തിരുനാവായ: ആതവനാട്, തിരുനാവായ പഞ്ചായത്തുകളില്‍ വോട്ടെടുപ്പ് ശാന്തമായിരുന്നു. ആതവനാട്ടെ കമ്പിവളപ്പ്, പുത്തനത്താണി, പള്ളിപ്പാറ മദ്രസ, ചെലൂര്‍ സ്‌കൂള്‍ എന്നിവിടങ്ങളില്‍ സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് കര്‍ണാടക പോലീസും കല്പകഞ്ചേരി എസ്.ഐ ആര്‍. വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും തമ്പടിച്ചിരുന്നു.
കുറുമ്പത്തൂര്‍ ഇ.പി.കെ. നഗര്‍ മദ്രസയിലെ രണ്ടാംനമ്പര്‍ ബൂത്തില്‍ വോട്ടെടുപ്പുയന്ത്രം തകരാറിലായതിനെത്തുടര്‍ന്ന് നാലുമണിക്കൂേറാളം വോട്ടെടുപ്പ് തടസ്സപ്പെട്ടു. അരമണിക്കൂര്‍ കൂടുതല്‍ സമയം അനുവദിച്ചു. ചേരൂരാല്‍ ഹൈസ്‌കൂളിലെ രണ്ടാം നമ്പര്‍ ബൂത്ത്, 13-ാം വാര്‍ഡിലെ കാരത്തൂര്‍ സ്‌കൂള്‍, 21-ാം വാര്‍ഡിലെ വൈരങ്കോട് സ്‌കൂള്‍, 19-ാം വാര്‍ഡിലെ ബൂത്ത് എന്നിവിടങ്ങളില്‍ യന്ത്രത്തകരാര്‍ മൂലം മണിക്കൂറുകളോളം വോട്ടെടുപ്പ് സ്തംഭിച്ചു. പുതിയ യന്ത്രം കൊണ്ടുവന്നാണ് പ്രശ്‌നം പരിഹരിച്ചത്. ആതവനാട് പഞ്ചായത്തിലെ കുറുമ്പത്തൂര്‍ എ.കെ.കെ. നഗര്‍ മദ്രസയിലെ ഒന്നാംനമ്പര്‍ ബൂത്ത്, എ.എം.എല്‍.പി. സ്‌കൂള്‍ ചെലൂര്‍ തെക്കുഭാഗം ബൂത്ത്, കോന്നല്ലൂര്‍ മദ്രസ ബൂത്ത് എന്നിവിടങ്ങളിലും യന്ത്രത്തകരാര്‍മൂലം വോട്ടെടുപ്പ് തടസ്സപ്പെട്ടു.
കുറുമ്പത്തൂര്‍ ഇ.പി.കെ. നഗര്‍ മദ്രസയിലും കാട്ടിലങ്ങാടി ഗവ. എല്‍.പി. സ്‌കൂളിലും ചെറിയ വാക്കുതര്‍ക്കമുണ്ടായി. ആതവനാട് പൂളമംഗലം സൈനുദ്ദീന്‍ മെമ്മോറിയല്‍ ഹൈസ്‌കൂളിലെ 1200-ഓളം വോട്ടര്‍മാര്‍ക്ക് ഒരൊറ്റ ബൂത്താണുണ്ടായിരുന്നത്. ഇതിനാല്‍ അഞ്ചുമണിക്കുശേഷം അന്‍പതോളം പേരാണ് വരിയിലുണ്ടായിരുന്നത്.
കമ്പിവളപ്പ് അങ്കണവാടിയില്‍ സ്ഥലസൗകര്യമില്ലാത്തതിനാല്‍ ഉദ്യോഗസ്ഥര്‍ ബുദ്ധിമുട്ടി. അങ്കണവാടിയിലും ഒറ്റ ബൂത്താണ് അനുവദിച്ചിരുന്നത്. ഇവിടെയും വോട്ടര്‍മാരും ഉദ്യോഗസ്ഥരും പാടുപെട്ടു.