തേഞ്ഞിപ്പലം: ചേലേമ്പ്രയിലെ പത്തുവാര്‍ഡുകളില്‍ വോട്ടെടുപ്പുയന്ത്രം തകരാറിലായി. എട്ടുമണിക്കൂറിലേറെയാണ് 16ാം വാര്‍ഡിലെ ഒന്നാംബൂത്തില്‍ പോളിങ് തടസ്സപ്പെട്ടത്. വൈകീട്ട് മൂന്നരയോടെ മാത്രമേ ഇവിടെ വോട്ടെടുപ്പ് തുടങ്ങിയുള്ളൂ. അഞ്ചുമണിവരെ വോട്ടുചെയ്തതാകട്ടെ 114 പേര്‍ മാത്രം.
18ാംവാര്‍ഡിലെ രണ്ടാംബൂത്തില്‍ രാവിലെ 7.20വരെ എട്ടുപേര്‍ വോട്ട് രേഖപ്പെടുത്തി. പിന്നീട് യന്ത്രം കേടായി. വരണാധികാരി ഉച്ചയോടെ സ്ഥലത്തെത്തി. പക്ഷേ പുതിയ വോട്ടിങ്യന്ത്രങ്ങള്‍ പ്രാദേശിക രാഷ്ട്രീയ മുന്നണിയുടെ കാറില്‍ കൊടുത്തയച്ചത് തര്‍ക്കത്തിനിടയാക്കി. തിരഞ്ഞെടുപ്പുദ്യോഗസ്ഥരോ പോലീസോ ഇല്ലാതെയാണ് യന്ത്രങ്ങള്‍ കൊടുത്തയച്ചതെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും യു.ഡി.എഫ്. പ്രവര്‍ത്തകര്‍ വാദിച്ചു. ആറുമണിക്കൂര്‍ വോട്ടിങ് മുടങ്ങിയ ഇവിടെ കുറഞ്ഞത് അഞ്ചുമണിക്കൂറെങ്കിലും അധികം അനുവദിക്കണമെന്ന ആവശ്യം തിരഞ്ഞെടുപ്പുദ്യോഗസ്ഥര്‍ തള്ളി. തുടര്‍ന്ന് ജില്ലാകളക്ടറെയും തിരഞ്ഞെടുപ്പ് കമ്മിഷനെയും ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് മാറ്റിവെയ്ക്കാന്‍ തീരുമാനിച്ചു.
ഒന്നാംവാര്‍ഡിലെ പെരുന്തൊടിപ്പാടം എ.എം.എല്‍.പി.എസ്, രണ്ടിലെ പൊയില്‍ത്തൊടി മദ്രസ, മൂന്നാംവാര്‍ഡിലെ ഇടിമുഴിക്കല്‍ സ്‌കൂള്‍, അഞ്ച്, ഒന്‍പത് വാര്‍ഡുകളിലെ അങ്കണവാടികള്‍, 11, 17 വാര്‍ഡുകളിലെ ചേലൂപ്പാടം എ.എം.എം.യു.പി.എസ്, 12ാംവാര്‍ഡിലെ കൊളക്കാട്ടുചാലി സ്‌കൂള്‍ ബൂത്തുകളിലെല്ലാം വോട്ടിങ് യന്ത്രങ്ങള്‍ പണിമുടക്കി.
തേഞ്ഞിപ്പലം പഞ്ചായത്തിലെ മൂന്നാംവാര്‍ഡായ ഇല്ലത്ത്, ഏഴാംവാര്‍ഡായ ദേവതിയാല്‍ എന്നിവിടങ്ങളിലെ ബൂത്തുകളിലും യന്ത്രത്തകരാര്‍കാരണം വോട്ടെടുപ്പ് വൈകി.