കല്പകഞ്ചേരി: വളവന്നൂര്‍ പഞ്ചായത്ത് 10-ാം വാര്‍ഡില്‍ അല്ലൂര്‍ എ.എം.എല്‍.പി. സ്‌കൂളിലെ രണ്ടാം ബൂത്തില്‍ എല്‍.ഡി.എഫ്, യു.ഡി.എഫ്. പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. താനൂര്‍ ബ്ലോക്ക്പഞ്ചായത്ത് എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി രാധ മൂത്തേടത്തിന്റെ ഏജന്റ് തയ്യില്‍ ഫാത്തിമയെ മര്‍ദനമേറ്റ് തിരൂര്‍ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. മുസ്ലിംലീഗ് പ്രവര്‍ത്തകരായ ആയപ്പള്ളി അബ്ദുസലാം, ആയപ്പള്ളി മന്‍സൂര്‍, തയ്യില്‍ നൗഷാദ്, പുഴക്കാട്ടില്‍ മുഹമ്മദ്ഷാഫി എന്നിവരെ വളാഞ്ചേരി നടക്കാവില്‍ ആസ്​പത്രിയിലും പ്രവേശിപ്പിച്ചു.
11 മണിക്കാണ് സംഭവം. ഓപ്പണ്‍വോട്ട് ചെയ്യാന്‍ കൊണ്ടുവന്ന ഒരു വോട്ടര്‍ക്ക് സ്വന്തമായി വോട്ടുചെയ്യാന്‍ കഴിയുമെന്ന് വനിതാ ഏജന്റ് വാദിച്ചപ്പോള്‍ യു.ഡി.എഫ്. പ്രവര്‍ത്തകര്‍ ഏജന്റിനെ മര്‍ദിക്കുകയായിരുന്നുവെന്നാണ് എല്‍.ഡി.എഫ്. പ്രവര്‍ത്തകര്‍ പറയുന്നത്. എന്നാല്‍, വോട്ടഭ്യര്‍ഥിച്ച വനിതാ ഏജന്റടക്കമുള്ളവര്‍ അതു തടഞ്ഞപ്പോള്‍ ആക്രമിക്കുകയായിരുന്നുവെന്നാണ് യു.ഡി.എഫുകാര്‍ പറയുന്നത്.
സംഭവത്തില്‍ പ്രതിഷേധിച്ച് അല്ലൂരില്‍ സി.പി.എം. പ്രതിഷേധപ്രകടനവും യോഗവും നടത്തി. ജില്ലാകമ്മിറ്റി അംഗം വി.പി. സക്കറിയ, വളവന്നൂര്‍ ലോക്കല്‍കമ്മിറ്റി സെക്രട്ടറി ശ്രീനിവാസന്‍ വാരിയത്ത്, ആയപ്പള്ളി ഷമീര്‍ബാബു, വി. പ്രേംകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.