പട്ടിക്കാട്: യന്ത്രത്തകരാര്‍മൂലം വെട്ടത്തൂര്‍, കീഴാറ്റൂര്‍ പഞ്ചായത്തുകളിലെ ചില ബൂത്തുകളില്‍ വോട്ടെടുപ്പ് നീണ്ടു.
വെട്ടത്തൂര്‍ പഞ്ചായത്തിലെ 7, 8, 10 വാര്‍ഡുകളിലെ ബൂത്തുകളില്‍ യന്ത്രത്തകരാര്‍മൂലം പകല്‍ പന്ത്രണ്ടിനാണ് വോട്ടെടുപ്പ് തുടങ്ങിയത്. ഇവിടങ്ങളില്‍ വൈകീട്ട് ഏഴുവരെ വോട്ടെടുപ്പ് നടന്നു.
14-ാം വാര്‍ഡ് മണ്ണാര്‍മല പീടികപ്പടിയില്‍ ഒന്നാംബൂത്തില്‍ രണ്ടുമണിക്കൂര്‍ വൈകി. 11-ാം വാര്‍ഡ് മേല്‍ക്കുളങ്ങരയില്‍ വോട്ടെടുപ്പ് തുടങ്ങി ഒമ്പതുപേര്‍ വോട്ട് ചെയ്തതിനുശേഷം യന്ത്രം പണിമുടക്കുകയായിരുന്നു. പിന്നീട് ഒന്നിനാണ് വോട്ടെടുപ്പ് തുടങ്ങിയത്. വൈകീട്ട് ഏഴോടെയാണ് വോട്ടെടുപ്പ് അവസാനിച്ചത്.
കീഴാറ്റൂര്‍ പഞ്ചായത്തിലെ എട്ടാംവാര്‍ഡ് ആനപ്പാംകുഴി ഒന്നാംബൂത്തില്‍ അഞ്ചരമണിക്കൂര്‍ വൈകിയാണ് വോട്ടെടുപ്പ് തുടങ്ങിയത്. പൂന്താവനം എ.എം.എല്‍.പി.സ്‌കൂളിലെ ഒന്നാം ബൂത്തിലും യന്ത്രത്തകരാര്‍മൂലം വോട്ടെടുപ്പ് തടസ്സപ്പെട്ടു.