലെ തയ്യാറായിക്കഴിഞ്ഞു.

പ്രാതല്‍ കഴിച്ചെന്നു വരുത്തി കൃത്യം എട്ടുമണിയോടെ അദ്ദേഹം ഇറങ്ങി. അലക്കിത്തേച്ച വടിവൊത്ത ഖദറണിഞ്ഞ് ഗാംഭീര്യത്തോടെയുള്ള വരവ് കണ്ട് സ്വീകരണമുറിയിലിരുന്നവരെല്ലാം ചാടിയെഴുന്നേറ്റു. നേരേ വി.എസ്സിന്റെ മുറിയിലേക്ക്. രണ്ടുമിനിറ്റ് കുശലാന്വേഷണം. തിരക്കിട്ട് ഇറങ്ങി. മൂലമറ്റത്താണ് ആദ്യയോഗം.

കാറില്‍ കയറിയ ഉടന്‍ പത്രവായന തുടങ്ങി. 'മാതൃഭൂമി'യുടെ തിരഞ്ഞെടുപ്പ് പേജില്‍ വി.എസ്സിനെക്കുറിച്ച് വന്ന വാര്‍ത്ത മുഴുവന്‍ വായിച്ചു. ഇതുപോലുള്ളതാണോ നമ്മളും ഉദ്ദേശിക്കുന്നതെന്ന് ചോദ്യം. തുടര്‍ന്ന് എല്ലാ പത്രങ്ങളുടെയും തിരഞ്ഞെടുപ്പ് വാര്‍ത്തകളിലേക്ക് കണ്ണോടിച്ചു. ഏഴു പ്രചാരണയോഗങ്ങളാണ് ഇടുക്കിയിലുള്ളത്. മര്യാദയ്ക്ക് ഉറങ്ങിയിട്ട് ദിവസങ്ങളായെന്ന് കോടിയേരി. ശബ്ദം പോകാതിരിക്കാന്‍ ഇടയ്ക്കിടെ ആയുര്‍വേദ മരുന്നുകള്‍ കഴിക്കുന്നുണ്ട്. ഒന്നര മണിക്കൂറോളം നീണ്ട യാത്രയില്‍ കേരളത്തിന്റെ മതനിരപേക്ഷ അടിത്തറയെക്കുറിച്ചാണ് കോടിയേരി കൂടുതല്‍ സമയവും സംസാരിച്ചത്.

കുപ്രസിദ്ധ പ്രതി ആട് ആന്റണിയുടെ പേര് ആട് എന്നായതു നന്നായെന്നും പശു എന്നെങ്ങാനും ആയിരുന്നെങ്കില്‍ അയാളെ പിടിച്ച പോലീസുകാരെ ബി.ജെ.പി.ക്കാര്‍ കൈകാര്യം ചെയ്‌തേനെയെന്നും ഇടയ്ക്ക് തമാശ പൊട്ടിച്ചു. ഈ തിരഞ്ഞെടുപ്പ് രാഷ്ട്രീയമായ ഒരുപാട് മാറ്റങ്ങള്‍ വരുത്തുമെന്ന് കോടിയേരി പറഞ്ഞു. 1987ല്‍ എല്‍.ഡി.എഫ്. അധികാരത്തില്‍ വരില്ലെന്നായിരുന്നു എല്ലാവരും പ്രവചിച്ചിരുന്നത്. മതസാമുദായിക കക്ഷികളെല്ലാം യു.ഡി.എഫിനൊപ്പമായിരുന്നു. എന്നാല്‍, എല്‍.ഡി.എഫാണ് ഭരണത്തില്‍ വന്നത്. പിന്നാലെ ജോസഫ് വിഭാഗം കേരള കോണ്‍ഗ്രസ്സുകാര്‍ ഇടതുമുന്നണിയിലെത്തി. ഇത്തവണയും അങ്ങനെ ചിലതൊക്കെ സംഭവിക്കുമെന്നാണ് അദ്ദേഹത്തിന്റെ വാദം.
വി.എസ്സിന്റെ പ്രചാരണയോഗങ്ങളില്‍ വന്‍ ആള്‍ക്കൂട്ടമുണ്ടാകുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ വി.എസ്. ഞങ്ങളുടെ കുന്തമുനയല്ലേ അദ്ദേഹത്തെ എന്തിന് വേറിട്ടുകാണുന്നുവെന്ന് മറുചോദ്യം.

വണ്ടി മൂലമറ്റത്ത് എത്തുന്നു. ജോയ്‌സ് ജോര്‍ജ് എം.പി. പ്രസംഗിച്ചു തകര്‍ക്കുകയാണ്. രാവിലെ 9.45 ആയിട്ടേയുള്ളൂ. സാമാന്യം നല്ല ആള്‍ക്കൂട്ടമുണ്ട്. ഒട്ടും വൈകാതെ കോടിയേരിയുടെ പ്രസംഗം. നാട്ടുകാര്‍ക്ക് മനസ്സിലാകുന്ന സാധാരണകാര്യങ്ങള്‍ പറഞ്ഞാണ് നീങ്ങുന്നത്. പാര്‍ട്ടിയുടെ രീതികള്‍ മാറുകയാണെന്ന് അദ്ദേഹം വണ്ടിയില്‍വെച്ചു പറഞ്ഞത് ശരിവെക്കും വിധമാണ് പ്രസംഗം. ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രന്‍ എം.എല്‍.എ. സലാം പറഞ്ഞ് അടുത്ത യോഗസ്ഥലത്തേക്കു കുതിച്ചു.

സഖാവും ഇറങ്ങുകയാണ്. തൊടുപുഴ കഴിഞ്ഞാല്‍ ഹൈറേഞ്ച് കയറുകയാണ്. രാത്രി വണ്ടിപ്പെരിയാറിലെ യോഗം കഴിഞ്ഞ് ആലപ്പുഴയിലെ യോഗങ്ങള്‍ക്കായി ചെങ്ങന്നൂരിലേക്കാണ് യാത്ര. ബുധനാഴ്ച ഡല്‍ഹിക്ക്. പൊളിറ്റ്ബ്യൂറോ യോഗത്തില്‍ പങ്കെടുക്കാന്‍.