തിരുനാവായ: വോട്ടെടുപ്പുയന്ത്രത്തിന്റെ തകരാര്‍കാരണം കുറുമ്പത്തൂര്‍ ഇ.പി.കെ. നഗര്‍ മദ്രസയിലെ രണ്ടാംനമ്പര്‍ ബൂത്തില്‍ നാലുമണിക്കൂറോളം വോട്ടെടുപ്പ് തടസ്സപ്പെട്ടു. തിരഞ്ഞെടുപ്പ് തുടങ്ങി 15 മിനിറ്റ് കഴിഞ്ഞപ്പോഴേക്കും ഗ്രാമപ്പഞ്ചായത്തിന്റെ വോട്ട് രേഖപ്പെടുത്തുന്ന യന്ത്രം തകരാറിലാവുകയായിരുന്നു. മൂന്നുപേര്‍ വോട്ട് ചെയ്തതിനുശേഷമാണ് തകരാറിലായത്. ഏജന്റുമാര്‍ വിവരം പ്രിസൈഡിങ് ഓഫീസറെ അറിയിച്ചതിനെത്തുടര്‍ന്ന് വോട്ടെടുപ്പ് നിര്‍ത്തിവെച്ചു. കണ്‍ട്രോള്‍ യൂണിറ്റിനാണ് തകരാര്‍ സംഭവിച്ചത്. പതിനൊന്നോടെ തിരൂരില്‍നിന്ന് പുതിയ യന്ത്രം കൊണ്ടുവന്നതിനുശേഷമാണ് വോട്ടെടുപ്പ് പുനരാരംഭിച്ചത്. മൂന്ന് വോട്ടര്‍മാരും പുതിയ യന്ത്രത്തില്‍ വോട്ട് രേഖപ്പെടുത്തി. അപ്പോഴേക്കും നീണ്ട വരി രൂപപ്പെട്ടിരുന്നു.