തിരൂര്‍: തിരൂര്‍ ബ്ലോക്ക്പഞ്ചായത്ത് പരിധിയിലെ ഏഴ് പഞ്ചായത്തുകളിലെ 60 ബൂത്തുകളില്‍ വോട്ടെടുപ്പുയന്ത്രം കേടായതിനെത്തുടര്‍ന്ന് വോട്ടെടുപ്പ് മുടങ്ങി. വെട്ടം പഞ്ചായത്തില്‍ 10, മംഗലത്ത് 12, തലക്കാട്ട് 8, പുറത്തൂരില്‍ 10, തൃപ്രങ്ങോട്ട് 13, തിരുനാവായയില്‍ 7 ബൂത്തുകളിലാണ് യന്ത്രം തകരാറിലായത്. ഇതില്‍ 54 കേന്ദ്രങ്ങളില്‍ പുതിയ യന്ത്രം കൊണ്ടുവന്നും വോട്ടുചെയ്യാനുള്ള സമയം നീട്ടിനല്‍കിയും പ്രശ്‌നം പരിഹരിച്ചു.
വെട്ടം പഞ്ചായത്തിലെ അഞ്ചാംവാര്‍ഡിലെ ഒന്നാംബൂത്ത്, രണ്ടാംബൂത്ത്, 13-ാം വാര്‍ഡിലെ ഒന്നാംബൂത്ത്, ഏഴാംവാര്‍ഡിലെ ഒന്നാംബൂത്ത് എന്നിവിടങ്ങളില്‍ വോട്ടെടുപ്പ് പൂര്‍ണമായി മുടങ്ങി. പുറത്തൂര്‍ പഞ്ചായത്തില്‍ പണ്ടായി എസ്.എസ്.എ ബദല്‍സ്‌കൂള്‍, എടക്കനാട് ജി.എം.യു.പി.സ്‌കൂള്‍ എന്നിവിടങ്ങളിലും വോട്ടെടുപ്പ് നടന്നില്ല.
പുറത്തൂര്‍ മുനമ്പം ജി.ഡബ്ല്യു.എല്‍.പി.സ്‌കൂളില്‍ രാവിലെ 7.15ന് ഒന്‍പത് വോട്ടുചെയ്തശേഷമാണ് യന്ത്രം തകരാറായത്. വെട്ടം പഞ്ചായത്തിലെ അഞ്ചാംവാര്‍ഡിലെ ഒന്നാം ബൂത്തില്‍ രാവിലെ 7.20ന് 24 വോട്ട് ചെയ്തശേഷമാണ് യന്ത്രം തകരാറായത്. ആറാംവാര്‍ഡിലെ പരിയാപുരം എ.എം.എല്‍.പി.സ്‌കൂളില്‍ രാവിലെ പതിനൊന്നരയോടെ യന്ത്രം തകരാറായി. ഏഴാംവാര്‍ഡിലെ പരിയാപുരം ബൂത്തിലും യന്ത്രത്തകരാര്‍ പ്രശ്‌നമുണ്ടാക്കി. 11-ാംവാര്‍ഡിലെ ആലിശ്ശേരി എ.എം.യു.പി.സ്‌കൂളില്‍ രാവിലെ ഏഴിന് കേടായ യന്ത്രം പത്തേമുക്കാലോടെ നന്നാക്കി.
പരിയാപുരം ദാറുസ്സലാം മദ്രസയില്‍ ജില്ലാപഞ്ചായത്തിലേക്ക് വോട്ടുചെയ്യേണ്ട ബാലറ്റ് യൂണിറ്റ് രാവിലെ ഏഴേമുക്കാലോടെ തകരാറിലായി. തൃപ്രങ്ങോട് പഞ്ചായത്തിലെ ആലത്തിയൂര്‍ എ.എം.എല്‍.പി.സ്‌കൂളില്‍ യന്ത്രം ഒരുമണിക്കൂര്‍ കേടായി. പറവണ്ണ ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഒന്നാംബൂത്തിലും പുറത്തൂര്‍ പടിഞ്ഞാറെക്കര നായര്‍തോട് അങ്കണവാടിയിലെ രണ്ടാംബൂത്തിലും യന്ത്രം കേടായി.
വാക്കാട് എ.എം.എല്‍.പി.സ്‌കൂളിലെ രണ്ടാംബൂത്തില്‍ മൂന്നരമണിക്കൂര്‍ വോട്ടെടുപ്പ് മുടങ്ങി. പുറത്തൂര്‍ മത്സ്യഭവന്‍ ബൂത്തില്‍ യന്ത്രം കേടായെങ്കിലും ഉടന്‍ പരിഹരിച്ചു. നിറമരുതൂര്‍ ഉണ്യാല്‍ ജ്ഞാനപ്രഭ സ്‌കൂളിലെ രണ്ടാംബൂത്തില്‍ യന്ത്രത്തകരാര്‍ കാരണം അരമണിക്കൂര്‍ വോട്ടെടുപ്പ് മുടങ്ങി.