എടവണ്ണപ്പാറ: വാഴക്കാട് പഞ്ചായത്തിലെ ചാലിയപ്പുറം, മുണ്ടുമുഴി, വാഴക്കാട്, വാലില്ലാപുഴ, എളമരം, മപ്രം, എടവണ്ണപ്പാറ, പണിക്കരപ്പുറായ, ചെറുവായൂര്‍, ചൂരപ്പട്ട എന്നീ വാര്‍ഡുകളിലെ വോട്ടിങ് യന്ത്രങ്ങള്‍ തകരാറിലായി.
ഇതില്‍ ചാലിയപ്പുറം വാര്‍ഡിലാണ് പ്രശ്‌നം രൂക്ഷമായത്. യന്ത്രത്തിന്റെ തുടര്‍ച്ചയായ തകരാറുകള്‍കൊണ്ട് മണിക്കൂറുകളോളം ഇവിടെ വോട്ടെടുപ്പ് മുടങ്ങി. രാവിലെ വോട്ടെടുപ്പ് തുടങ്ങി അരമണിക്കൂറിനുള്ളില്‍തന്നെ യന്ത്രം കേടുവന്നു. രണ്ടരമണിക്കൂറിനുശേഷം നന്നാക്കിയെങ്കിലും ഉച്ചയ്ക്ക് ഒരുമണിക്ക് വീണ്ടും തകരാറിലായി. പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തില്‍ നാലഞ്ചുതവണ യന്ത്രം മാറ്റിയെങ്കിലും പലപ്പോഴായി വീണ്ടും തകരാറിലായി. പിന്നീട് സാങ്കേതികവിദഗ്ധര്‍ പുതിയയന്ത്രം കൊണ്ടുവന്ന് വൈകുന്നേരം നാലരയോടെയാണ് വോട്ടെടുപ്പ് പുനരാരംഭിച്ചത്. വയോധികരും സ്ത്രീകളും ഉള്‍പ്പെടെയുള്ളവര്‍ക്ക് മണിക്കൂറുകളോളം ബൂത്തില്‍ ചിലവഴിക്കേണ്ടി വന്നു. വൈകുന്നേരം ആറുമണിക്കാണ് വോട്ടെടുപ്പ് അവസാനിച്ചത്.