എടവണ്ണ: കോണ്‍ഗ്രസ്-ലീഗ്, ലീഗ്-ലീഗ് സൗഹൃദമത്സര വാര്‍ഡുകളില്‍ വോട്ടെടുപ്പുരംഗം ആവേശത്തിലമര്‍ന്നു.
ലീഗില്‍ സൗഹൃദമത്സരം നടക്കുന്ന പത്തപ്പിരിയം വാര്‍ഡില്‍ സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും തിരക്കിലായിരുന്നു. വോട്ടെടുപ്പ് നടക്കുന്ന പത്തപ്പിരിയം ജി.എം.എല്‍.പി.സ്‌കൂളിലെ ഇരു ബൂത്തുകളിലും സ്ത്രീകളുള്‍പ്പെടെയുള്ളവരുടെ നീണ്ടനിരയുണ്ടായി.
ലീഗിലെ എ. അഹമ്മദ്കുട്ടിയും എന്‍. ഉസ്മാന്‍ മദനിയുമാണ് ഇവിടെ സൗഹൃദമത്സരം നടത്തുന്നത്. എല്‍.ഡി.എഫ് ജനകീയമുന്നണിയിലെ മുഹമ്മദ്‌സലീമും ബി.ജെ.പിയിലെ ഹരീഷ് കോട്ടൂരും ജനവിധി തേടുന്നുണ്ട്.
യു.ഡി.എഫ്. സ്ഥാനാര്‍ഥിയായിരുന്ന ലീഗിലെ റസിയ ബഷീര്‍ 255 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഈ വാര്‍ഡില്‍ കഴിഞ്ഞതവണ ജയിച്ചത്. ത്രികോണമത്സരത്തില്‍ തികഞ്ഞ വിജയപ്രതീക്ഷയിലാണ് എല്‍.ഡി.എഫ്.
ലീഗ്-കോണ്‍ഗ്രസ് സൗഹൃദമത്സരം നടക്കുന്ന ഐന്തൂരിലും സ്ഥിതി വ്യത്യസ്തമല്ല. കാര്‍ഷികമേഖലയായ ഐന്തൂര്‍ ഗ്രാമം കൊടിതോരണങ്ങളാല്‍ നിറഞ്ഞു. കഴിഞ്ഞതവണ യു.ഡി.എഫ്. സ്ഥാനാര്‍ഥി കോണ്‍ഗ്രസിലെ റസീന അയൂബ് 248 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. ഇത്തവണ വിജയപ്രതീക്ഷയാണ് എല്‍.ഡി.എഫിന്.
ലീഗ്-കോണ്‍ഗ്രസ് സൗഹൃദമത്സരമുള്ള ഏഴുകളരിയിലും ഉച്ചയ്ക്കുമുന്‍പേ 50 ശതമാനത്തിലേറെ വോട്ടുകള്‍ ചെയ്തു. കഴിഞ്ഞതവണ യു.ഡി.എഫ്. സ്ഥാനാര്‍ഥി കോണ്‍ഗ്രസിലെ വി. ഷര്‍മിള 465 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഇവിടെ ജയിച്ചത്. ഈ ഭൂരിപക്ഷം അട്ടിമറിക്കാന്‍ എല്‍.ഡി.എഫിന് കഴിയില്ലെന്ന ഉറച്ച വിശ്വാസമാണ് പഞ്ചായത്ത് യു.ഡി.എഫ്. നേതൃത്വം പ്രകടിപ്പിക്കുന്നത്. ലീഗോ കോണ്‍ഗ്രസോ ഇവിടെ ജയിച്ചുവരുമെന്നാണ് വാദം.
യു.ഡി.എഫ്. സ്ഥാനാര്‍ഥി ലീഗിലെ എ. ഷറഫുദ്ദീനെതിരെ കോണ്‍ഗ്രസ് വിമതന്‍ രംഗത്തുള്ള കുണ്ടുതോടിലും ആവേശം ഏറെയായി.
കഴിഞ്ഞതവണ യു.ഡി.എഫ് സ്ഥാനാര്‍ഥി ലീഗിലെ പി. വിമലയ്ക്ക് 98 വോട്ടിന്റെ ഭൂരിപക്ഷമാണ് ഇവിടെയുള്ളത്. ത്രികോണമത്സരമായതോടെ അനായാസവിജയം നേടാനാകുമെന്ന ശുഭപ്രതീക്ഷയിലാണ് ഇവിടെ എല്‍.ഡി.എഫ്.