മലപ്പുറം: ചതുരംഗ കളത്തില്‍  ആസൂത്രിതമായി നടത്തിയ നീക്കങ്ങളോടെ നേടിയെടുത്ത വിജയമാണു മലപ്പുറത്തു രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വന്തമാക്കിയത്. ജില്ലാ പഞ്ചായത്ത്, ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളിലും നഗരസഭയിലും യുഡിഎഫ് ഭരണം ഉറപ്പിച്ചെങ്കിലും പല സ്ഥലങ്ങളിലും ഇടത് മുന്നണിയും ബിജെപിയും മുന്നേറ്റം നടത്തിയത് ലീഗിനു കനത്ത പ്രഹരമായി.

94 പഞ്ചായത്തുകളില്‍ 61 ലും യുഡിഎഫ് ഭരണം ഉറപ്പിച്ചു. 12 നഗരസഭകളില്‍ ഒന്‍പതെണ്ണത്തില്‍ യുഡിഎഫും മൂന്നെണ്ണത്തില്‍ എല്‍ഡിഎഫും  വിജയിച്ചു. എന്നാല്‍, ശക്തികേന്ദ്രമായ കൊണ്ടോട്ടിയില്‍ ലീഗിനു കനത്ത പ്രഹരമേല്‍പ്പിക്കാന്‍ കോണ്‍ഗ്രസ്, ഇടത് കക്ഷികള്‍ നേതൃത്വം നല്‍കുന്ന മതേതര വികസന മുന്നണിക്കു കഴിഞ്ഞു. പല സ്ഥലങ്ങളിലും ലീഗ്‌കോണ്‍ഗ്രസ് മുന്നണി സംവിധാനം തകരുന്ന കാഴ്ചയും കാണാന്‍ കഴിഞ്ഞു. ഇവിടെ കോണ്‍ഗ്രസ്-ഇടതു കൂട്ടുകെട്ടില്‍ 17 പേര്‍ സ്വതന്ത്രരായും സിപിഎമ്മില്‍ നിന്നു മൂന്നു പേരും വിജയിച്ചു. അതേ സമയം ലീഗ് നേതൃത്വം നല്‍കുന്ന മുന്നണിക്കു 20 സീറ്റുകള്‍ ഒറ്റയ്ക്കു നേടാന്‍ കഴിഞ്ഞതു ഭരണം ആര്‍ക്കെന്ന പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. 

പുതിയതായി രൂപവത്കരിച്ച അഞ്ച് നഗരസഭകളില്‍ മൂന്നെണ്ണം ലീഗിന്റെ നേതൃത്വത്തില്‍ യുഡിഎഫിനാണ്. പെരിന്തല്‍മണ്ണയില്‍ എല്‍.ഡി.എഫ് ഭരണം നിലനിര്‍ത്തി. എന്നാല്‍, താനൂര്‍ നഗരസഭയില്‍ എല്‍ഡിഫിന് ഒരു സീറ്റു പോലും നേടിയെടുക്കാന്‍ കഴിഞ്ഞില്ല.

പകരം എട്ട് സീറ്റില്‍ വിജയം നേടി ബിജെപി പ്രതിപക്ഷ സ്ഥാനം പിടിച്ചെടുത്തത് ശ്രദ്ധേയമായി. ലീഗ്-കോണ്‍ഗ്രസ് നേര്‍ക്കു നേര്‍ പോരാട്ടങ്ങള്‍ മുതലാക്കി ഇടതുപക്ഷവും ബിജെപിയും വാര്‍ഡുകള്‍ പിടിച്ചെടുത്ത കാഴ്ചകള്‍ കാണാന്‍ കഴിഞ്ഞു. വാഴക്കാട്, ചേലേമ്പ്ര അടക്കമുള്ള ആറ് പഞ്ചായത്തുകളില്‍ ജനകീയ വികസന മുന്നണി കരുത്തുകാട്ടി.

തിരൂര്‍ നഗരസഭയില്‍ എല്‍ഡിഎഫ് 19 സീറ്റും യുഡിഎഫ് 18 സീറ്റും നേടി. നഗരസഭ ആര് ഭരിക്കണമെന്നു തീരുമാനിക്കുന്നതു ഒരു സീറ്റു നേടിയ ബിജെപിയാകും. പരപ്പനങ്ങാടി നഗരസഭയില്‍ ബിജെപി എട്ട് സീറ്റുകള്‍ നേടി. ലീഗിന് സീറ്റുകള്‍ നഷ്ടമായതു പുതിയ കാര്യമല്ലെന്നു കൈവിട്ടു പോയതെല്ലാം തിരിച്ചു പിടിച്ചിട്ടുണ്ടെന്നു മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.