തേഞ്ഞിപ്പലം: പഞ്ചായത്തിലെ 12 ാം വാര്‍ഡിലെ ഒന്നാംബൂത്തില്‍ അഞ്ചര മണിക്കൂറോളം വോട്ടെടുപ്പ് തടസ്സപ്പെട്ടു. വോട്ടുകള്‍ യന്ത്രത്തില്‍ രേഖപ്പെടുത്താത്തതായിരുന്നു പ്രശ്‌നം. പാണമ്പ്രയിലെ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലെ ബൂത്തില്‍ രാവിലെ മൂന്നുപേര്‍ വോട്ട് ചെയ്‌തെങ്കിലും യന്ത്രത്തില്‍ രേഖപ്പെടുത്തിയില്ല. 11മണിക്ക് പുതിയ വോട്ടെടുപ്പ് യന്ത്രമെത്തിച്ചു. പക്ഷേ, ഇതിലും വോട്ട് ചെയ്യുമ്പോള്‍ തകരാറുണ്ടെന്ന സന്ദേശമാണ് കാണിച്ചത്.
തുടര്‍ന്ന് സ്ഥാനാര്‍ഥികളും ഏജന്റുമാരും വോട്ട് ചെയ്യാനെത്തിയവരും ഉദ്യോഗസ്ഥരുമായി തര്‍ക്കിച്ചു. തിരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്നും ആവശ്യമുയര്‍ന്നു. തേഞ്ഞിപ്പലം എസ്.ഐ. പി.എം. രവീന്ദ്രനും സംഘവും സ്ഥലത്തെത്തി. പുതിയയന്ത്രം എത്തിച്ച് ഒരുമണിയോടെയാണ് വോട്ടെടുപ്പ് തുടങ്ങിയത്. പ്രിസൈഡിങ് ഓഫീസര്‍ സ്ഥാനാര്‍ഥികളുമായും രാഷ്ട്രീയകക്ഷി നേതാക്കളുമായും സംസാരിച്ച് രാത്രി ഏഴുമണിവരെ സമയം അനുവദിക്കുകയായിരുന്നു.