വണ്ടൂര്‍: വോട്ടെടുപ്പുയന്ത്രം പണിമുടക്കിയ ബൂത്തില്‍ റീപോളിങ് സംബന്ധിച്ച് വ്യക്തതവേണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പ്രിസൈഡിങ് ഓഫീസറെ തടഞ്ഞുവെച്ചു.
വണ്ടൂര്‍ പഞ്ചായത്തിലെ 23-ാം വാര്‍ഡായ കാപ്പിലിലെ രണ്ടാം ബൂത്തിലാണ് ഉദ്യോഗസ്ഥര്‍ക്കുനേരെ നാട്ടുകാര്‍ രംഗത്തെത്തിയത്. വോട്ടെടുപ്പുതുടങ്ങി ഒരു മണിക്കൂറിനകംതന്നെ ഇവിടത്തെ യന്ത്രം തകരാറിലായി. പിന്നീട് പുതിയ യന്ത്രമെത്തിയത് ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ്. പ്രതിഷേധസൂചകമായി നാട്ടുകാരില്‍ വലിയവിഭാഗം ആളുകളും വോട്ടുചെയ്യാതെ മാറിനിന്നു. രാവിലെ കുറച്ചുപേര്‍ വോട്ടുചെയ്തതുമൂലം റീപോളിങ് ഈ ബൂത്തില്‍ നടക്കില്ലെന്ന് പ്രചാരണമുണ്ടായതോടെയാണ് നാട്ടുകാര്‍ വ്യക്തത വേണമെന്നാവശ്യപെട്ട് ഉദ്യോഗസ്ഥരെ തടഞ്ഞത്. വണ്ടൂര്‍ എസ്.ഐ സനീഷ്‌കുമാറിന്റെ നേതൃത്വത്തില്‍ പോലീസെത്തിയാണ് റീപോളിങ്ങിന് ശുപാര്‍ശചെയ്ത ബൂത്തുകളില്‍ ഇതുമുണ്ടെന്നറിയിച്ച് പ്രശ്‌നം പരിഹരിച്ചത്.